

തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം വളരെ മന്ദഗതിയിലാണ് മുന്നോട്ടുപോകുന്നതെന്നും ഇതില്‍ സര്‍ക്കാരിന് കടുത്ത അതൃപ്തിയുണ്ടെന്നും ദേവസ്വം മന്ത്രി കെ മുരളീധരന്. കേസില്‍ അറസ്റ്റുകള്‍ നടക്കുന്നുണ്ടെങ്കിലും കുറ്റപത്രം ഇതുവരെ സമര്‍പ്പിച്ചിട്ടില്ല. ഈ മാസം അവസാനം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍, അന്വേഷണ പുരോഗതിയില്‍ സര്‍ക്കാരിന്റെ അതൃപ്തി ഹൈക്കോടതിയെ അറിയിക്കും. അന്വേഷണം ഇഴഞ്ഞു നീങ്ങുമ്പോള്‍ സര്‍ക്കാരിന് നോക്കിനില്ക്കാന് കഴിയില്ലെന്നും മുരളീധരന് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തിനെ കസ്റ്റഡിയിലെടുത്തതിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
കസ്റ്റഡിയിലെടുക്കുന്നതിന് തൊട്ടുമുമ്പ്, തനിക്കെതിരെയുള്ള നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ച് പിഎസ് പ്രശാന്ത് വ്യാഴാഴ്ച രാവിലെ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിനോട് പ്രതികരിക്കവേ, എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് പ്രശാന്തിനെ ആദ്യം ചോദ്യം ചെയ്തതെന്ന് മന്ത്രി പറഞ്ഞു. അന്നത്തെ ചോദ്യം ചെയ്യലിന്റെ തുടര്‍ച്ചയായിട്ടാകാം എസ്ഐടിയുടെ ഇപ്പോഴത്തെ നടപടിയെന്നും മുരളീധരന് അഭിപ്രായപ്പെട്ടു.
എസ്ഐടി ഉദ്യോഗസ്ഥരെ വിളിച്ചോ, അഭിപ്രായങ്ങള്‍ തേടിയോ, നിര്‍ദ്ദേശങ്ങള്‍ നല്‍കിയോ സര്‍ക്കാര്‍ അന്വേഷണത്തില്‍ ഒരു തരത്തിലും ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതിലുള്ള സര്‍ക്കാരിന്റെ അതൃപ്തി പലതവണ വ്യക്തമാക്കിയിട്ടുണ്ട്. പ്രശാന്തിനെതിരെയുള്ള എസ്ഐടി നടപടിയോടെ, കേസില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്ന് ഇനി എല്‍ഡിഎഫിന് അവകാശപ്പെടാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2019ല്‍ ഇലക്ട്രോപ്ലേറ്റിങ്ങിനായി കൊണ്ടുപോയതിന് ശേഷം ശബരിമലയിലെ ദ്വാരപാലക വിഗ്രഹങ്ങളില്‍ നിന്നും ശ്രീകോവിലിന്റെ കട്ടിളകളില്‍ നിന്നും സ്വര്‍ണം കാണാതായതുമായി ബന്ധപ്പെട്ട രണ്ട് കേസുകളാണ് എസ്ഐടി അന്വേഷിക്കുന്നത്. പ്രശാന്ത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന 2025ല്‍ നടന്ന സമാനമായ ഇലക്ട്രോപ്ലേറ്റിങ് പ്രവൃത്തികളെക്കുറിച്ചും അന്വേഷിക്കുന്നുണ്ടെന്ന് എസ്ഐടി അടുത്തിടെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. 2023 മുതല്‍ 2025 വരെയാണ് പ്രശാന്ത് ബോര്‍ഡിനെ നയിച്ചിരുന്നത്. 2025 സെപ്റ്റംബറിലെ ഇലക്ട്രോപ്ലേറ്റിങ് വേളയില്‍ സ്വര്‍ണം കവര്‍ന്നതായുള്ള ആരോപണത്തിലെ അന്വേഷണവും ദ്വാരപാലക വിഗ്രഹ കേസുമായി കൂട്ടിച്ചേര്‍ത്തതായി കോടതിയില്‍ എസ്ഐടി വ്യക്തമാക്കിയിട്ടുണ്ട്.