

കൊച്ചി : വഖഫ് ബോര്‍ഡ് സര്‍ക്കാരിന് പുനഃസംഘടിപ്പിക്കാമെന്ന് ഹൈക്കോടതി. ജുഡീഷ്യല്‍ സിറ്റിങ് നടത്തുന്നതിന് ബോര്‍ഡിന് വിലക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ബോര്‍ഡ് രൂപീകരണത്തില്‍ പിഴവുണ്ടോയെന്ന് സര്‍ക്കാര്‍ പരിശോധിക്കണം. വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിക്കുന്നതില്‍ ഇടപെടുന്നില്ലെന്നും കോടതി വ്യക്തമാക്കി. ബോര്‍ഡിന്റെ പ്രവര്‍ത്തനം തടസ്സമില്ലാതെ തുടരുന്നതിനായി, നിയമപരമായി വ്യവസ്ഥ ചെയ്തിട്ടുള്ള അമുസ്ലീംങ്ങളെ ഇടക്കാലത്തേയ്ക്ക് സര്‍ക്കാരിന് നിയമിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി.
നിലവിലുള്ള അംഗങ്ങളെ മാറ്റണമോ എന്നത് സർക്കാരിന് തീരുമാനിക്കാം. ഇക്കാര്യത്തിൽ കോടതി അഭിപ്രായ പ്രകടനത്തിനില്ല. ബോർഡ് പുനസംഘടിപ്പിക്കുകയാണെന്നാണല്ലോ സർക്കാർ അറിയിച്ചിട്ടുള്ളത്. അത് വേണ്ടെന്ന് ആരും പറഞ്ഞിട്ടില്ല. പുനസംഘടനയുമായി സർക്കാരിന് മുന്നോട്ടു പോകാം. അതിനു സമയമെടുത്തേക്കാം. എന്നാൽ ബോർഡിൽ നിലവിൽ അമുസ്ലിം അംഗങ്ങളില്ലെന്നത് വസ്തുതയാണ്. ഇത് പരിഹിക്കാൻ താത്ക്കാലികമായി നിയമനം നടത്താം. നിലവിലുള്ള ബോർഡിൽ യോഗ്യതയില്ലാത്തവരുണ്ടെന്ന നിരീക്ഷണം സർക്കാരിന് ഉണ്ടെങ്കിൽ അതനുസരിച്ച് പ്രവർത്തിക്കാം. എന്നാൽ നിലവിൽ അമുസ്ലിം അംഗങ്ങളെ നിയമിച്ചാൽ മാത്രമെ ബോർഡിന് പ്രവർത്തിക്കാനാകൂ എന്ന അവസ്ഥയാണെന്നും ഇത് പരിഹരിക്കേണ്ട വിഷയമാണെന്നും കോടതി പറഞ്ഞു.
മുസ്ലീം ഇതര വ്യക്തികളെ ഉള്‍പ്പെടുത്താത്തതിനെ ചോദ്യം ചെയ്തുകൊണ്ട് സംസ്ഥാന വഖഫ് ബോര്‍ഡിന്റെ രൂപീകരണത്തിനെതിരെ സമര്‍പ്പിച്ച നാല് പൊതുതാല്‍പ്പര്യ ഹര്‍ജികള്‍ പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസ് സൗമന്‍ സെന്‍, ജസ്റ്റിസ് ശ്യാം കുമാര്‍ വി.എം. എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് ഈ വാക്കാല്‍ നിരീക്ഷണം നടത്തിയത്. നിലവിലുള്ള അംഗങ്ങളെ നീക്കം ചെയ്യാന്‍ തങ്ങള്‍ക്ക് നിര്‍ദ്ദേശിക്കാന്‍ കഴിയില്ലെന്നും ബെഞ്ച് വ്യക്തമാക്കി.
കഴിഞ്ഞ സര്‍ക്കാര്‍ 11 അംഗ വഖഫ് ബോര്‍ഡില്‍ ഒമ്പത് അംഗങ്ങളെയാണ് നിയമിച്ചത്. വഖഫ് ഭേദഗതി നിയമപ്രകാരം രണ്ട് അംഗങ്ങള്‍ ഇതര മതസ്ഥരായിരിക്കണം. ഇത് ഒഴിച്ചിട്ടാണ് കഴിഞ്ഞ സര്‍ക്കാര്‍ ബോര്‍ഡ് രൂപീകരിച്ചത്. ഈ രണ്ട് അംഗങ്ങളുടെ നിയമനം എന്തിനാണ് വൈകിപ്പിക്കുന്നത് എന്നും ഹൈക്കോടതി ചോദിച്ചു.
വഖഫ് ബോര്‍ഡില്‍ അമുസ്ലീം അംഗങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച ഹൈക്കോടതി നേരത്തെ വഖഫ് ബോര്‍ഡ് പ്രവര്‍ത്തനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ വഖഫ് ബോര്‍ഡിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ ജോയിന്റ് സെക്രട്ടറിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാക്കണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി പിന്നീട് റദ്ദാക്കിയിരുന്നു.