

തിരുവനന്തപുരം : യുഡിഎഫ് അധികാരത്തിലെത്തിയതോടെ ആശമാരുടെ ഹോണറേറിയം വർധിപ്പിക്കലടക്കമുള്ള ആവശ്യങ്ങൾ ഉടൻ തന്നെ പരിഗണിക്കുമെന്ന പ്രതിക്ഷയിലാണ് സെക്രട്ടേറിയേറ്റിന് മുന്നിൽ സമരം ചെയ്ത ആശമാർ. വാക്ക് പാലിച്ചില്ലെങ്കിൽ പുതിയ സർക്കാരിനെതിരെയും സമരം നടത്തുമെന്ന നിലപാടിലാണ് സമരത്തിന്നേതൃത്വം നൽകിയവർ.
മുഖ്യമന്ത്രി ചർച്ച കോൺഗ്രസിന്റെ ആഭ്യന്തര കാര്യമാണെങ്കിലും വിഷയത്തിൽ ജനവികാരം മാനിക്കണമെന്നാണ് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ അഭിപ്രായം. പ്രതിദിന വേതനം 700 രൂപയാക്കുക, അഞ്ച് ലക്ഷം രൂപ വിരമിക്കൽ ആനുകൂല്യം നൽകുക, പെൻഷൻ നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരന്നു 266 ദിവസം സെക്രട്ടേറിയറ്റ് പടിക്കൽ സ്ത്രീ തൊഴിലാളികൾ സമരം ചെയ്തത്. കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ആരംഭിച്ച സമരത്തെ ആദ്യം തള്ളിപ്പറഞ്ഞത് സിഐടിയു. പിന്നാലെ സിപിഎം നേതാക്കളും സമരത്തിനെതിരെ രംഗത്തെത്തി. ഇതോടെയാണ് സമരത്തെ പ്രതിപക്ഷം പരസ്യമായി പിന്തുണച്ചത്.
അധികാരത്തിലെത്തിയാൽ ആദ്യ മന്ത്രിസഭാ യോഗത്തിൽ ആവശ്യങ്ങൾ അംഗീകരിക്കുമെന്നും പ്രതിപക്ഷനേതാവ് അടക്കമുള്ള യുഡിഎഫ് നേതൃത്വത്തന്റെ ഉറപ്പുനൽകി. ഈ വാഗ്ദാനം പാലിക്കുമെന്നാണ് ആശമാരുടെ പ്രതീക്ഷ.
തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപ്, ഓണറേറിയം 1000 രൂപ വർധിപ്പിതോടെയാണ് 2025 ഫെബ്രുവരി 10ന് ആരംഭിച്ച സെക്രട്ടേറിയേറ്റിന് മുന്നലെ രാപ്പകൽ സമരം നവംബർ ഒന്നിന് അവസാനിപ്പിച്ചത്. സമരത്തിന്റെ പശ്ചാതലത്തിൽ 1500 രൂപയുടെ ഫിക്സഡ് ഇൻസെന്റീവ് കേന്ദ്ര സർക്കാർ 3500 രൂപയാക്കി ഉയർത്തുകയും ചെയ്തിരുന്നു.