


ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കും ആർഎസ്എസിനും എതിരെ രൂക്ഷവിമർശനവുമായി ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇവർ ‘രാജ്യദ്രോഹികൾ’ ആണെന്നും ഭരണഘടനയെ ആക്രമിക്കുകയും സംവരണം ദുർബലപ്പെടുത്തുകയും രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥ ഒരുപിടി വ്യവസായികൾക്ക് വില്പന നടത്തുകയുമാണെന്നും രാഹുൽ ആരോപിച്ചു. അമേഠിയിൽ നടന്ന ബഹുജൻ സ്വാഭിമാൻ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
ആർഎസ്എസ് പ്രവർത്തകർ നരേന്ദ്ര മോദിയെയും അമിത് ഷായെയും കുറിച്ച് സംസാരിക്കുകയാണെങ്കിൽ, നിങ്ങളുടെ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും രാജ്യദ്രോഹികളാണെന്നും നിങ്ങളുടെ സംഘടന രാജ്യദ്രോഹികളുടെ സംഘടനയാണെന്നും അവരോട് പരസ്യമായി പറയുക. അവർ ഇന്ത്യയെ വിറ്റുതുലയ്ക്കുകയും നമ്മുടെ ഭരണഘടനയെ ആക്രമിക്കുകയും ചെയ്തവരാണ്. നരേന്ദ്ര മോദി ഇന്ത്യയുടെ മുഴുവൻ സമ്പത്തും നിങ്ങളുടെ പോക്കറ്റിൽ നിന്ന് കൊള്ളയടിച്ചു. ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥ അദ്ദേഹം അദാനിക്കും അംബാനിക്കും കൈമാറിയെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
ഒരു വലിയ സാമ്പത്തിക കൊടുങ്കാറ്റ് വരുന്നുണ്ടെന്നും അതിൽ നിന്ന് സർക്കാരിന് നിങ്ങളെ രക്ഷിക്കാൻ കഴിയില്ലെന്നും രാഹുൽ പറഞ്ഞു. അപ്പോൾ നോട്ട്നിരോധന കാലത്തും കോവിഡ് മഹാമാരിയുടെ സമയത്തും ചെയ്തതുപോലെ, ജനങ്ങൾക്ക് മുന്നിൽ കരഞ്ഞുകൊണ്ട് പ്രധാനമന്ത്രി ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടാൻ ശ്രമിക്കും. നോട്ടുനിരോധനത്തിലും കോവിഡിലും ചെയ്തതുപോലെ നരേന്ദ്ര മോദി കരയുകയും ഇത് തന്റെ തെറ്റല്ലെന്ന് വീണ്ടും പറയുകയും ചെയ്യും. എന്നാൽ തെറ്റ് നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും ആർഎസ്എസിന്റെയുമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
സാമ്പത്തിക കാര്യങ്ങളിലും വിദേശ സന്ദർശനങ്ങളിലും പ്രധാനമന്ത്രി കാട്ടുന്നത് ഇരട്ടത്താപ്പാണെന്നും രാഹുൽ കുറ്റപ്പെടുത്തി. സ്വർണം വാങ്ങരുതെന്നും വിദേശയാത്ര ചെയ്യരുതെന്നും പ്രധാനമന്ത്രി ജനങ്ങളോട് പറയുന്നു, എന്നാൽ അദ്ദേഹം തന്നെ ആയിരക്കണക്കിന് കോടികൾ വിലമതിക്കുന്ന വിമാനങ്ങളിൽ വിദേശത്തേക്ക് പറക്കുന്നു. ഭരണഘടനയിൽ വിഭാവനം ചെയ്തിട്ടുള്ള സമത്വത്തിന്റെയും സാമൂഹിക നീതിയുടെയും ആദർശങ്ങളെ ബിജെപിയും ആർഎസ്എസും വ്യവസ്ഥാപിതമായി ദുർബലപ്പെടുത്തുകയാണ്. നമ്മൾ വീര പാസിയെയും അംബേദ്കറെയും ഓർക്കുന്നുണ്ടെങ്കിലും അവരുടെ പ്രത്യയശാസ്ത്രത്തെ സംരക്ഷിക്കുന്നില്ല. നമ്മുടെ കൺമുന്നിൽ വച്ചാണ് ഭരണഘടനയ്ക്ക് മേൽ ആക്രമണം നടക്കുന്നതെന്നും രാഹുൽ പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ വിമർശനങ്ങൾക്കെതിരെ ബിജെപി രംഗത്തെത്തി. കോൺഗ്രസ് നേതാവിന്റെ വാക്കുകൾ അദ്ദേഹത്തിന്റെ അരാജകത്വ മനോഭാവത്തെയും സ്വഭാവത്തെയുമാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ബിജെപി അധ്യക്ഷൻ നിതിൻ നബിൻ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾ രാജ്യത്തെ 140 കോടി ജനങ്ങളെ അപമാനിക്കുന്നതാണെന്നും അദ്ദേഹം മാപ്പ് പറയണമെന്നും ബി.ജെ.പി അധ്യക്ഷൻ ആവശ്യപ്പെട്ടു.
രാജ്യത്തെ ജനങ്ങളോട് രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഭീകരാക്രമണങ്ങൾക്ക് തടയിടുകയും നക്സലിസം അവസാനിപ്പിക്കുകയും ത്രിവർണ പതാകയുടെ അന്തസ് ഉയർത്തുകയും ചെയ്ത ഒരു വ്യക്തിക്കെതിരെയാണോ നിങ്ങൾ ഇത്തരത്തിലുള്ള വാക്കുകൾ ഉപയോഗിക്കുന്നതെന്നും നബിൻ ചോദിച്ചു.