

കൊച്ചി : അവയവ വില്പനയുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിൽ കൂടുതൽ ഡോക്ടർമാർ ഇഡിക്ക് മുന്നിൽ. സ്വകാര്യ ആശുപത്രി ഉടമകള്‍ക്ക് പുറമെയാണ് ഡോക്ടര്‍മാരെയും ഇഡി ചോദ്യം ചെയ്യുന്നത്. കൂടുതൽ ആശുപത്രി മാനേജ്മെന്റുകൾക്കും ഇഡി സമൻസയച്ചു.
അവയവക്കച്ചവട റാക്കറ്റിന് സ്വകാര്യ ആശുപത്രികളിൽ നിന്ന് കമ്മീഷൻ ലഭിച്ചിരുന്നുവെന്നാണ് ഇഡി കണ്ടെത്തല്‍ . ഇതിന് പിറകേയാണ് ആശുപത്രി മാനേജ്മെന്റുമായി ബന്ധപ്പെട്ടവരെ ഇഡി ചോദ്യം ചെയ്യാന്‍ തുടങ്ങിയത്.തൊട്ടുപിന്നാലെ, നിയമവിരുദ്ധ അവയവമാറ്റ ശസ്ത്രക്രിയക്ക് കമ്മീഷൻ കൈപ്പറ്റിയിരുന്നോ എന്ന് പരിശോധിക്കാനായി ഡോക്ടർമാർക്കും ഇഡിയുടെ സമൻസെത്തി.
ഇതിന്റെ ഭാഗമായി എറണകുളം വിപിഎസ് ലേക് ഷോർ ആശുപത്രിയിലെ സീനിയർ കൺസൾട്ടന്റ് മുഹമ്മദ് ഇക്ബാൽ ഇഡിക്ക് മുന്നില്‍ ഹാജരായി. ഇതിന് പിന്നാലെയാണ് ലേക് ഷോറിലെ തന്നെ സീനിയർ കൺസൾട്ടന്റായ ജോൺ അലക്സാണ്ടറും ഇവരുടെ തന്നെ ആയുർക്ഷേത്രയുടെ ഭാഗമായ ശ്രീജ പിള്ളയും ഇഡിയുടെ കൊച്ചി ഓഫീസിൽ ഹാജരായി.
എറണാകുളം മെഡിക്കൽ ട്രസ്റ്റ് , രാജഗിരിയി മാനേജ്മെന്റുകളെയും ചോദ്യം ചെയ്യാനാണ് ഇഡി തീരുമാനം. രണ്ടു മാനേജ്മെന്റുകള്‍ക്കും ഇഡി സമന്‍സ് അയച്ചു . ഇവരുടെ ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും കേന്ദ്രീകരിച്ചും ഇഡി അന്വേഷണം നടത്തും.