


ന്യൂഡല്‍ഹി : ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയും പായലും വിവാഹമോചിതരായി. ഇരുവരും പരസ്പര സമ്മതത്തോടെ പിരിയുന്നതായി സുപ്രീംകോടതിയെ അറിയിച്ചു. ഒമര്‍ അബ്ദുല്ലയ്ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബലാണ് ഹാജരായത്. ജഡ്ജിമാരായ പി.എസ്.നരസിംഗ, അലോക് അരാധെ എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഇരുവരും പരസ്പരം നല്കിയ കേസുകള്‍ പിന്‍വലിക്കുമെന്നും കപില്‍ സിബല്‍ പറഞ്ഞു.
ഇരുവരും സ്വാതന്ത്ര്യം പുല്കി. കേസ് തീര്‍പ്പായി. കോടതി വിവാഹമോചനം അനുവദിക്കണം. മറ്റെല്ലാ കേസുകളും പിന്‍വലിക്കും.’ കപില്‍ സിബല്‍ കോടതിയെ അറിയിച്ചു. 1994 സെപ്റ്റംബറിലാണ് ഒമര്‍ അബ്ദുല്ലയും പായലും വിവാഹിതരായത്. 2009 മുതല്‍ ഇരുവരും പിരിഞ്ഞു കഴിയുകയാണ്. രണ്ട് ആണ്‍മക്കളുണ്ട്.
നേരത്തെ കേസ് പരിഗണിക്കുന്നതിനിടെ, കഴിഞ്ഞ 16 വര്‍ഷമായി പിരിഞ്ഞു കഴിയുകയാണെന്നും തീര്‍ത്തും തകര്‍ന്ന വിവാഹ ബന്ധമാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. ഉപേക്ഷിച്ച് പോകല്‍, ക്രൂരത എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഒമര്‍ അബ്ദുല്ല ആദ്യം വിവാഹമോചനം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, വിവാഹബന്ധം വീണ്ടെടുക്കാനാവാത്തവിധം തകര്‍ന്നുപോയി എന്ന് തെളിയിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി 2016-ല്‍ കുടുംബ കോടതി അദ്ദേഹത്തിന്റെ ഹര്‍ജി തള്ളി. ക്രൂരത ആരോപിച്ചുള്ള പരാതികള്‍ വ്യക്തതയില്ലാത്തതും അടിസ്ഥാനരഹിതവുമാണെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം. തുടര്‍ന്ന് അദ്ദേഹം കുടുംബ കോടതിയുടെ വിധിക്കെതിരെ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍, 2023 ഡിസംബറില്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ചും അദ്ദേഹത്തിന്റെ അപ്പീലില്‍ കഴമ്പില്ലെന്ന് വ്യക്തമാക്കി കുടുംബ കോടതിയുടെ ഉത്തരവ് ശരിവെച്ചു.
പായല്‍ അബ്ദുല്ലയ്ക്ക് പ്രതിമാസം 1.5 ലക്ഷം രൂപ ജീവനാംശമായും, മക്കളിലൊരാളുടെ വിദ്യാഭ്യാസ ചെലവിലേക്കായി പ്രതിമാസം 60,000 രൂപയും നല്കാന് ഹൈക്കോടതി ഒമര്‍ അബ്ദുല്ലയോട് നിര്‍ദ്ദേശിച്ചിരുന്നു. നിലവില്‍ ഇരുഭാഗവും പരസ്പര സമ്മതത്തോടെ ഒത്തുതീര്‍പ്പിലെത്തുകയും, നിലവിലുള്ള എല്ലാ കേസുകളും പിന്‍വലിക്കാന്‍ തീരുമാനിക്കുകയും ചെയ്ത സാഹചര്യത്തില്‍, ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 142 നല്കുന്ന പ്രത്യേക അധികാരം ഉപയോഗിച്ച് ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ക്ക് വിധേയമായി വിവാഹമോചനം അനുവദിച്ചുകൊണ്ട് കേസ് തീര്‍പ്പാക്കുന്നുവെന്ന് സുപ്രീംകോടതി വ്യക്തമാക്കി.