


തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ബിജെപിയിലെ ഫണ്ട് തട്ടിപ്പ് ആരോപണത്തില്‍ പുതിയ ശബ്ദരേഖ പുറത്ത്. പാര്‍ട്ടി പതാകയും അനുബന്ധ സാമഗ്രികളും നിര്‍മിച്ചതിന് ബിജെപി സംസ്ഥാന സെക്രട്ടറി 31 ലക്ഷം രൂപ കമ്മീഷന് വാങ്ങിയെന്ന് കരാറുകാരന് പറയുന്നതിന്റെ ശബ്ദരേഖയാണ് പുറത്തുവന്നിരിക്കുന്നത്. പണം വാങ്ങിയ നേതാക്കള്‍ ഇപ്പോള്‍ ഫോണെടുക്കുന്നില്ലെന്നും ഇതേ ഓഡിയോയില്‍ പറയുന്നുണ്ട്. നാല് ലക്ഷം രൂപ ഇനിയും നല്‍കാനുണ്ടെന്നാണ് കരാറുകാരന് പറയുന്നത്.
തനിക്ക് കിട്ടാനുള്ള 4,65,000 രൂപയുടെ പേരില്‍ കരാറുകാരന് രോഷത്തോടെ സംസാരിക്കുകയും തന്റെ നിസ്സഹായ അവസ്ഥ വിശദീകരിക്കുകയും ചെയ്യുന്ന ഓഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്. പണം പൂര്‍ണമായി കിട്ടിയിട്ട് കമ്മീഷന് കൊടുക്കാമെന്ന് പറഞ്ഞിട്ടും ആദ്യം തന്നെ 31 ലക്ഷം വാങ്ങിയതായി കരാറുകാരന് പറയുന്നുണ്ട്. താന്‍ കൃത്യമായി പണം കൈമാറിയിട്ടും തനിക്ക് ലഭിക്കാനുള്ള പണത്തിന്റെ ബാക്കി ഇനിയും ലഭിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് തരാമെന്ന് നേതാക്കള്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ അവരാരും ഫോണ്‍ എടുക്കുന്നുമില്ല. താന്‍ വല്ലാത്ത സാമ്പത്തിക ബുദ്ധിമുട്ടിലൂടെയാണ് കടന്നുപോകുന്നതെന്നും എത്രയും പെട്ടെന്ന് തീരുമാനമുണ്ടാക്കണമെന്നും കരാറുകാരന് പറയുന്നതായുള്ള ഓഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.
ബിജെപിയിലെ ഫണ്ട് തട്ടിപ്പ് ആരോപണത്തില്‍ ദേശീയ നേതൃത്വത്തിന് അതൃപ്തിയുണ്ടെന്നാണ് വിവരം. നേതാക്കളും രണ്ട് തട്ടിലാണ്. പണ്ട് തട്ടിപ്പില്‍ സംസ്ഥാന ബിജെപി നേതാക്കള്‍ക്കെതിരെ അന്വേഷണം വേണമെന്ന് ഉള്‍പ്പെടെ ആരോപണം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ആരോപണങ്ങള്‍ നിഷേധിക്കുകയാണ് സംസ്ഥാന നേതാക്കള്‍ ചെയ്യുന്നത്. പുതിയ ഓഡിയോ അവരെ കൂടുതല്‍ പ്രതിരോധത്തിലാക്കുകയാണ്.