


ന്യൂഡൽഹി : കൽക്കരിപ്പാടം കുഭംകോണ കേസിൽ മരണാനന്തരം മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് നീതി ലഭിച്ചിരിക്കുകയാണ്. സിബിഐ അന്വേഷിച്ചുകൊണ്ടിരുന്ന കേസിൽ കഴിഞ്ഞ ദിവസമാണ് സുപ്രിംകോടതി സിങ്ങിനെതിരെയുള്ള ക്രിമിനല്‍ നടപടികള്‍ അവസാനിപ്പിക്കുകയും സിബിഐയുടെ ക്ലീന്‍ ചിറ്റ് അടങ്ങിയ ക്ലോഷര്‍ റിപ്പോര്‍ട്ട് അംഗീകരിക്കുകയും ചെയ്തത്.
സിങ്ങിനെതിരായ കേസ് അവസാനിപ്പിക്കാനുള്ള സിബിഐയുടെ തീരുമാനം ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് അംഗീകരിച്ചത്. 2015-ൽ വിചാരണ കോടതി അദ്ദേഹത്തിന് അയച്ച സമൻസ് ചോദ്യം ചെയ്തുകൊണ്ട് സമർപ്പിച്ച അപ്പീൽ അനുവദിച്ചുകൊണ്ടാണ് നടപടി.
2014 ആഗസ്തിലും ഒക്ടോബറിലും അന്നത്തെ സ്പെഷ്യൽ ജഡ്ജ് ഭരത് പരാശറിന്റെ വിചാരണ കോടതിയിൽ സിബിഐ നൽകിയ ക്ലോഷർ റിപ്പോർട്ടുകളിൽ മൻമോഹൻ സിങ്ങിനെതിരെ കേസെടുക്കാൻ തക്കതായ തെളിവുകളില്ലെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ, സ്പെഷ്യൽ കോടതി ഈ റിപ്പോർട്ടുകൾ തള്ളുകയും കേസ് പരിഗണിച്ച് 2015 മാർച്ച് മാസത്തിൽ സിങ്ങിന് സമൻസ് അയക്കുകയുമായിരുന്നു. തുടർന്ന് സുപ്രിംകോടതി ഈ ഉത്തരവ് സ്റ്റേ ചെയ്തിരുന്നു.
എന്താണ് കൽക്കരി കുംഭകോണക്കേസ്?(Coal Block Allocation)
യുപിഎ ഭരണകാലത്ത് രാഷ്ട്രീയമായി ഏറ്റവും പ്രാധാന്യമുള്ള ക്രിമിനൽ കേസുകളിൽ ഒന്നായിരുന്നു കൽക്കരി കുംഭകോണക്കേസ്. 2004-നും 2009-നും ഇടയിൽ മൻമോഹൻ സിങ്ങിന്റെ ഭരണകാലത്ത് രാജ്യത്തെ 194-ഓളം കൽക്കരി പാടങ്ങൾ സ്വകാര്യ-പൊതുമേഖലാ കമ്പനികൾക്ക് ലേലം വിളിക്കാതെ തുച്ഛമായ തുകയ്ക്ക് നേരിട്ട് അനുവദിച്ചു എന്നതാണ് കേസിന്റെ അടിസ്ഥാനം.
2012-ൽ അന്നത്തെ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ വിനോദ് റായ് തയ്യാറാക്കിയ റിപ്പോർട്ടോടെയാണ് അഴിമതി പുറത്തുവരുന്നത്. മത്സരബുദ്ധിയോടെയുള്ള ലേലത്തിലൂടെ കൽക്കരി പാടങ്ങൾ നൽകുന്നതിന് പകരം, ശിപാർശകളുടെ അടിസ്ഥാനത്തിൽ കൈമാറിയത് വഴി സർക്കാരിന് 1.86 ലക്ഷം കോടി രൂപയുടെ നഷ്ടം ഉണ്ടായി എന്നായിരുന്നു സിഎജിയുടെ കണ്ടെത്തൽ.
സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട സുപ്രിംകോടതി, അന്വേഷണ റിപ്പോർട്ടുകളിൽ രാഷ്ട്രീയ ഇടപെടൽ നടത്തരുതെന്ന് കേന്ദ്ര സർക്കാരിന് കർശന മുന്നറിയിപ്പ് നൽകി. ഈ സമയത്താണ് സുപ്രിംകോടതി സിബിഐയെ ‘കൂട്ടിലിട്ട തത്ത’ എന്ന് വിശേഷിപ്പിച്ചത്. 2014 സെപ്റ്റംബറിൽ സുപ്രിംകോടതി 1993 മുതൽ 2010 വരെ നിയമവിരുദ്ധമായി അനുവദിച്ച 214 കൽക്കരി പാടങ്ങളുടെ അലോട്ട്മെന്റ് പൂർണമായും റദ്ദാക്കി.
എന്തായിരുന്നു തലബീര-II കൽക്കരി കേസ്? ‘കോൾഗേറ്റ്’ അഴിമതിയുമായുള്ള ബന്ധം എന്താണ്?(Talabira II)
‘കോൾഗേറ്റ്’ എന്ന് വ്യാപകമായി അറിയപ്പെടുന്ന കൽക്കരി ബ്ലോക്ക് അനുവദിക്കലുമായി ബന്ധപ്പെട്ട വലിയ വിവാദങ്ങളുടെ ഭാഗമായാണ് തലബീര-II കേസും ഉയർന്നുവന്നത്. സുപ്രിംകോടതി വിധിയെത്തുടർന്ന്, ഓരോ കൽക്കരി ബ്ലോക്ക് അനുവദിച്ചതിലും നടന്ന ക്രമക്കേടുകളിൽ ക്രിമിനൽ കുറ്റങ്ങൾ നടന്നിട്ടുണ്ടോ എന്ന് കണ്ടെത്താൻ സിബിഐ വെവ്വേറെ അന്വേഷണങ്ങൾ ആരംഭിച്ചിരുന്നു. അത്തരത്തിൽ സിബിഐ അന്വേഷിച്ച കേസുകളിൽ ഒന്നായിരുന്നു തലബീര-II കേസ്.
2005-ൽ മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരിക്കെ കൽക്കരി മന്ത്രാലയത്തിന്റെ ചുമതലയും വഹിച്ചിരുന്ന കാലത്ത് ഒഡിഷയിലെ തലബീര-II കൽക്കരി ബ്ലോക്ക് അനുവദിച്ചതുമായി ബന്ധപ്പെട്ടാണ് കേസ് ഉടലെടുത്തത്.
ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഭാഗമായ ഹിൻഡാൽകോ ഇൻഡസ്ട്രീസ് എന്ന സ്വകാര്യ കമ്പനിക്ക് കൽക്കരി വിഭവങ്ങൾ അനുവദിക്കാനുള്ള തീരുമാനത്തെച്ചൊല്ലിയായിരുന്നു തർക്കം. ഈ കൽക്കരി ബ്ലോക്ക് ഒരു പൊതുമേഖലാ സ്ഥാപനത്തിന് നൽകാനായിരുന്നു സ്ക്രീനിംഗ് കമ്മിറ്റി ആദ്യം ശിപാർശ ചെയ്തിരുന്നത്. എന്നാൽ പിന്നീട് ഹിൻഡാൽകോയെക്കൂടി ഉൾപ്പെടുത്തിയാണ് കൽക്കരി ബ്ലോക്ക് വിഭജിച്ച് അനുവദിച്ചത്.
മൻമോഹൻ സിങ് പ്രതിയായത് എങ്ങനെ? (Manmohan Singh)
ആദ്യം സക്രീനിംഗ് കമ്മിറ്റി പൊതുമേഖലാ സ്ഥാപനത്തിന് നൽകാൻ ശിപാർശ ചെയ്ത കൽക്കരി പാടം പിന്നീട് സ്വകാര്യ കമ്പനിയായ ഹിൻഡാൽകോയ്ക്ക് കൂടി പങ്കാളിത്തത്തോടെ അനുവദിച്ചു നൽകിയതിൽ ഗൂഢാലോചന നടന്നു എന്ന ആരോപണത്തിലാണ് സിബിഐ അന്വേഷണം തുടങ്ങിയത്. എന്നാൽ, വിശദമായ അന്വേഷണത്തിന് ശേഷം മൻമോഹൻ സിങ്ങിനെതിരെ കുറ്റകരമായ തെളിവുകളൊന്നുമില്ലെന്ന് ചൂണ്ടിക്കാട്ടി സിബിഐ രണ്ട് തവണ (2014-ൽ) കേസ് അവസാനിപ്പിച്ചുകൊണ്ട് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
ഈ റിപ്പോര്‍ട്ട് തള്ളിക്കൊണ്ട് 2015 മാർച്ച് 11-ന് ഡൽഹിയിലെ പ്രത്യേക സിബിഐ കോടതി ജഡ്ജ് ഭരത് പരാശർ മൻമോഹൻ സിങ്ങിനെ പ്രതിയായി ചുമത്തി സമൻസ് അയച്ചു. പ്രധാനമന്ത്രി എന്ന നിലയിൽ കൽക്കരി പാടം അനുവദിക്കുന്നതിനുള്ള അവസാന അനുമതി പത്രത്തിൽ ഒപ്പുവെച്ചത് അദ്ദേഹമായതിനാൽ ഇതിൽ ‘പ്രാഥമികമായി ഉത്തരവാദിത്തമുണ്ട്’ എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി അദ്ദേഹത്തെ അഴിമതി നിരോധന നിയമപ്രകാരം കേസിൽ പ്രതിയാക്കിയത്.
1991-ലെ വിദേശനാണ്യ പ്രതിസന്ധിയിൽ നിന്ന് ഇന്ത്യയെ കരകയറ്റുകയും വേഗത്തിലുള്ള സാമ്പത്തിക വളർച്ചയുടെ വർഷങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്ത സാമ്പത്തിക ശാസ്ത്രജ്ഞനായ സിങ്ങിനെ പെട്ടെന്നാണ് അഴിമതിയിൽ മുങ്ങിയ ഒരു സർക്കാരിന്റെ മുഖമായി ചിത്രീകരിക്കപ്പെട്ടത്.
അദ്ദേഹത്തിന്റെ ശാന്തമായ പെരുമാറ്റത്തെ പ്രതിപക്ഷം പരിഹസിക്കാനുള്ള ആയുധമാക്കി. ബിജെപി സിങ്ങിനെതിരെ ഉപയോഗിച്ച ഏറ്റവും വലിയ പരിഹാസമായിരുന്നു ‘മൗൻ മോഹൻ സിങ്’ എന്നത്. എൽ.കെ. അദ്വാനി ഉൾപ്പെടെയുള്ള നേതാക്കൾ മൻമോഹൻ സിങ്ങിനെ “ഇന്ത്യ കണ്ട ഏറ്റവും ദുർബലനായ പ്രധാനമന്ത്രി” എന്ന് വിശേഷിപ്പിച്ചു. ഇതേത്തുടർന്ന് ‘ റിമോട്ട് കൺട്രോൾ പ്രധാനമന്ത്രി ‘ എന്നൊരു സ്ഥാനപ്പേര് കൂടി അവർ അദ്ദേഹത്തിന് നൽകിയിരുന്നു.
‘ചരിത്രം എന്നോട് കൂടുതൽ ദയയുള്ളതായിരിക്കും’ (UPA Government)
പതിറ്റാണ്ടുകളോളം, ഇന്ത്യയിലെ ഏറ്റവും സത്യസന്ധനായ പൊതുപ്രവർത്തകരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ഒരു വ്യക്തിയുടെ മേൽ ആഴത്തിൽ പതിച്ച കളങ്കമായിരുന്നു കൽക്കരി അഴിമതിക്കേസ്. പക്ഷെ പ്രതിസന്ധികളിൽ അദ്ദേഹം പതറിയില്ല. “ഇന്നത്തെ മാധ്യമങ്ങളോ അല്ലെങ്കിൽ പ്രതിപക്ഷമോ എന്നോട് കാണിച്ചതിനേക്കാൾ കൂടുതൽ ദയ ചരിത്രം എന്നോട് കാണിക്കുമെന്ന് ഞാൻ ആത്മാർത്ഥമായി വിശ്വസിക്കുന്നു.” എന്നാണ് അന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിൽ മൻമോഹൻ സിങ് പറഞ്ഞത്. അന്ന് പലരും ഇതിനെ ജൽപനമായി തള്ളിക്കളയുകയായിരുന്നു. എന്നാൽ വര്‍ഷങ്ങൾക്ക് ശേഷം അദ്ദേഹം പറഞ്ഞത് പോലെ കാലം സിങ്ങിനോട് നീതി കാട്ടി.
സിബിഐയുടെ ക്ലോഷർ റിപ്പോർട്ടുകൾ ഉണ്ടായിരുന്നിട്ടും മൻമോഹൻ സിങ്ങിന് സമൻസ് അയച്ചത് എന്തുകൊണ്ട്?(Kumar Mangalam Birla)
2015 മാർച്ചിൽ, സ്പെഷ്യൽ സിബിഐ ജഡ്ജ് ഭരത് പരാശർ ഏജൻസിയുടെ ക്ലോഷർ റിപ്പോർട്ടുകൾ തള്ളുകയും മൻമോഹൻ സിങ്, മുൻ കൽക്കരി സെക്രട്ടറി പി.സി. പരീഖ്, വ്യവസായി കുമാർ മംഗളം ബിർള തുടങ്ങിയവർക്ക് സമൻസ് അയച്ചു. ക്രിമിനൽ ഗൂഢാലോചന, ക്രിമിനൽ വിശ്വാസ വഞ്ചന എന്നിവയുൾപ്പെടെയുള്ള കുറ്റങ്ങൾ, അഴിമതി നിരോധന നിയമത്തിലെ വ്യവസ്ഥകൾ എന്നിവ പ്രത്യേക കോടതി പരിഗണിച്ചിരുന്നു.
അന്നത്തെ കൽക്കരി മന്ത്രി എന്ന നിലയിൽ തീരുമാനങ്ങൾ എടുക്കുന്ന പ്രക്രിയയിൽ മൻമോഹന് നേരിട്ട് പങ്കുണ്ടായിരുന്നുവെന്നും അദ്ദേഹത്തിന്റെ അനുമതി ഹിൻഡാൽകോ കമ്പനിക്ക് ലാഭമുണ്ടാക്കിക്കൊടുത്തിട്ടുണ്ടോ എന്ന് പരിശോധിക്കാൻ തക്കതായ തെളിവുകൾ ഉണ്ടെന്നുമാണ് വിചാരണ കോടതി വിലയിരുത്തിയത്.
ഈ തീരുമാനം കമ്പനിക്ക് വഴിവിട്ട സാമ്പത്തിക ലാഭമുണ്ടാക്കാൻ കാരണമായെന്നും പൊതുമേഖലാ സ്ഥാപനത്തിന്റെ താല്പര്യങ്ങളെ ബാധിച്ചുവെന്നും കോടതി ചൂണ്ടിക്കാട്ടി.
എന്നാൽ, കേസിലെ ക്രിമിനൽ ആരോപണങ്ങൾ തള്ളിക്കളഞ്ഞ മൻമോഹൻ സിങ്, കൽക്കരി അനുവദിച്ചത് അന്നത്തെ നയപരമായ ചട്ടക്കൂടിനുള്ളിൽ നിന്നെടുത്ത തികച്ചും ഭരണപരമായ തീരുമാനം മാത്രമായിരുന്നു എന്നാണ് പ്രതികരിച്ചത്. സമൻസ് അയച്ചതിന് പിന്നാലെ മൻമോഹൻ സിങ് സുപ്രിംകോടതിയെ സമീപിച്ചു. 2015 ഏപ്രിൽ 1-ന് സുപ്രിംകോടതി അദ്ദേഹത്തിനെതിരായ സമൻസും തുടർനടപടികളും സ്റ്റേ ചെയ്തു. എന്നിരുന്നാലും സിങ്ങിന്റെ ഹരജി ഒരു പതിറ്റാണ്ടിലധികം കാലം തീർപ്പുകൽപ്പിക്കാതെ നീണ്ടുപോയി. പിന്നീട് കേസ് പരിഗണിച്ചപ്പോഴേക്കും 2024 ഡിസംബർ 27-ന് സിങ് അന്തരിച്ചിരുന്നു.
സാധാരണഗതിയിൽ അദ്ദേഹത്തിന്റെ മരണം ഈ അപ്പീലിന്റെ പ്രസക്തി തന്നെ ഇല്ലാതാക്കുമായിരുന്നു. എന്നാൽ, കേസിലെ യഥാർഥ വസ്തുതകളും ന്യായങ്ങളും വിശദമായി പരിശോധിക്കാൻ തന്നെ സുപ്രിം കോടതി തീരുമാനിച്ചു. വിചാരണക്കോടതിയുടെ ഉത്തരവ് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിലും പ്രതിച്ഛായയിലും മായാത്ത നിഴൽ വീഴ്ത്തിയിരുന്നുവെന്ന് കോടതി തിരിച്ചറിഞ്ഞു. സിബിഐ സമർപ്പിച്ച രണ്ട് ക്ലോഷർ റിപ്പോർട്ടുകളും പരിശോധിച്ച ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച്, അവ തള്ളിക്കളഞ്ഞ വിചാരണക്കോടതിയുടെ നടപടി തെറ്റായിരുന്നുവെന്ന് വിലയിരുത്തി.
“അന്വേഷണ ഏജൻസികളുടെ റിപ്പോർട്ടുകൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഈ കോടതി നിരന്തരം വ്യക്തമാക്കിയിട്ടുള്ള മാനദണ്ഡങ്ങൾ പരിഗണിക്കുമ്പോൾ, സി.ബി.ഐയുടെ ക്ലോഷർ റിപ്പോർട്ടുകൾ തള്ളിക്കളയാനും കേസ് നേരിട്ട് സ്വീകരിക്കാനും വിചാരണക്കോടതി ജഡ്ജിക്ക് യാതൊരു കാരണവുമുണ്ടായിരുന്നില്ലെന്ന് ഞങ്ങൾ തൃപ്തിപ്പെടുന്നു,” ബെഞ്ച് നിരീക്ഷിച്ചു.
അവസാനമായി നടന്ന വാദത്തിനിടെ, മൻമോഹൻ സിങ്ങിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ, മുൻ പ്രധാനമന്ത്രിക്കെതിരെയുള്ള പരാമർശങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. “കേസുകളിലൊന്ന് ഡോ. മൻമോഹൻ സിങ്ങുമായി ബന്ധപ്പെട്ടതാണ്. അദ്ദേഹത്തിനെതിരെയുള്ള പ്രതികൂലമായ അഭിപ്രായങ്ങളും പരാമർശങ്ങളും ഒഴിവാക്കണം. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി സിബിഐ നൽകിയ രണ്ട് ക്ലോഷർ റിപ്പോർട്ടുകൾ നിലനിൽക്കെ തന്നെ, വിചാരണ കോടതി അദ്ദേഹത്തിന്മേൽ ക്രിമിനൽ ഉത്തരവാദിത്തം അടിച്ചേൽപ്പിക്കുകയും സമൻസ് അയക്കുകയുമായിരുന്നു,” സിബൽ കോടതിയിൽ വ്യക്തമാക്കി. മറ്റൊരു മുതിർന്ന അഭിഭാഷകനായ അഭിഷേക് മനു സിംഗ്വിയും മൻമോഹൻ സിങ്ങിനെതിരെയുള്ള പരാമർശങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ഏറ്റവും പുതിയ വിധിയിൽ 2015 മാർച്ചിലെ വിചാരണ കോടതിയുടെ ഉത്തരവ് സുപ്രിം കോടതി റദ്ദാക്കുകയും സിബിഐയുടെ കേസ് ക്ലോഷർ റിപ്പോർട്ടുകൾ അംഗീകരിക്കുകയുമായിരുന്നു. കേസിൽ ഒരു ദശാബ്ദത്തിലേറെയായി നിലനിന്നിരുന്ന അനിശ്ചിതത്വത്തിനാണ് കഴിഞ്ഞ ദിവസത്തെ സുപ്രിംകോടതി വിധിയോടെ വിരാമമായത്.
വിധിയെ സ്വാഗതം ചെയ്ത് കോൺഗ്രസ് (Coal Allocation Case)
സിങ്ങിന് മരണാനന്തരം ലഭിച്ച നീതിയെന്നാണ് കോൺഗ്രസ് നേതാക്കൾ വിധിയെ വിലയിരുത്തിയത്. “ഇപ്പോൾ വളരെ വ്യക്തമായിരിക്കുന്നതുപോലെ, ‘ഇന്ത്യ എഗെയ്ൻസ്റ്റ് കറപ്ഷൻ’ (അഴിമതിക്കെതിരെ ഇന്ത്യ) എന്നത് യഥാർത്ഥത്തിൽ ‘കറപ്ഷൻ എഗെയ്ൻസ്റ്റ് ഇന്ത്യ’ ആയിരുന്നു,” എന്ന് അദ്ദേഹം എക്സിൽ (X) കുറിച്ചു. കോൺഗ്രസ് എംപി പവൻ ഖേര ബിജെപി സർക്കാരിനെ പരിഹസിച്ചു. യുപിഎ സർക്കാരിന്റെ പൊതു പ്രതിച്ഛായയ്ക്ക് കോട്ടം വരുത്തിയ ഒന്നായിരുന്നു 2011ൽ ആക്ടിവിസ്റ്റ് അണ്ണാ ഹസാരെ നയിച്ച ഇന്ത്യ എഗൈൻസ്റ്റ് കറപ്ഷൻ (അഴിമതിക്കെതിരെ ഇന്ത്യ പ്രസ്ഥാനം).
“ഡോ. മൻമോഹൻ സിങ്ങിന്റെ കുടുംബത്തിനും അഭ്യുദയകാംക്ഷികൾക്കും എനിക്കും വ്യക്തിപരമായി ഏറെ സന്തോഷം നൽകുന്ന നിമിഷമാണിത്. സ്പെഷ്യൽ കോടതി എടുത്ത നടപടികൾ സുപ്രിംകോടതി ഇന്ന് റദ്ദാക്കിയിരിക്കുന്നു. ഇത് അദ്ദേഹത്തിന്റെ സത്യസന്ധതയ്ക്ക് ലഭിച്ച നീതിയാണ്,” കപിൽ സിബൽ എക്സിൽ കുറിച്ചു. മൻമോഹനെ കുറ്റവിമുക്തനാക്കിയ വിധിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് മാപ്പ് പറയണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ആവശ്യപ്പെട്ടു.
കൽക്കരി കുംഭകോണം ആയുധമാക്കിയ ബിജെപി 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് മൻമോഹൻ സിങ്ങിനെ ലക്ഷ്യം വച്ച് നിരന്തരം ആരോപണങ്ങൾ ഉയര്‍ത്തിയിരുന്നു. ഖജനാവിനുണ്ടായ വൻ നഷ്ടത്തിന് ധാർമികവും രാഷ്ട്രീയവും നേരിട്ടുള്ളതുമായ ഉത്തരവാദിത്തം സിങ്ങിനാണെന്ന് മോദിയും മുതിർന്ന ബിജെപി നേതാക്കളും അന്ന് ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണങ്ങളിലും പാർലമെന്ററി ചർച്ചകളിലും ഈ അഴിമതി ഇടയ്ക്കിടെ പരാമർശിക്കുകയും ചെയ്തിരുന്നു.
സുപ്രിംകോടതിവിധി യുപിഎ സര്‍ക്കാരിന്റെ രാഷ്ട്രീയ ചരിത്രത്തെ തിരുത്തിയെഴുതുന്നില്ല, 2011-നും 2014-നും ഇടയിൽ ഇന്ത്യൻ രാഷ്ട്രീയത്തെ മാറ്റിമറിച്ച അഴിമതി ആരോപണങ്ങളുടെ പ്രത്യാഘാതങ്ങളെ മായ്ച്ചുകളയുന്നുമില്ല. കോൺഗ്രസ് അപ്പോഴും പാർട്ടി ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങി, മൻമോഹൻ സിങ്ങിന്റെ രണ്ടാം ഭരണകാലം എപ്പോഴും ആ പ്രക്ഷുബ്ധമായ കാലഘട്ടവുമായി കൂട്ടിച്ചേർക്കപ്പെടുകയും ചെയ്യും.
എന്നാൽ ഈ വിധിയിലൂടെ മറ്റൊരു പ്രധാനപ്പെട്ട കാര്യം വ്യക്തമാക്കുന്നുണ്ട്. രാഷ്ട്രീയ ആരോപണങ്ങളും നിയമപരമായ കുറ്റവും രണ്ടാണ് എന്ന് ഈ സുപ്രിംകോടതി വിധി വ്യക്തമാക്കുന്നു. യുപിഎ സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയ രാഷ്ട്രീയ തിരിച്ചടികളെ മാറ്റാൻ കഴിയില്ലെങ്കിലും മൻമോഹൻ സിങ്ങിനെതിരെയുള്ള ക്രിമിനൽ കേസ് നിലനിൽക്കുന്നതല്ല എന്ന് രാജ്യത്തെ പരമോന്നത കോടതി ഒടുവിൽ അടിവരയിട്ടു വ്യക്തമാക്കിയിരിക്കുകയാണ്.