


തിരുവനന്തപുരം : കേരളത്തില്‍ യുഡിഎഫ് അധികാരത്തിലേറുമെന്ന് ബഹുഭൂരിപക്ഷം എക്സിറ്റ് പോളുകളും പ്രവചിക്കുമ്പോഴും, ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന ശുഭപ്രതീക്ഷയിലാണ് സിപിഐഎം നേതൃത്വം. എല്‍ഡിഎഫിന്റെ സീറ്റ് നില 70 ല്‍ താഴെയാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ സൂചിപ്പിച്ചു.
ആഭ്യന്തര തലത്തിലുള്ള വിലയിരുത്തലുകളുടേയും, കീഴ്ഘടകങ്ങളുടെ റിപ്പോര്‍ട്ടുകളുടേയും അടിസ്ഥാനത്തിലാണ് തങ്ങളുടെ വിശ്വാസമെന്ന് സിപിഐഎം നേതാക്കള്‍ പറയുന്നു. എക്സിറ്റ് പോളുകളില്‍ പ്രതിഫലിക്കുന്നതിനേക്കാള്‍ അനുകൂലമായ ചിത്രം വോട്ടെണ്ണുമ്പോള്‍ ഉണ്ടാകുമെന്നാണ് നേതാക്കളുടെ കണക്കുകൂട്ടല്‍.
എല്ലാ എക്സിറ്റ് പോളുകളും യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തുന്നതിന് അനുകൂലമായ ഒരു പ്രത്യേക പാറ്റേണ്‍ കാണിക്കുന്നു. അതിനെക്കുറിച്ച് ഞങ്ങള്‍ക്ക് ആശങ്കകളുണ്ട്. ഇത് ഒരു പ്രവണതയെ സൂചിപ്പിക്കുന്നുണ്ടെങ്കിലും, ഞങ്ങള്‍ക്ക് സ്വന്തമായി വിലയിരുത്തലുണ്ട്. ഒരു സാഹചര്യത്തിലും എല്‍ഡിഎഫ് 70 സീറ്റില്‍ താഴെയാകില്ല. ഒരു സിപിഎം നേതാവ് പറഞ്ഞു.
മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ന്യൂനപക്ഷ ഏകീകരണം യുഡിഎഫിന് അനുകൂലമായി സംഭവിച്ചിട്ടുണ്ട്. മലബാറില്‍ ഏകദേശം 12 സീറ്റുകളും മധ്യ, ദക്ഷിണ കേരളത്തില്‍ ഏകദേശം 10 സീറ്റുകളും നഷ്ടപ്പെട്ടേക്കാം. എങ്കിലും എല്‍ഡിഎഫ് 70 സീറ്റില്‍ എത്തുമെന്ന് വിശ്വസിക്കുന്നു. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം പറഞ്ഞു.
മിക്ക പ്രവചനങ്ങളും എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള ഇഞ്ചോടിഞ്ച് പോരാട്ടമാണ് സൂചിപ്പിക്കുന്നത്. അതുതന്നെ ഭരണവിരുദ്ധ വികാരമില്ല എന്നതിന്റെ തെളിവാണ്. സര്‍ക്കാരിന്റെ പ്രകടനം വളരെ മികച്ചതായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ എല്ലാ പ്രചാരണങ്ങളും ഉണ്ടായിരുന്നിട്ടും, യുവതലമുറ, പ്രത്യേകിച്ച് സ്ത്രീകള്‍, എല്‍ഡിഎഫിനോട് ചായ്വ് കാണിച്ചെന്നും സിപിഐഎം നേതാവ് പറഞ്ഞു.
എക്സിറ്റ് പോള്‍ ഫലങ്ങളെക്കുറിച്ച് എല്‍ഡിഎഫിന് അതിനെക്കുറിച്ച് ഒരു ആശങ്കയുമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പറഞ്ഞു. ”എക്സിറ്റ് പോളുകള്‍ രണ്ട് കാര്യങ്ങള്‍ തെളിയിച്ചു. ഒന്ന്, എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ഭരണവിരുദ്ധ വികാരമില്ല, രണ്ടാമത്തേത്, മുഖ്യമന്ത്രിയാകാന്‍ ഏറ്റവും ജനപ്രിയനായ നേതാവ് പിണറായി വിജയനാണ്. എല്‍ഡിഎഫിന് 60 മുതല്‍ 69 വരെ സീറ്റുകള്‍ ലഭിക്കുമെന്ന് സര്‍വേകള്‍ പ്രവചിക്കുന്നു, ഇത് ഭൂരിപക്ഷത്തിന് രണ്ട് സീറ്റുകള്‍ മാത്രം കുറവാണ്. ”. എം വി ഗോവിന്ദന് പറഞ്ഞു