


ന്യൂഡല്‍ഹി : കാവേരി നദീജല തര്‍ക്കത്തില്‍ തമിഴ്നാട് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. കര്‍ണാടക സര്‍ക്കാരിനോട് നദീജലം വിട്ടുനല്‍കാന്‍ കാവേരി വാട്ടര്‍ മാനേജ്മെന്റ് അതോറിറ്റിയും വാട്ടര്‍ റെഗുലേഷന് കമ്മിറ്റിയും നേരത്തെ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കര്‍ണാടക ഇതില്‍ വീഴ്ച വരുത്തിയെന്ന് കാണിച്ചാണ് വിജയ് സര്‍ക്കാര്‍ പരമോന്നത കോടതിയിലെത്തിയത്.
മുഖ്യമന്ത്രി സി ജോസഫ് വിജയ്യുടെ നിര്‍ദേശ പ്രകാരം തിങ്കളാഴ്ചയാണ് ഹര്‍ജി സമര്‍പ്പിച്ചത്. കാവേരിയുടെ വൃഷ്ടിപ്രദേശത്ത് ആവശ്യത്തിന് മഴ ലഭിക്കുന്നുണ്ടെന്ന കാരണം ചൂണ്ടിക്കാണിച്ചാണ് ജൂലൈ 28ന് ജലം വിട്ടുനല്‍കാന്‍ വാട്ടര്‍ റെഗുലേഷന് കമ്മിറ്റി നിര്‍ദേശിച്ചത്. സെക്കന്‍ഡില്‍ 3,500 ക്യുസെക്സ് എന്ന തോതില്‍ 15 ദിവസത്തേക്ക് കൃഷ്ണരാജ സാഗര്‍, കബനി അണക്കെട്ടുകളില്‍ നിന്ന് ജലം തുറന്നുവിടാനായിരുന്നു നിര്‍ദേശം.
എന്നാല്‍ 3500 ക്യുസെക്സിനു പകരം 158 മുതല്‍ 500 ക്യുസെക്സ് തോതിലുള്ള ജലം മാത്രമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ചതെന്ന് തമിഴ്നാട് പറയുന്നു. തമിഴ്നാടിന് ആവശ്യമായ ജലം വിട്ടുനല്‍കിയാലും കര്‍ണാടകയിലെ നാല് അണക്കെട്ടുകളില്‍ സംഭരിച്ചിരിക്കുന്ന ജലം പര്യാപ്തമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. നിലവില്‍ ലഭിക്കുന്ന കനത്ത മഴ കൂടി കണക്കാക്കി ആനുപാതികമായ തോതില്‍ ജലം വിട്ടുനല്‍കാന്‍ കര്‍ണാടക തയ്യാറാകണമെന്നും തമിഴ്നാട് ആവശ്യപ്പെടുന്നു.