


ബംഗളൂരു : തമിഴ്നാടിന് പ്രതിദിനം 3,500 ഘനയടി ജലം കാവേരിയില്‍ നിന്ന് വിട്ടുകൊടുക്കണമെന്ന കാവേരി ജല നിയന്ത്രണ സമിതിയുടെ ഉത്തരവിനെതിരെ ബന്ദ് പ്രഖ്യാപിച്ച് കന്നഡ സംഘടനകള്‍. ഓഗസ്റ്റ് പതിമൂന്നിന് ബന്ദ് നടത്തുമെന്ന് കന്നട സംഘടനകള്‍ അറിയിച്ചു. രാവിലെ ആറ് മുതില്‍ വൈകീട്ട് ആറുവരെയായിരിക്കും ബന്ദ്. കര്‍ണാടക കടുത്ത ജലക്ഷാമം നേരിടുകയാണെന്നും ഈ തീരുമാനം കര്‍ഷകരെ പ്രതികൂലമായി ബാധിക്കുമെന്നും കന്നട സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. തമിഴ്നാട് മുഖ്യമന്ത്രി വിജയ് യെ ബംഗളൂരു വിമാനത്താവളത്തില്‍ തടയുമെന്നും വെള്ളം വേണ്ടെന്ന് പറയാതെ വരാന്‍ അനുവദിക്കില്ലെന്നും സംഘടനകള്‍ അറിയിച്ചു
കുടിവെള്ള ലഭ്യതയില്‍ ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കാവേരി ജല നിയന്ത്രണ സമിതിയുടെ ഉത്തരവ് കര്‍ണാടകയിലെ ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് സംഘടനകള്‍ പറയുന്നു. രാഷ്ട്രീയ പാര്‍ട്ടികളും കര്‍ഷക ഗ്രൂപ്പുകളും വിവിധ കന്നടസംഘടനകളും ഈ ഉത്തരവിനെതിരെ രംഗത്തെത്തിയതോടെ സര്‍ക്കാര്‍ ഓഗസ്റ്റ് രണ്ടിന് സര്‍വകക്ഷി യോഗം വിളിച്ചു.
പതിനഞ്ച് ദിവസത്തേക്ക് തമിഴ്നാടിന് പ്രതിദിനം 3,500 ഘനടയടി ജലം കാവേരിയില്‍ നിന്ന് വിട്ടുകൊടുക്കണമെന്നാണ് ഉത്തരവ്. കര്‍ണാടക ഈ നിര്‍ദേശത്തെ എതിര്‍ക്കുകയും കാവേരി ജല മാനേജ്മെന്റ് അതോറിറ്റിയെ സമീപിക്കുകയും ചെയ്തിരുന്നു. വരള്‍ച്ച ചൂണ്ടിക്കാട്ടി ജലം നല്‍കാനാവില്ലെന്ന കര്‍ണാടകയുടെ വാദം അതോറിറ്റി തള്ളുകയായിരുന്നു. കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങള്‍ക്കിടയില്‍ കാവേരി നദീജലം പങ്കുവെക്കുന്നതിനെ കുറിച്ച് ദീര്‍ഘകാലമായി നിലനില്‍ക്കുന്ന പ്രശ്നമാണ് കാവേരി നദീജല തര്‍ക്കം. ഇരു സംസ്ഥാനങ്ങളിലൂടെയും ഒഴുകുന്ന നദിയാണെങ്കിലും ഉത്ഭവം കര്‍ണാടകയിലായതിനാല്‍ മഴക്കുറവുള്ള വര്‍ഷങ്ങളില്‍ ജലം തുറന്നു വിടുന്നത് സംബന്ധിച്ച് ഇരു സംസ്ഥാനങ്ങളും തമ്മില്‍ തര്‍ക്കമുണ്ടാകാറുണ്ട്.