


മലപ്പുറം : വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കാനുള്ള നീക്കത്തിലും പിഎംശ്രീ പദ്ധതിയിലും മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. വിവാദ ഫയലുകള്‍ അതിവേഗം നീങ്ങിയത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണെന്നും മദ്യനയത്തില്‍ എന്തുവേണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
‘കഴിഞ്ഞ പത്ത് വര്‍ഷം ഭരിച്ച സര്‍ക്കാരിന്റെ തുടര്‍ച്ചയാണിത്. നികുതിയുമായി ബന്ധപ്പെട്ട ഫയല്‍ ബഹുദൂരം സഞ്ചരിച്ചാണ് ഞങ്ങളുടെ അടുത്തെത്തിയത്. അതിന്റെ സഞ്ചാരപാത നോക്കണം. നല്ല സ്പീഡിൽ വളരെ ദൂരം സഞ്ചരിച്ചാണ് എത്തിയത്. അത്തരം കാര്യങ്ങള്‍ സര്‍ക്കാരിന് മുന്നില്‍ വരുമ്പോള്‍ ബജറ്റില്‍ പ്രതിഫലിച്ചെന്ന് വരും. ഉദ്യോഗസ്ഥരൊക്കെ പഴയതുതന്നെയാണല്ലോ’, പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പിഎംശ്രീയിലും സംഭവിച്ചത് സമാനകാര്യമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ബഹുദൂരം താണ്ടിയാണ് ഫയലുകള്‍ തങ്ങളുടെ മുന്നിലെത്തിയത്. ഒരുമാസമായ സര്‍ക്കാരിന്റെ പെരടിക്ക് അതൊന്നും വെച്ചുപോകാനാകില്ല. പിഎംശ്രീയില്‍ കൊണ്ടുപോയി കുടുക്കിവെച്ചു. ഫണ്ട് കിട്ടില്ലെന്ന ഘട്ടത്തിലാണ് ഒപ്പുവെച്ചതെന്നാണ് പ്രതിപക്ഷ നേതാവ് തന്നെ പറഞ്ഞിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇനി എന്തുചെയ്യാനാകുമെന്നാണ് തങ്ങള്‍ നോക്കുന്നത്. ഇതിനൊക്കെ നല്ല ക്ലാരിറ്റിയുണ്ട്. ഇതെല്ലാം അവര്‍ ചെയ്തുവെച്ചതാണ്. അതില്‍ നിന്നും തല ഊരണമെങ്കില്‍ എന്തുചെയ്യാനാകുമെന്നാണ് യുഡിഎഫ് നോക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി ആവര്‍ത്തിച്ചു.
കരിമണലില്‍ സ്വകാര്യവല്‍ക്കരണം കൊണ്ടുവരാനുള്ള നീക്കമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതൊരു റിസര്‍വ്ഡ് പബ്ലിക്സെക്ടറാണ്. അങ്ങനെയൊരു സംഗതി അനുവദിക്കില്ലെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.