


തെഹ്റാൻ : പശ്ചിമേഷ്യയിലെ യുഎസ് സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ ശക്തമായ ഡ്രോൺ ആക്രമണം. ജോർദാനിലെ അൽ-അസ്റാഖിലെ വ്യോമസേനാ താവളത്തിന് നേരെയാണ് ഇറാന്റെ പുതിയ ഡ്രോൺ ആക്രമണങ്ങൾ. തങ്ങളുടെ പ്രത്യാക്രമണ പരമ്പരയായ ‘സായഖ്’ ഓപ്പറേഷന്റെ എട്ടാം ഘട്ടമായാണ് ഈ ആക്രമണം നടത്തിയതെന്ന് ഇറാൻ സൈന്യം ഔദ്യോഗികമായി വ്യക്തമാക്കി.
ഇറാന്റെ ഔദ്യോഗിക വാർത്താ മാധ്യമമായ ഐആർഐബി പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, യുഎസ് സേനയുടെ എഫ്-18 (F-18) യുദ്ധവിമാനങ്ങൾ നിർത്തിയിട്ടിരിക്കുന്ന ഭാഗങ്ങളും വലിയ സൈനിക ഉപകരണങ്ങൾ സൂക്ഷിച്ചിരിക്കുന്ന ഹാങ്കറുകളും ലക്ഷ്യമിട്ടാണ് സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോണുകൾ അയച്ചത്. രണ്ടാമത്തെ തവണയാണ് അൽ-അസ്റാഖ് താവളത്തിന് നേരെ ഇറാൻ ഇത്തരമൊരു വ്യോമാക്രമണം നടത്തുന്നത്.
മേഖലയിലെ യുഎസ് സൈനിക സാന്നിധ്യത്തിനും താവളങ്ങൾക്കും എതിരെ തങ്ങളുടെ സൈനിക നടപടികൾ തുടരുമെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. മേഖലയിൽ യുഎസും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം ഇതോടെ കൂടുതൽ വഷളാകുകയാണ്. ആക്രമണത്തിൽ ഉണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഇതുവരെ യുഎസ് പുറത്തുവിട്ടിട്ടില്ല. അതേസമയം ഇറാനെതിരെയുള്ള ആക്രമണങ്ങൾ മതി എന്ന് ഞാൻ പറയുന്നതുവരെ തുടരും എന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. വൈദ്യുത നിലയങ്ങളും പാലങ്ങളും ഉൾപ്പെടെയുള്ളവ ആക്രമിക്കപ്പെടുമെന്നും ട്രംപ് വ്യക്തമാക്കി.
ഇതിനിടെ ഇറാനിലെ തെക്കൻ നഗരങ്ങളിലും ഹോർമുസ് കടലിടുക്കിലെ തീരപ്രദേശ ദ്വീപുകളിലും സ്ഫോടനങ്ങൾ തുടരുന്നതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റെന്നും റിപ്പോർട്ടുകളുണ്ട്. എണ്ണവില ഒരു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലേക്കെത്തി.