


കൊച്ചി : ഓൺലൈൻ ട്രേഡിങ് തട്ടിപ്പ് കേസിലെ പ്രതി തട്ടിപ്പിലൂടെ നേടിയ പണം ഉപയോഗിച്ചത് വിദേശത്ത് ഖനികൾ വാങ്ങാനെന്ന് പൊലീസ്. ഹൈദരാബാദ് സ്വദേശി അല്ലംരാജു സത്യനാരായണമൂർത്തി (36)യ്ക്ക് കെനിയയിൽ ഒന്നിലേറെ ഖനികൾ ഉള്ളതായി പൊലീസ് കണ്ടെത്തി.
എറണാകുളം സ്വദേശിയിൽ നിന്ന് 24.76 കോടി രൂപ തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിലായത് കെനിയയിൽ നിന്ന് ഹൈദരാബാദിലെത്തി ഒരാഴ്ചയ്ക്കുള്ളിലാണ്. സത്യനാരായണമൂർത്തിയുടെ സഹായി ഒളിവിലുള്ള വരദ റെഡ്ഡിക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്.
സത്യനാരായണ മൂർത്തിയെയും കേസിൽ അറസ്റ്റിലായ മറ്റൊരു പ്രതി ബങ്ക ടൈസൺ രാജുവിനെയും (34) അന്വേഷണ സംഘം ഈ ആഴ്ച കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. സൈബർ തട്ടിപ്പിലൂടെ ലഭിക്കുന്ന പണം അക്കൗണ്ടിൽ സ്വീകരിച്ച് വെളുപ്പിക്കുന്നതായിരുന്നു പ്രതിയുടെ രീതി.
വിദേശത്ത് ഖനികൾ വാങ്ങിയും തന്റെ നിർമാണ കമ്പനി ഉപയോഗപ്പെടുത്തി ഹൈദരാബാദിലെ സിലിക്കൺ സിറ്റിയിൽ കെട്ടിടങ്ങൾ നിർമിച്ചുമാണ് പ്രതി പണം വെളുപ്പിച്ചെടുത്തത്. ഹൈദരാബാദിൽ നടന്ന 300 കോടി രൂപയുടെ സൈബർ തട്ടിപ്പിലെ കണ്ണിയായ സത്യനാരായണ മൂർത്തി മുൻപ് ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. കൊച്ചി സൈബർ പൊലീസ് ഹൈദരാബാദിൽ നിന്ന് ഞായറാഴ്ചയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.