


വാഷിങ്ടണ്‍ ഡിസി : ഇന്ത്യന്‍ സോളാര്‍ ഉല്പന്നങ്ങള്ക്ക് നികുതി ചുമത്താനുള്ള തീരുമാനം നീട്ടിവെച്ച് യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കോമേഴ്സ്. ഇതുമായി ബന്ധപ്പെട്ട കേസില്‍ അദാനി എന്റര്‍പ്രൈസിന് കീഴിലുള്ള മുന്ദ്ര സോളാര്‍ എനര്‍ജി, മുന്ദ്ര സോളാര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ അപേക്ഷയിലാണ് നടപടി.ഏപ്രില്‍ 22നാണ് ഇരു കമ്പനികളും ഇതുമായി ബന്ധപ്പെട്ട കേസില്‍ കാലാവധി നീട്ടിചോദിച്ചത്. ഇന്ത്യന്‍ കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന കയറ്റുമതി സബ്സിഡികള്‍ക്കെതിരെ അമേരിക്കന്‍ കമ്പനികളുടെ സഖ്യം നല്കിയ പരാതിയിലാണ് യുഎസ് അന്വേഷണം തുടങ്ങിയത്. ഇതുമൂലം പ്രാദേശിക കമ്പനികള്‍ക്ക് വലിയ തിരിച്ചടിയുണ്ടാവുന്നുണ്ടെന്നായിരുന്നു പരാതി.
നേരത്തെ, അദാനി ഗ്രൂപ്പ് കമ്പനികള്‍ ഈ അന്വേഷണത്തിലെ ചില ഘട്ടങ്ങളില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് ഫെബ്രുവരിയില്‍ യുഎസ് ഏകദേശം 126 ശതമാനം നികുതി ഇന്ത്യന്‍ സോളാര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ ചുമത്തിയിരുന്നു. തുടര്‍ന്ന് ഏപ്രിലില്‍ 123% ആന്റി-ഡംപിംഗ് ഡ്യൂട്ടിയും പ്രഖ്യാപിച്ചതോടെ മൊത്തം നികുതി ഭാരം 200 ശതമാനത്തിന് മുകളിലായി.
ഇന്ത്യയുടെ ആകെ സോളാര്‍ കയറ്റുമതിയുടെ 95 ശതമാനത്തിലധികവും പോകുന്നത് അമേരിക്കന്‍ വിപണിയിലേക്കാണ്. 2022-ല്‍ വെറും 84 മില്യണ്‍ ഡോളറായിരുന്ന കയറ്റുമതി 2024 ആയപ്പോഴേക്കും 792.6 മില്യണ്‍ ഡോളറായി (ഏകദേശം 7,500 കോടി രൂപ) കുത്തനെ ഉയര്‍ന്നിരുന്നു. അതിനാല്‍ യുഎസിന്റെ അന്തിമ തീരുമാനം ഇന്ത്യന്‍ കമ്പനികള്‍ക്ക് ഏറെ നിര്‍ണ്ണായകമാണ്.