


തിരുവനന്തപുരം : സംസ്ഥാനത്തെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ തിരഞ്ഞെടുത്ത ഹൈക്കമാൻഡ് തീരുമാനത്തിനു പിന്നാലെ അതൃപ്തി രേഖപ്പെടുത്തി തലസ്ഥാനം വിട്ട രമേശ് ചെന്നിത്തല മടങ്ങിയെത്തി. പതിവായുള്ള ഗുരുവായൂർ ദർശനം പൂർത്തിയാക്കി ഇന്നാണ് അദ്ദേഹം തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയത്. ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന മുദ്രാവാക്യങ്ങളുമായാണ് പ്രവർത്തകർ അദ്ദേഹത്തെ സ്വീകരിച്ചത്.
മന്ത്രിസഭാ പ്രവേശനത്തിൽ സസ്പെൻസ്
പുതിയ മന്ത്രിസഭയുടെ ഭാഗമാകുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാൻ ചെന്നിത്തല തയ്യാറായില്ല. എല്ലാ കാര്യങ്ങളും രാവിലെ വിശദീകരിച്ചിട്ടുണ്ടെന്നും കൂടുതൽ പ്രതികരണങ്ങൾക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹൈക്കമാൻഡ് തീരുമാനത്തെ പൂർണ്ണമനസ്സോടെ സ്വാഗതം ചെയ്യുന്നതായും വി.ഡി. സതീശന് തന്റെ എല്ലാവിധ പിന്തുണയും ആശംസകളും ഉണ്ടാവുമെന്നും അദ്ദേഹം ആവർത്തിച്ചു. മന്ത്രിസഭയിൽ ആരൊക്കെ വേണമെന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയുടെ വിവേചനാധികാരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടിക്കാഴ്ചകൾ ഒഴിവാക്കി ‘സ്വകാര്യ സന്ദർശനം’
റെയിൽവേ സ്റ്റേഷനിൽ നിന്ന് നേരെ വീട്ടിലേക്കാണ് ചെന്നിത്തല പോയത്. എന്നാൽ, വി.ഡി. സതീശൻ അദ്ദേഹത്തെ കാണാൻ എത്തുമെന്ന റിപ്പോർട്ടുകൾക്കിടെ ചെന്നിത്തല പെട്ടെന്ന് തന്നെ വീട്ടിൽ നിന്ന് പുറത്തേക്ക് പോയി. സ്വകാര്യ സന്ദർശനത്തിനായാണ് പോകുന്നതെന്നാണ് ലഭിക്കുന്ന വിവരം. സതീശനുമായുള്ള കൂടിക്കാഴ്ച തൽക്കാലം ഒഴിവാക്കാനാണോ ഈ നീക്കമെന്ന ചർച്ചകൾ ഇതോടെ രാഷ്ട്രീയ കേന്ദ്രങ്ങളിൽ സജീവമായിട്ടുണ്ട്.