


ന്യുഡൽഹി : നീറ്റ് ഉൾപ്പടെയുള്ള പരീക്ഷകളിലെ ക്രമക്കേടിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോക്കറോച്ച് ജനത പാർട്ടിയുടെ പ്രതിഷേധം ആരംഭിച്ചു. ഡൽഹിയിലെ ജന്തർമന്ദിറിലെ നൂറുകണക്കിന് പ്രതിഷേധക്കാരാണ് എത്തിയത്. നാല് മണി വരെ പ്രതിഷേധത്തിന് പൊലീസ് അനുമതി നൽകിയിട്ടുണ്ട്. സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്കേ രണ്ടുമണിയോടെയാണ് പ്രതിഷേധ വേദിയിലേക്ക് എത്തിയത്.
ധർമ്മേന്ദ്രപ്രധാൻ്റെ രാജി ആവശ്യപ്പെട്ട് സിജെപി ഡൽഹയിൽ സംഘടിപ്പിച്ച രണ്ടാം ഘട്ട പ്രതിഷേധമാണ് ഇന്നത്തേത്. ഐക്യദാർഢ്യം പ്രഖ്യാപിച്ചു നിരവധി സംഘടനകളും പ്രതിഷേധത്തിനെത്തിയിട്ടുണ്ട്. ചോദ്യപേപ്പർ ചോർച്ചക്കിടെ ആത്മഹത്യ ചെയ്ത വിദ്യാർത്ഥികൾക്ക് ഒരുകോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരുടെ ചിത്രം പതിച്ച ബോർഡ് ഉദ്ഘാടന വേദിയിൽ സ്ഥാപിച്ചിട്ടുണ്ട്.
ദേശിയ പതാകയും ഏന്തിക്കൊണ്ടാണ് പ്രതിഷേധക്കാർ ജന്തർ മന്ദിറിൽ എത്തിയത്. നീറ്റ് പുനഃപരീക്ഷ നാളെ നടക്കാനിരിക്കെയാണ് ഡൽഹിയിലെ പ്രതിഷേധം. നാളത്തെ പരീക്ഷ എഴുതുന്ന വിദ്യാർഥികൾ വരെ പ്രതിഷേധത്തിനായി എത്തിച്ചേർന്നിട്ടുണ്ട്. പരീക്ഷ രീതിയിൽ സമഗ്രമായ പരിഷ്ക്കരണവും പ്രതിഷേധക്കാരുടെ ആവശ്യമാണ്. നീറ്റ് പുനഃപരീക്ഷയുടെ ഹാൾടിക്കറ്റ് വിതരണത്തിൽ വരെ വീഴ്ച സംഭവിച്ചുണ്ട്. നാഗ്പൂരിലെ വിദ്യാർഥികൾക്ക് അബുദാബിയാണ് ആദ്യ ഘട്ടത്തിൽ പരീക്ഷ കേന്ദ്രം അനുവദിച്ചത്. പിന്നീട് നാഷ്ണൽ ടെസ്റ്റിംഗ് ഏജൻസിയെ ബന്ധപ്പെട്ടതിന് ശേഷമാണ് തിരുത്തിയതെന്നും പ്രതിഷേധക്കാർ പറയുന്നുണ്ട്. കർശന പൊലീസ് വലയത്തിലാണ് പ്രതിഷേധം. എല്ലാവരേയും കൃത്യമായ പരിശോധനക്ക് ശേഷമാണ് പ്രതിഷേധം നടക്കുന്നിടത്തേക്ക് കടത്തിവിട്ടത്.