


വനംമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കപ്പെട്ട വനം വകുപ്പിനെതിരെ കേസ്സ് നടത്തുന്നവനം-വന്യജീവി വിരുദ്ധനെ പുറത്താക്കണമെന്ന് കോ എക്സിസ്റൻ്റസ് കളക്ടീവ്. വനം-വന്യജീവി മന്ത്രിയുടെ ഓഫീസിൽ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി വനം-വന്യജീവി വിരുദ്ധതയ്ക്ക് കുപ്രസിദ്ധി നേടിയ സിജുമോൻ ഫ്രാൻസിസിനെ നിയമിച്ചതിൽ പരിസ്ഥിതി സംഘടനകളുടെയും ശാസ്ത്രജ്ഞരുടെയും ഗവേഷകരുടെയും കർഷകരൂടെയും കൂട്ടായ്മ രംഗത്ത് വന്നത്.
വനം മന്ത്രി നടത്തിയ നിയമനം കേരളത്തിലെ വനം-പരിസ്ഥിതി ഭരണസംവിധാനത്തിന്റെ നിഷ്പക്ഷതയെയും പൊതുജന വിശ്വാസത്തെയും കൊഞ്ഞനം കുത്തുന്നതാണ്. അത് കേരളത്തിലെ ജനങ്ങളോടും ജനാധിപത്യ സംവിധാനത്തോടും ഉള്ള വെല്ലുവിളിയാണ്.
ബഫർ സോൺ , വനാതിർത്തി നിർണ്ണയം, വന്യജീവി സംഘർഷം എന്നിവയിൽ വനംവകുപ്പിനും സർക്കാരിനുമെതിരെ തുടർച്ചയായി സമരങ്ങൾ സംഘടിപ്പിക്കുകയും ജനങ്ങളെ അണിനിരത്തുകയും ചെയ്തയാളാണ് സിജുമോൻ ഫ്രാൻസിസ്. ഇയാൾ
വനംവകുപ്പിനെ പ്രതിയാക്കി ഹൈക്കോടതിയിൽ ദീർഘകാലമായി കേസ്സ്നടത്തി കൊണ്ടിരക്കുന്ന ആളാണ് . WP(C) No.10978/2024, R.P. No.956/2024 എന്നീ കേസുകളിൽ സിജുമോൻ ഫ്രാൻസിസ് നേരിട്ട് കക്ഷിയാണ്. അദ്ദേഹത്തിന്റെ മകൾ കിരൺ സിജു ഒന്നാം ഹർജിക്കാരിയായും കോടതിയിൽ തുടരുകയാണ്. കൊച്ചി-ധനുഷ്കോടി ദേശീയപാത 85-ന്റെ നേര്യമംഗലം–വാളറ ഭാഗത്തെ റോഡ് വികസനവുമായി ബന്ധപ്പെട്ടാണ് വനംവകുപ്പിനെതിരെ ഇയാളുടെ ഒടുവിലത്തെ കേസ്സ്.
സർക്കാരിനും വനംവകുപ്പിനുമെതിരെ സമരങ്ങളും പ്രക്ഷോഭങ്ങളും നയിക്കുകയും, കോടതിയിൽ കേസുകൾ നടത്തുകയും, വർഷങ്ങളായി വകുപ്പിന്റെ തീരുമാനങ്ങളെ എതിർക്കുകയും ചെയ്ത ചരിത്രമുള്ള ഒരാളെ, അതേ സർക്കാരിന്റെ ഭാഗമാക്കുന്നത് അത്തരം പ്രവർത്തനത്തെ മന്ത്രിയും സർക്കാറും അംഗീകരിക്കുന്നതിന്ന് തുല്യമാണ്. ഇത് പൊതുസമൂഹത്തിൽ സ്വാഭാവികമായും ആശങ്ക ഉയർത്തുന്നതാണ്.
കേരളത്തിന്റെ വനങ്ങൾ, വന്യജീവികൾ, ജൈവവൈവിധ്യം, ആന ഇടനാഴികൾ, പരിസ്ഥിതി ലോല പ്രദേശങ്ങൾ, നദീതടങ്ങൾ, പ്രകൃതി പൈതൃകം എന്നിവയുടെ സംരക്ഷണം ഒരു സാധാരണ ഭരണപരമായ ചുമതല മാത്രമല്ല , വനം മന്ത്രിയുടെയും സർക്കാറിൻ്റെയും ഭരണഘടനാപരമായ ഉത്തരവാദിത്തവുമാണ്. മനുഷ്യരെ സംരക്ഷിക്കാൻ കേരളത്തിൽ നിരവധി വകുപ്പുകളും മന്ത്രിമാരുമുണ്ട്. വനങ്ങളെയും വന്യജീവികളെയും പരിപാലിക്കുകയും സംരക്ഷിക്കുകയുമാണ് വനം മന്ത്രിയുടെ ചുമതലയും ഭരണഘടനപരമായ ബാദ്ധ്യതയും. സിജുമോൻ ഫ്രാൻസിസ് ദീർഘകാലമായി വനം വകുപ്പിന്റെ വിവിധ നടപടികൾക്കും നയങ്ങൾക്കും എതിരായി പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും സംഘടിപ്പിച്ചും പ്രതിഷേധങ്ങളും കുപ്രചരണങ്ങളും വിദ്വേഷവും അവമതിപ്പും ഉണ്ടാക്കിയും വനംവകുപ്പിനെ ശത്രു പക്ഷത്ത് നിർത്തിയിരിക്കുന്ന വ്യക്തിയാണ് .കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ (KIFA) എന്ന സംഘടനയുടെ എറണാകുളം ജില്ലാ പ്രസിഡന്റായിരുന്ന കാലഘട്ടത്തിലും അതിനുശേഷം ഫാർമേഴ്സ് അവയർനെസ് റിവൈവൽ മൂവ്മെന്റ് (FARM) എന്ന സംഘടന രൂപീകരിച്ച ശേഷവും വനസംരക്ഷണം, ബഫർ സോൺ, വനാതിർത്തി നിർണ്ണയം, വന്യജീവി പരിപാലനം, വനഭരണം എന്നിവയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളിൽ അദ്ദേഹം വനം വകുപ്പിനെതിരെ പോരാടി കൊണ്ടിരിക്കുന്നു.
വനം വകുപ്പിന്റെ പ്രവർത്തനങ്ങളെയും നയങ്ങളെയും നിരന്തരം വിമർശിക്കുകയും എതിർക്കുകയും പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുകയും ചെയ്തിട്ടുള്ള ഒരാളെ അതേ വകുപ്പിന്റെ രാഷ്ട്രീയ-ഭരണ സംവിധാനത്തിലെ മർമ്മ സ്ഥാനത്തേക്ക് നിയമിക്കുന്നതിലൂടെ എന്ത് സന്ദേശമാണ് വനം മന്ത്രിയും കേരള സർക്കാറും നൽകാൻ ഉദ്ദേശിക്കുന്നത് എന്ന് അറിയാൻ കേരളീയ സമൂഹത്തിന് അവകാശമുണ്ട്. ഇതേ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ അഭിപ്രായം എന്താണ് ?
ഹൈറേഞ്ച് മേഖലയുമായി ബന്ധപ്പെട്ട നിരവധി പരിസ്ഥിതി, വന-വന്യജീവി വിഷയങ്ങൾ വിവിധ കോടതികളുടെയും ട്രൈബ്യൂണലുകളുടെയും മറ്റ് നിയമസ്ഥാപനങ്ങളുടെയും പരിഗണനയിലോ വിധിനിർണ്ണയത്തിലോ ഉള്ള സാഹചര്യത്തിൽ, അത്തരം വിഷയങ്ങളിൽ പ്രതിലോമപരവും വനം- വന്യജീവി വിരുദ്ധവുമായ നിലപാടുകൾ സ്വീകരിച്ചിട്ടുള്ള ഒരാളുടെ നിയമനം മേൽപ്പറഞ്ഞവയാക്കെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നുവേണം കരുതാൻ. ഇ. എഫ്. എൽ, പാട്ടക്കാലാവധി കഴിഞ്ഞ സ്വകാര്യ പ്ലാൻ്റേഷനുകൾ, വെസ്റ്റഡ് ഫൊറസ്റ്റ് തുടങ്ങിയ കേസ്സുകൾ ട്രിബൂണലിലും കോടതികളിലും നടക്കുന്നത് അട്ടിമറിക്കപ്പെടുമെന്നും ഭയപ്പെടേണ്ടിയിരിക്കുന്നു.
വനസംരക്ഷണം, വന്യജീവി സംരക്ഷണം, കയ്യേറ്റങ്ങൾ ഒഴിപ്പിക്കൽ, നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ, കോടതി ഉത്തരവുകൾ നടപ്പാക്കൽ തുടങ്ങിയ നിയമപരമായി നിർബന്ധിതവും പലപ്പോഴും ജനപ്രീതിയില്ലാത്തതുമായ ചുമതലകൾ നിർവഹിക്കുന്ന വനം വകുപ്പ് ഉദ്യോഗസ്ഥരുടെ മനോവീര്യത്തെയും സ്വാതന്ത്ര്യത്തെയും ഇത്തരം നിയമനങ്ങൾ പ്രതികൂലമായും ഗുരുതരമായും ബാധിക്കുമെന്നതിൽ സംശയമില്ല. വനസംരക്ഷണ സേനയെ ഇത് നിഷ്ക്രിയമാക്കും.
അതിനാൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോടും വനം-വന്യജീവി വകപ്പ് മന്ത്രിയോടും സിജുമോൻ ഫ്രാൻസിസിനെ വനം-വന്യജീവി മന്ത്രിയുടെ ഓഫീസിൽ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത് പുനഃപരിശോധിക്കുകയും അയാളെ പുറത്താക്കയും ചെയ്യണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു.
വനം വകുപ്പിനെതിരെ നിരന്തരം പ്രചരണം നടത്തുകയും പ്രതിഷേധങ്ങൾ സംഘടിപ്പിക്കയും ചെയ്തു വന്നിട്ടുള്ള ഒരാളെ അതേ വകുപ്പിന്റെ രാഷ്ട്രീയ-ഭരണ സംവിധാനത്തിലെ സ്വാധീനമുള്ള സ്ഥാനത്തേക്ക് പരിഗണിക്കുന്നതിൻ്റെ ചേതോവികാരം എന്താണെന്ന് വ്യക്തത ലഭിക്കേണ്ടത് യു.ഡി.എഫിനെ വൻഭൂരിപക്ഷത്തോട അധികാരത്തിലേറ്റിയ കേരളത്തിലെ ജനങ്ങളുടെ ന്യായമായ അവകാശമാണ്
.
കോ എക്സിസ്റ്റൻസ് കളക്ടീവിന്നു വേണ്ടി
1-വീണ മരത്തൂർ – ( കോർഡിനേറ്റർ കോ എക്സിസ്റൻ്റ് കളക്ടീവ് ) phon :
2 -N. ബാദുഷ (വയനാട് പ്രകൃതി സംരക്ഷണ സമിത) phon : 8547 590 222
3- എം.എൻ . ജയചന്ദ്രൻ (എസ്. പി ഡി.എ. ഇടുക്കി)
4 – അഡ്വ. സന്തോഷ് (അനക്ക് ട്രസ്റ്റ് )
5- ടി.വി.രാജൻ (പശ്ചിമഘട്ട സംരക്ഷണ സമിതി)
6- എം. രമിത്ത് (സഹ്വാദ്രിപരിസ്ഥിതി കൂട്ടായ്മ )
7 – അൻവർ സാദത്ത് (നിലമ്പൂർ പ്രകൃതി സംരക്ഷണ സമിതി)
8- സതീശൻ ഉഴവൂർ ( നാച്ചർ വൈബ്ബ് )
9- ജയപ്രകാശ് നിലമ്പൂർ പ്രകൃതി പഠന കേന്ദ്രം )
10 – S. ഉണ്ണികൃഷ്ണൻ (ചിലക്കുടിപുഴസംരക്ഷണ സമിതി)
11- കെ. എ.സുലൈമാൻ (ഫയർ ഫ്രീ ഫോറസ്റ്റ് )
12 എസ്. ഗുരുവായൂരപ്പൻ (വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ഗ്രുപ്പ് )
13 ആർ. മോഹനൻ ( മൂന്നാർ എൻവയർമെൻ്റ് ആൻ്റ് സെൽഡ് ലൈഫ് സൊസൈറ്റി)
14 – എസ്. ജെ. സജീവ് (എൻവയർമെൻ്റ് പ്രൊട്ടക്ഷൻ ആൻ്റ് റിസർച്ച് കൌൺസിൽ – തിരുവനന്തപുരം)