


ചെന്നൈ : തമിഴ്നാട് രാഷ്ട്രീയത്തിൽ നാടകീയ നീക്കങ്ങൾ തുടരുന്നു. സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് ഗവർണർ സ്വീകരിച്ച നിലപാടിനെതിരെ തമിഴ് വെട്രി കഴകം( ടിവികെ) കോടതിയെ സമീപിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നിലവിൽ കേവല ഭൂരിപക്ഷമില്ലെങ്കിലും, സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്നാണ് ടിവികെ വ്യക്തമാക്കുന്നത്.
വിജയ് സമർപ്പിച്ച സർക്കാർ രൂപീകരണത്തിനുള്ള അവകാശവാദം ഗവർണർ രാജേന്ദ്ര അർലേക്കർ രണ്ടാം ദിവസവും തള്ളിയിരുന്നു. തുടർച്ചയായ രണ്ടാം ദിനവും രാജ്ഭവനിലെത്തി വിജയ് ഗവർണറെ കണ്ടെങ്കിലും, കേവല ഭൂരിപക്ഷത്തിന് ആവശ്യമായ പിന്തുണ തെളിയിക്കാൻ ഗവർണർ നിർദ്ദേശിക്കുകയായിരുന്നു. ഇതോടെയാണ് നിയമനടപടികളിലേക്ക് കടക്കാന്‍ ടിവികെ നേതൃത്വത്തെ പ്രേരിപ്പിക്കുന്നത്.
ഇതിനിടെ ഡി.എം.കെ ഉൾപ്പെടെയുള്ള പ്രമുഖ പാർട്ടികൾ വിജയ്യുടെ നിലപാടിന് പിന്തുണയുമായി രംഗത്തെത്തി. ജനവിധിയെ അവഹേളിക്കുന്നതാണ് ഗവർണറുടെ നടപടിയെന്ന് ഡിഎംകെ വിമർശിച്ചു. ഡിഎംകെ സഖ്യകക്ഷികളായ സിപിഐ, സിപിഐ, വിടുതലൈ ചിരുതൈകൾ കക്ഷി (വിസികെ) എന്നിവരും ടിവികെയെ പിന്തുണച്ചു. ഭൂരിപക്ഷം തെളിയിക്കേണ്ടത് നിയമസഭയിലാണെന്നും അല്ലാതെ രാജ്ഭവനിലല്ലെന്നും വിസികെ അധ്യക്ഷൻ തോൾ തിരുമാവളവൻ പറഞ്ഞു. വിജയ്യുടെ അവകാശവാദം അംഗീകരിക്കാൻ ഗവർണർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നടൻ കമൽ ഹാസനും വിജയ്യുടെ നീക്കങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
വലിയ മുന്നേറ്റമുണ്ടാക്കിയെങ്കിലും ഭരണം പിടിക്കാനുള്ള 118 സീറ്റുകളുടെ മാന്ത്രിക ഭൂരിപക്ഷത്തിലേക്ക് ടിവികെ എത്താനായിരുന്നില്ല. 234 ല്‍ 108 സീറ്റുകളാണ് ടിവികെ നേടിയത്. 11 പേരുടെ പിന്തുണ ഇനിയും വേണം. ഡിഎംകെ 59, എഡിഎംകെ 47, കോൺഗ്രസ് 5, പിഎംകെ 4, മുസ് ലിം ലീഗ് 2, സിപിഐ 2, സിപിഎം 2 എന്നിങ്ങനെയാണ് മറ്റുകണക്കുകൾ.