


ബംഗളൂരു : കർണാടകയിൽ ഏറെ നാളത്തെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ പുതിയ മന്ത്രിമാരുടെ പട്ടിക തയ്യാറായി. 20 പേരാണ് ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്നത്. മുൻ ഘട്ടത്തിൽ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ഒഴിവാക്കപ്പെട്ടിരുന്ന ഷാമരാജ്പേട്ട എംഎൽഎ സമീർ അഹമ്മദ് ഖാൻ ശക്തമായ തിരിച്ചുവരവ് നടത്തിയതാണ് മന്ത്രിസഭാ പട്ടികയിലെ പ്രധാന ആകർഷണം. കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിക്കായി സമീർ അഹമ്മദ് ഖാൻ നടത്തിയ മികച്ച പ്രവർത്തനങ്ങൾ കണക്കിലെടുത്ത് ഹൈക്കമാൻഡും പ്രത്യേകിച്ച് കെസി വേണുഗോപാലും ഇടപെട്ടാണ് ഇത്തവണ ഇയാളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്. ദാവൺഗരെ സൗത്ത് ഉപതെരഞ്ഞെടുപ്പിലെ വിവാദ പരാമർശങ്ങളെയും പാർട്ടി വിരുദ്ധ നിലപാടുകളെയും മറികടന്നാണ് സമീർ അഹമ്മദ് ഖാൻ സ്ഥാനം നിലനിർത്തിയത്.
അതേസമയം, കർണാടക രാഷ്ട്രീയത്തിലെ പ്രമുഖ മലയാളി നേതാവായ എൻഎ ഹാരിസിനെ മന്ത്രിസഭാ പട്ടികയിൽ നിന്ന് ഒഴിവാക്കിയത് ശ്രദ്ധേയമായി. മുൻ സർക്കാരിലെ ആരോഗ്യമന്ത്രിയായിരുന്ന ദിനേഷ് ഗുണ്ടുറാവുവും പുതിയ പട്ടികയിൽ ഇടംപിടിച്ചില്ല. മന്ത്രിസഭയിൽ ഒൻപത് പുതുമുഖങ്ങളാണ് ഉള്ളത്. ഒരു വനിത മാത്രമാണ് ഇത്തവണത്തെ പട്ടികയിൽ ഇടം പിടിച്ചിട്ടുള്ളത്.
കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അംഗീകരിച്ച 20 നേതാക്കളുടെ പട്ടിക പുറത്തുവന്നിട്ടുണ്ട്. പിഎം നരേന്ദ്രസ്വാമി, ശിവരാജ് തംഗടഗി, രുദ്രപ്പ ലമാണി, കെഎസ് ബസവന്തപ്പ, ബി നാഗേന്ദ്ര, ടി രഘുമൂര്‍ത്തി, ബിസെഡ് സമീര്‍ അഹമ്മദ് ഖാന്, റിസ്വാന് അര്‍ഷാദ്, സന്തോഷ് ലാഡ്, മധു ബംഗാരപ്പ, പുട്ടുരംഗഷെട്ടി, മങ്കാള വൈദ്യ, അജയ് സിങ്, എന്‍ ചലുവരായ സ്വാമി, കെഎം ശിവലിംഗ ഗൗഡ, എച്ച്സി ബാലകൃഷ്ണ, ഗായത്രി ശാന്തെഗൗഡ, ബസവരാജ് രായറെഡ്ഡി, വിജയനാന്ദ് കാശപ്പനവര്‍, ലക്ഷ്മണ് സവദി എന്നിവരാണ് പുതുതായി മന്ത്രിസഭയിലേക്ക് എത്തുന്നത്. 20 പേരുടെ പട്ടികയ്ക്ക് ഹൈക്കമാന്‍ഡ് അംഗീകാരം നല്കിയ വിവരം എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ മുഖ്യമന്ത്രി ഡികെ ശിവകുമാറിനെ അറിയിച്ചു.
ഇതിനുപുറമെ, കര്‍ണാടക നിയമസഭാ സ്പീക്കറായി ജിഎസ് പാട്ടീലിനെയും ഡെപ്യൂട്ടി സ്പീക്കറായി എഎസ് പൊന്നണ്ണയെയും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിശ്ചയിച്ചിട്ടുണ്ട്. സംസ്ഥാന ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ചെയര്‍മാനായി സലീം അഹമ്മദിനെയും ഡെപ്യൂട്ടി ചെയര്‍പേഴ്സണായി ഉമാശ്രീയെയും പാര്‍ട്ടി നാമനിര്‍ദ്ദേശം ചെയ്തു.
മെയ് 28ന് സിദ്ധരാമയ്യ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചതിനെ തുടര്‍ന്ന്, ജൂണ്‍ 3നാണ് ശിവകുമാറും 13 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. മുഖ്യമന്ത്രി ഉള്‍പ്പെടെ പരമാവധി 34 മന്ത്രിമാരെയാണ് കര്‍ണാടക മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുന്നത്.