


പത്തനംതിട്ട : കാപ്പാ കേസ് പ്രതിയെ അതി സാഹസികമായി പിടികൂടി പൊലീസ്. പൊലീസിനെ കാലങ്ങളായി കബളിപ്പിച്ചുകൊണ്ടിരുന്ന പ്രതിയെ പിടികൂടിയത് പരിചയക്കാരിയുടെ വീട്ടില്‍ നിന്ന്. അങ്ങാടിക്കല്‍ വടക്ക് സ്വദേശി കിച്ചുവെന്ന് വിളിക്കുന്ന 30കാരനായ കാര്‍ത്തിക്.
കൊടുമണ്‍ പൊലീസ് നടത്തിയ രഹസ്യ നീക്കത്തെത്തുടര്‍ന്നാണ് ഇയാള്‍ പിടിയിലാകുന്നത്. തിരുവനന്തപുരത്ത് എത്തിയാല്‍ ഇയാള്‍ തങ്ങുന്ന പരിചയക്കാരിയുടെ വീട് പൊലീസ് തിരിച്ചറിഞ്ഞു. സാധാരണ വേഷത്തില്‍ ആ വീടിന്റെ പരിസരത്ത് അവര്‍ നിരീക്ഷണം നടത്തി. പരിചയക്കാരിയുടെ അച്ഛനും ജേഷ്ഠനും അല്ലാതെ മറ്റൊരാള്‍ കൂടി അവിടെയുണ്ടെന്ന് മനസിലാക്കിയ പൊലീസ് രാത്രി വരെ കാത്തിരുന്നു. രാത്രി 12.30 ആയപ്പോഴേക്കും കാര്‍ത്തിക് ഉറങ്ങിക്കാണും എന്ന പ്രതീക്ഷയില്‍ പൊലീസ് സംഘം വീട്ടിലേക്ക് ചെന്നു. എന്നാല്‍, കാര്‍ത്തിക് ഉറങ്ങിയിരുന്നില്ല. പൊലീസ് എത്തിയെന്ന് മനസിലായ ഇയാള്‍ അടുക്കളയുടെ ഭാഗത്തുകൂടി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ അടുക്കള വശത്ത് നിലയുറപ്പിച്ചിരുന്ന പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. ഇതിനിടയില്‍ ഇയാള്‍ പൊലീസിനെ ആക്രമിക്കാനും ശ്രമിച്ചു. എന്നാല്‍ പൊലീസ് ഇയാളെ കീഴ്പ്പെടുത്തി.
തിരുവനന്തപുരം തിരുപുറത്ത് കാര്‍ത്തിക് എത്തിയെന്ന വിവരത്തെ തുടര്‍ന്നാണ് വെള്ളിയാഴ്ച കൊടുമണ്‍ പൊലീസ് സ്റ്റേഷനില്‍നിന്നുള്ള നാലംഗ സംഘം അവിടെയെത്തുകയും ഇയാളെ പിടികൂടുകയും ചെയ്തത്. തൃശ്ശൂർ രാഗം തിയേറ്റർ ഉടമ സുനിലിനെ വധിക്കാൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയാണ് കാർത്തിക്. കൂടുതൽ കേസുകളും തൃശ്ശൂർ ജില്ലയിലാണ്. കൊലപാതകശ്രമം, മോഷണം, കുഴൽപ്പണം, സ്വർണക്കടത്ത് തുടങ്ങി നിരവധി ക്രിമിനൽ കേസുകൾ ഇയാളുടെ പേരിലുണ്ട്. മിക്ക കേസുകളിലും ഇയാളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. കോടതിയിൽ കീഴടങ്ങുകയാണ് പതിവ്.