


തിരുവനന്തപുരം : സംസ്ഥാനത്തെ യാത്രാദുരിതത്തിന് വലിയൊരു ആശ്വാസമായി ഷെയര്‍ ഓട്ടോറിക്ഷകള്‍ വൈകാതെ നിരത്തുകളിലെത്തും. ഇതിന്റെ ഭാഗമായി കൊച്ചിയില്‍ പൈലറ്റ് പ്രോജക്റ്റായി പദ്ധതി നടപ്പിലാക്കാന്‍ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി തത്വത്തില്‍ തീരുമാനിച്ചു. പദ്ധതിക്ക് അംഗീകാരം ലഭിക്കുന്നതോടെ ബംഗളൂരു, ചെന്നൈ, മുംബൈ, ഹൈദരാബാദ്, ലഖ്നൗ തുടങ്ങിയ വന്‍നഗരങ്ങളുടെ നിരയിലേക്ക് കൊച്ചിയും എത്തും.
നിലവിലുള്ള കോണ്‍ട്രാക്ട് കാര്യേജ് പെര്‍മിറ്റില്‍ നിന്ന് മാറ്റം വരുത്തി, നിശ്ചിത റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന ‘സ്റ്റേജ് കാര്യേജ്’ പെര്‍മിറ്റുകളാണ് ഷെയര്‍ ഓട്ടോകള്‍ക്ക് നല്‍കുക. 6 മുതല്‍ 10 കിലോമീറ്റര്‍ വരെയുള്ള ദൂരത്തില്‍, ജനവാസ മേഖലകളെയും ഓഫിസുകളെയും തൊട്ടടുത്തുള്ള ബസ് സ്റ്റോപ്പുകളുമായും മെട്രോ സ്റ്റേഷനുകളുമായും ബന്ധിപ്പിക്കുന്ന ഫീഡര്‍ റൂട്ടുകളിലായിരിക്കും സേവനം.
ഒരേ റൂട്ടില്‍ സഞ്ചരിക്കുന്ന യാത്രക്കാര്‍ക്ക് വാഹനം പങ്കിടുന്നതിനൊപ്പം നിരക്കും വീതിച്ചെടുക്കാം. പ്രാദേശിക ആര്‍ടിഎ കമ്മിറ്റികളായിരിക്കും ഓരോ യാത്രക്കാരനില്‍ നിന്നും ഈടാക്കേണ്ട നിരക്കുകള്‍ നിശ്ചയിക്കുക. റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും അനാവശ്യമായി വാഹനം നിര്‍ത്തുന്നത് തടയാനും കൃത്യമായ പിക്ക്-അപ്പ്, ഡ്രോപ്പ്-ഓഫ് പോയിന്റുകള്‍ സജ്ജമാക്കും.
കടവന്ത്ര റെസിഡന്റ്സ് അസോസിയേഷന് സെക്രട്ടറിയായ ജിജിമോന് എബ്രഹാം മോട്ടോര്‍ വാഹന വകുപ്പിന് സമര്‍പ്പിച്ച ഹര്‍ജിയാണ് ഈ മാറ്റത്തിന് വേഗം കൂട്ടിയത്. കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തിങ്ക് ടാങ്കായ സിപിപിആര്‍ നടത്തിയ പഠനത്തില്‍, ആലുവ മേഖലയിലെ 50 ശതമാനത്തിലധികം യാത്രക്കാരും അവസാനഘട്ട യാത്രാസൗകര്യങ്ങളുടെ കുറവ് നേരിടുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു.
2013ലെ ജസ്റ്റിസ് എം രാമചന്ദ്രന് ഫെയര്‍ റിവിഷന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലും ആകെ ഓട്ടോറിക്ഷാ പെര്‍മിറ്റുകളുടെ 25 ശതമാനം ഷെയര്‍ സര്‍വീസുകള്‍ക്കായി മാറ്റിവെക്കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നത് കുറയുകയും, വിദ്യാര്‍ഥികള്‍, സ്ത്രീകള്‍, മുതിര്‍ന്ന പൗരര്‍ എന്നിവര്‍ക്ക് കുറഞ്ഞ ചെലവില്‍ സുരക്ഷിതയാത്ര ഉറപ്പാക്കാന്‍ സാധിക്കുകയും ചെയ്യും.