


കൊച്ചി : ജനറൽ ബോഡിയിലുണ്ടായ തർക്കത്തെ തുടർന്ന് ‘അമ്മ’ ഭരണസമിതി രാജിവച്ചു. ഭരണസമിതിയിലെ എല്ലാ അംഗങ്ങളും രാജിവച്ചു. പ്രസിഡന്റ് ശ്വേത മേനോൻ, ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ ഉൾപ്പെടെ 13 അംഗ ഭരണസമിതിയാണ് രാജിവച്ചത്. ചുമതലയേറ്റ് ഒരു വർഷം തികയുന്നതിന് മുൻപാണ് ഭരണസമിതിയുടെ രാജി.
ജനറല്‍ ബോഡി യോഗത്തിനിടെ വേദിയില്‍ കയറി ശ്വേത രാജി സന്നദ്ധത അറിയിക്കുകയായിരുന്നു. നിലവിലെ ഭരണസമിതി രാജിവച്ചതോടെ അഡ്ഹോക്ക് കമ്മിറ്റി ഭരണം മുന്നോട്ട് കൊണ്ടുപോകും. അവിശ്വാസ പ്രമേയം വന്നതിന് പിന്നാലെയാണ് ഭരണസമിതിയുടെ രാജി.
താന്‍ ബിജെപിക്കോ കോണ്‍ഗ്രസിനോ അനുകൂലമായി ഒന്നും തീരുമാനിച്ചിട്ടില്ലെന്ന് വേദിയില്‍ ശ്വേത പറഞ്ഞു. താരങ്ങള്‍ സ്ഥാനാര്‍ത്ഥികള്‍ ആയതില്‍ തനിക്ക് ബന്ധമില്ലെന്നും അത്തരം ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്നും ശ്വേത കൂട്ടിച്ചേര്‍ത്തു.
രാജി സന്നദ്ധത അറിയിച്ച ശേഷം ശ്വേത വേദിയില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ വീണ്ടും വിശദീകരിക്കാനുള്ള അവസരം സംഘടന അംഗങ്ങള്‍ നല്‍കിയിരിക്കുകയാണ്. ഭരണസമിതി പിരിച്ചുവിടണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. അംഗങ്ങൾ തമ്മിൽ വൻ തർക്കമുണ്ടായി.
സംഘടനയുടെ പേര് ജനങ്ങൾക്ക് മുൻപിൽ ചീഞ്ഞളിഞ്ഞെന്നും പേര് ചീത്തയാക്കിയത് സംഘടനയ്ക്ക് ഉള്ളിലുള്ളവരാണെന്നും ആരോപണമുയർന്നു. ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ അവതരിപ്പിച്ച വാർഷിക റിപ്പോർട്ടിലെ വരവ് ചെലവ് കണക്കുകളിൽ വ്യക്തതയില്ലെന്ന് ആരോപിച്ച് സിദ്ദിഖ്, ബാബുരാജ്, ഇടവേള ബാബു എന്നിവരടങ്ങുന്ന പ്രമുഖർ റിപ്പോർട്ട് പാസാക്കാൻ സമ്മതിക്കാതെ രംഗത്തെത്തി.
കണക്കുകളിൽ പിഴവുകളുള്ള റിപ്പോർട്ട് അംഗീകരിക്കാൻ കഴിയില്ലെന്ന് രൺജി പണിക്കരും വ്യക്തമാക്കി. തുടർന്ന് വിഷയം പഠിക്കാൻ 45 ദിവസത്തെ സമയം വേണമെന്ന് പ്രസിഡന്റ് ശ്വേത മേനോൻ ആവശ്യപ്പെടുകയും ചെയ്തു. അംഗങ്ങൾ തമ്മിൽ പരസ്പരം തർക്കം രൂക്ഷമായതോടെ, ഈ വിഷയത്തിൽ സംഘടനയുടെ മുൻ പ്രസിഡന്റ് മോഹൻലാൽ കൃത്യമായ നിലപാട് വ്യക്തമാക്കണമെന്ന് കെ ബി ഗണേഷ് കുമാർ ആവശ്യപ്പെട്ടു.
ഇതേത്തുടർന്ന് യോഗത്തിൽ അതീവ വൈകാരികമായാണ് മോഹൻലാൽ സംസാരിച്ചത്. വ്യക്തിപരമായ ഭിന്നതകൾ എന്തുതന്നെ ഉണ്ടായാലും ഈ സംഘടനയെ ഒരു തരത്തിലും തകർക്കാൻ ആർക്കും കഴിയില്ലെന്ന് അദ്ദേഹം യോഗത്തിൽ ഉറപ്പിച്ചു പറഞ്ഞു. കേരള സമൂഹത്തിൽ അമ്മയെന്ന താര സംഘടന ചീഞ്ഞളിഞ്ഞു നിൽക്കുകയാണെന്ന് അംഗങ്ങളിൽ ഒരാളായ നടി യമുനാ റാണി പറഞ്ഞു.
അതിനു കാരണം സംഘടനയ്ക്ക് അകത്തുള്ളവർ തന്നെയാണ്. വ്യക്തികൾ തമ്മിലുള്ള പ്രശ്നമാണ് സംഘടനയുടെ പ്രശ്നമായി ഇപ്പോൾ വന്നിട്ടുള്ളത്. ഈ ജോലി മാത്രം ചെയ്തു ജീവിക്കുന്ന ആളുകളെ സമൂഹത്തിന് മുന്നിൽ പച്ചയ്ക്ക് വൃത്തികേടായി ചിത്രീകരിച്ചു. ഓരോരുത്തരും സമൂഹമാധ്യമത്തിൽ വിളിച്ചു പറയുമ്പോൾ താനുൾപ്പെടെയുള്ള സാധാരണ ആളുകൾക്കും ജീവിക്കണമെന്നും യമുനാ റാണി പറഞ്ഞു. അതേസമയം യുവതാരങ്ങളാരും ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്തില്ല.