


തിരുവനന്തപുരം : പേഴ്സണല്‍ സ്റ്റാഫില്‍ സഹോദരി ഭര്‍ത്താവിനെ നിയമിച്ചതിനെ ന്യായീകരിച്ച് മന്ത്രി സണ്ണി ജോസഫ്. മന്ത്രി എന്ന നിലയില്‍ തന്റെ പ്രവര്‍ത്തനം കുറ്റമറ്റതാക്കാന്‍ സഹായിക്കുന്ന നല്ലൊരു വ്യക്തി എന്ന നിലയിലാണ് പൊതുപ്രവര്‍ത്തന രംഗത്തെ പരിചയസമ്പന്നനെ നിയമിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ബന്ധു എന്ന നിലയിലല്ല നിയമനം എന്നും സണ്ണി ജോസഫ് പറഞ്ഞു.
‘പേഴ്സണല്‍ സ്റ്റാഫില്‍ നിയമിക്കാന്‍ എന്തെങ്കിലും യോഗ്യതയോ മാനദണ്ഡമോ നിയമപരമായി ഇല്ല. അപേക്ഷ വിളിച്ച്,പരീക്ഷ നടത്തി അഭിമുഖം നടത്തി എടുക്കുന്ന നിയമനമല്ലിത്. ബന്ധപ്പെട്ട മന്ത്രിയാണ് അതില്‍ തീരുമാനമെടുക്കുന്നത്. ഈ വ്യക്തി തന്റെ ബന്ധുവാണെന്ന് താന്‍ തന്നെയാണ് പറഞ്ഞത്. തനിക്ക് അനുജന് ഉണ്ട് അദ്ദേഹത്തെ നിയമിച്ചിട്ടില്ല. പകരം പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായ തെരഞ്ഞെടുപ്പില്‍ ചീഫ് ഏജന്റായിരുന്ന രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നല്ല ട്രാക്ക് റെക്കോര്‍ഡ് ഉള്ള ബെന്നി തോമസിനെയാണ് നിയമിച്ച’തെന്ന് മന്ത്രി പറഞ്ഞു. മാധ്യമങ്ങള്‍ക്ക് ഇത്ര രൂക്ഷ വിമര്‍ശനം നടത്തുമെന്ന് പ്രതീക്ഷിച്ചില്ല.സഭയില്‍ പോലും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
സഹോദരി ഭര്‍ത്താവിനെ പേഴ്സണല്‍ സ്റ്റാഫില്‍ നിയമിച്ചതിനെതിരെ കെപിസിസി യോഗത്തില്‍ വിമര്‍ശനം ഉണ്ടായില്ലെന്ന് വര്‍ക്കിംഗ് പ്രസിഡന്റുകൂടിയായ മന്ത്രി പി.സി വിഷ്ണുനാഥ് പറഞ്ഞു. പുറത്തുവന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.