


ചെന്നൈ : അണ്ണാ ഡിഎംകെ (AIADMK) നേതൃത്വത്തിന് കനത്ത പ്രഹരമേകി മുതിർന്ന നേതാവും മുൻ മന്ത്രിയുമായ എസ്. സെമ്മലൈ പാർട്ടിയിൽ നിന്ന് രാജിവെച്ചു. പാർട്ടിക്കുള്ളിൽ നാളുകളായി പുകയുന്ന ആഭ്യന്തര തർക്കങ്ങളും ഭിന്നതകളും അങ്ങേയറ്റം രൂക്ഷമാകുന്നതിനിടയിലാണ് ഒടുവിൽ സെമ്മലൈ തന്റെ പടിയിറക്കം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പിന് ശേഷം പാർട്ടിക്കുള്ളിൽ അരങ്ങേറിക്കൊണ്ടിരിക്കുന്ന അസ്വാഭാവിക സംഭവവികാസങ്ങളിൽ തനിക്കുള്ള കടുത്ത നിരാശയും വേദനയും അദ്ദേഹം രാജിക്കത്തിൽ പരസ്യമാക്കി.
പാർട്ടിക്കുള്ളിൽ മുൻപ് നടന്നതോ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതോ ആയ ഒരു കാര്യങ്ങളും ഒട്ടും തൃപ്തികരമല്ലെന്ന് അദ്ദേഹം തുറന്നടിച്ചു. ഈ പ്രസ്ഥാനത്തിനായി ജീവിതം സമർപ്പിച്ച ലക്ഷക്കണക്കിന് സാധാരണക്കാരായ അണികളും ഇതേ കടുത്ത മാനസിക വിഷമത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രി ജെ. ജയലളിതയുടെ വിയോഗത്തിന് ശേഷം, തന്നെപ്പോലെയുള്ള മുതിർന്ന നേതാക്കളെ പൂർണ്ണമായി അവഗണിക്കുകയാണെന്നും പാർട്ടിയിൽ അർഹമായ അവസരങ്ങൾ ലഭിക്കുന്നില്ലെന്നുമുള്ള പരസ്യമായ എടുത്തുപറച്ചിലോടെയാണ് ജയലളിതയുടെ വിശ്വസ്തനായിരുന്ന സെമ്മലൈ പടിയിറങ്ങിയത്. ഇത് തമിഴ്നാട് രാഷ്ട്രീയത്തിൽ പുതിയ ചലനങ്ങൾക്കാണ് വഴിതുറന്നിരിക്കുന്നത്.
നിയമസഭയിലെ വിശ്വാസ വോട്ടെടുപ്പില്‍ ടി.വി.കെ സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്തതിനെ തുടര്‍ന്ന്, എസ്.പി വേലുമണി, സി.വി ഷണ്മുഖം, സി. വിജയഭാസ്കര്‍, നാഥം ആര്. വിശ്വനാഥന് എന്നിവരുള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളായ വിമത എം.എല്‍.എമാരെ അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി പാര്‍ട്ടി പദവികളില്‍ നിന്ന് നീക്കി ദിവസങ്ങള്‍ക്ക് ശേഷമാണ് സെമ്മലൈയുടെ രാജി.