


കൊച്ചി : സഭാതര്‍ക്കം പരിഹരിക്കുക തന്റെ സ്വപ്നമാണെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ നിലപാടിനെ സ്വാഗതം ചെയ്ത് ഓര്‍ത്തഡോക്സ് സഭ. വ്യവഹാരരഹിത സഭ എന്ന മുദ്രാവാക്യമാണ് എക്കാലവും മലങ്കര സഭ മുന്നോട്ടുവെച്ചിട്ടുള്ളത്. മലങ്കരസഭയുടെ ചിരകാല സ്വപ്നത്തെ അങ്ങും ചിറകിലേറ്റുന്നു എന്നത് പ്രത്യാശാനിര്ഭരമാണെന്നും ഓര്‍ത്തഡോക്സ് സഭയുടെ പ്രസ്താവനയില്‍ കുറിച്ചു.
നിയമവകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് കോടതി വിധികളുടെ യഥാര്‍ഥ അന്തസത്ത ഉള്‍ക്കൊണ്ട് ഈ വിഷയത്തില്‍ ശാശ്വതമായ ഒരു പ്രശ്നപരിഹാരം കണ്ടെത്താന്‍ സാധിക്കുമെന്നാണ് വിശ്വാസമെന്നും സഭ പറയുന്നു. സഭാതര്‍ക്കത്തിന് ശാശ്വത പരിഹാരം ഉണ്ടാകുക എന്നത് ഏവരുടെയും വലിയൊരു സ്വപ്നമാണ്. ഈ ലക്ഷ്യത്തിനായി സര്‍ക്കാരുമായി പൂര്‍ണ്ണമായി യോജിച്ച് പോകാന്‍ തയ്യാറാണെന്നും അറിയിച്ചു. പ്രശ്നപരിഹാരത്തിനായുള്ള നീക്കങ്ങള്‍ പക്ഷപാതരഹിതമായി നിര്‍വഹിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയട്ടെ എന്ന് സഭ ആശംസിച്ചു.
മുന്‍ സര്‍ക്കാരുകളും ഈ തര്‍ക്കവിഷയത്തില്‍ വളരെ ക്രിയാത്മകമായി ഇടപെടാന്‍ ശ്രമിച്ചിരുന്നുവെന്ന് ഓര്‍ത്തഡോക്സ് സഭ അനുസ്മരിച്ചു. എന്നാല്‍, കോടതി വിധികളെയും നിലവിലുള്ള സഭാ ഭരണഘടനയെയും അംഗീകരിക്കാന്‍ തയ്യാറാകാതെ ഒരു വിഭാഗം മാറി നിന്നതാണ് സമാധാന ശ്രമങ്ങള്‍ക്ക് വിഘാതമായതെന്നും സഭ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഈ സമാധാന സ്വപ്നം സഫലമാക്കുവാന്‍ മറുവിഭാഗവും പൂര്‍ണ്ണമായി സഹകരിക്കുമെന്നാണ് പ്രത്യാശിക്കുന്നതെന്നും ഓര്‍ത്തഡോക്സ് സഭ നേതൃത്വം കൂട്ടിച്ചേര്‍ത്തു.