


കൊച്ചി : മലയിടംതുരുത്ത് പാര്യാത്തുകാവ് ഭൂമിപ്രശ്നത്തിൽ മുഖ്യമന്ത്രി വിഡി സതീശൻ നിയമസഭയിൽ നടത്തിയ പ്രസ്താവന തികച്ചും വസ്തുതാവിരുദ്ധമാണെന്ന് ആരോപിച്ച് ഉന്നതി നിവാസികൾ രംഗത്ത്. പാര്യാത്തുകാവിൽ നിന്ന് തങ്ങളെ കുടിയൊഴിപ്പിക്കാനുള്ള ഒരു നീക്കവും യാതൊരു കാരണവശാലും അനുവദിക്കില്ലെന്നും, നിലവിൽ സർക്കാർ മുന്നോട്ടുവെക്കുന്ന പുനരധിവാസ പാക്കേജ് തങ്ങൾ സമ്മതിച്ചിട്ടില്ലെന്നും ജനങ്ങൾ വ്യക്തമാക്കുന്നു.
നിയമസഭയിൽ വിപി സജീന്ദ്രൻ എംഎൽഎ ഉന്നയിച്ച ശ്രദ്ധ ക്ഷണിക്കലിന് മറുപടിയായാണ് പാര്യാത്തുകാവിലെ കുടുംബങ്ങൾക്ക് മറ്റൊരു സ്ഥലം നൽകി വീട് നിർമ്മിച്ചുനൽകാൻ സർക്കാർ തയ്യാറാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്. എന്നാൽ ഉന്നതി നിവാസികൾ ഇതിന് ഒരിടത്തും സമ്മതം അറിയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നും അവർ ആരോപിക്കുന്നു. താമസ സ്ഥലം സർക്കാർ പുറമ്പോക്കാണെന്ന് തെളിയിക്കാൻ 19 ഏക്കറോളം ഭൂമി റവന്യൂ അധികൃതർ അളന്നുതിട്ടപ്പെടുത്തണമെന്നാണ് തങ്ങളുടെ പ്രധാന ആവശ്യമെന്നും, അവിടം വിട്ട് ഒഴിഞ്ഞുപോകില്ലെന്നുമാണ് ഇവരുടെ നിലപാട്.
കുടിയൊഴിപ്പിക്കൽ ശ്രമത്തിനിടെ പ്രദേശത്ത് യാതൊരുവിധ പൊലീസ് അതിക്രമവും ഉണ്ടായിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തികച്ചും പരിഹാസ്യമാണെന്ന് ഉന്നതി നിവാസികൾ ചൂണ്ടിക്കാട്ടുന്നു. പൊലീസ് അഴിച്ചുവിട്ട ക്രൂരമായ അതിക്രമങ്ങളുടെ ദൃശ്യങ്ങൾ ദൃശ്യമാധ്യമങ്ങളിലൂടെ കേരളം മുഴുവൻ കണ്ടതാണ്. പ്രായമായ സ്ത്രീകളെയും രോഗികളെയും വരെ പൊലീസ് ക്രൂരമായി വലിച്ചിഴയ്ക്കുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. പരുകേറ്റ നിരവധിപേരെ ഇപ്പോഴും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തർക്കസ്ഥലത്തോട് ചേർന്നുള്ള 19 ഏക്കർ ഭൂമി അളന്നാൽ അത് പുറമ്പോക്കാണെന്ന് തെളിയുമെന്ന നിലപാടിൽ സമരക്കാർ ഉറച്ചുനിൽക്കുകയാണ്. സുപ്രീം കോടതി വിധി മറികടന്ന് ഭൂമി അളക്കാൻ കോടതി അനുവദിക്കുമോയെന്ന് കണ്ടറിയണം. രണ്ട് വ്യക്തികൾ തമ്മിലുള്ള തർക്കമായതിനാൽ ഈ വിഷയത്തിൽ സർക്കാരിന്റെ ഇടപെടലിനും ചില പരിമിതികളുണ്ട്.
അതേസമയം, പാര്യാത്തുകാവിനായി കേസിൽ കോടതി നിശ്ചയിച്ച രണ്ട് ആഴ്ചത്തെ സമയപരിധി അവസാനിക്കാനിരിക്കെ, കേസ് ഇന്ന് വീണ്ടും കോടതി പരിഗണിക്കും. എന്നാൽ പുനരധിവാസത്തെക്കുറിച്ച് ചർച്ചചെയ്യേണ്ട കാര്യമില്ലെന്ന നിലപാടിലാണ് സമരക്കാർ. ഇതേസമയം, പുനരധിവാസത്തിനായി ഓരോ കുടുംബത്തിനും 40 സെന്റ് സ്ഥലം വിട്ടുനൽകാൻ തയ്യാറായിരുന്നുവെന്നും അങ്ങനെ ലഭിക്കുന്ന സ്ഥലത്ത് സർക്കാർ വീട് നിർമ്മിച്ച് നൽകുമെന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ ഉദ്ദേശിച്ചതെന്നും വിപി സജീന്ദ്രൻ വ്യക്തമാക്കുന്നു.
പ്രശ്നപരിഹാരത്തിനായി ഓരോ കുടുംബത്തിനും 40 സെന്റ് സ്ഥലം വീതം നൽകി വിഷയം രമ്യമായി പരിഹരിക്കാനുള്ള സന്നദ്ധത കേസിലെ എതിർകക്ഷികൾ അറിയിച്ചിരുന്നു. എന്നാൽ മുൻ എംഎൽഎ പിവി ശ്രീനിജൻ ഈ നീക്കം ഉന്നതി നിവാസികളെക്കൊണ്ട് അംഗീകരിപ്പിക്കാതെ സമരം ആളിക്കത്തിക്കാനാണ് ശ്രമിച്ചതെന്ന് ആരോപണമുണ്ട്. രണ്ട് വർഷം മുൻപ് തീരേണ്ട പ്രശ്നമായിരുന്നു ഇതെന്നും രാഷ്ട്രീയ താത്പര്യങ്ങൾ മുൻനിർത്തിയാണ് വിഷയം വഷളാക്കിയതെന്നും വിപി സജീന്ദ്രൻ ആരോപിക്കുന്നു.