


മലപ്പുറം : തൊപ്പി ഗാങ്ങിലെ മുഹമ്മദ് എന്ന മമ്മുവിനെ അറസ്റ്റ് ചെയ്ത് മഞ്ചേരി പൊലീസ്. കോഴിക്കോട് സ്വദേശിനി നൽകിയ പരാതിയിലാണ് അറസ്റ്റ്. ലൈവ് സ്ട്രീമിൽ ഗായകൻ ഹനാൻ ഷായെ പരാമർശിച്ചാണ് യുവതിയെ അധിക്ഷേപിച്ചത്.
ഹനാൻ ഷായുടെ സുഹൃത്തിന്റെ ഭാര്യയെ ലൈവ് സ്ട്രീമിൽ അപമാനിക്കുകയായിരുന്നു. സംഭവത്തിൽ ആഭ്യന്തര മന്ത്രിക്ക് പരാതി നൽകിയിരുന്നു.
തൊപ്പിയുടെ മുൻ സുഹൃത്തുക്കളും ‘എംആർഎസ് ഗ്യാങ്’ അംഗങ്ങളും പരസ്പരം പല തരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിക്കുന്ന വെളിപ്പെടുത്തലുകളുമായി രംഗത്ത് എത്തിയിരുന്നു. ഇതിനിടെ ഉണ്ടായ ഒരു ലൈവ് വീഡിയോയിലാണ് ഹനാൻ ഷായുടെ സുഹൃത്തുക്കളെ അധിക്ഷേപിക്കുന്ന തരത്തില്‍ സംസാരിച്ചത്.
ഹനാൻ ഷായുടെ കുടുംബത്തെയും സുഹൃത്തുക്കളെയും ലക്ഷ്യമിട്ട് തൊപ്പിയും കൂട്ടാളികളും നടത്തിയ മോശം പരാമർശങ്ങൾ അടങ്ങിയ യൂട്യൂബ് ലൈവ് വീഡിയോ കോപ്പിറൈറ്റ് സ്ട്രൈക്ക് നൽകി പിന്‍വലിപ്പിക്കുകയും ചെയ്തിരുന്നു.
‘എന്നെയും എന്റെ സുഹൃത്തുക്കളെയും കുടുംബത്തെയും ലക്ഷ്യമിട്ട് ഒരു യൂട്യൂബ് ലൈവിൽ കടുത്ത അധിക്ഷേപവും സ്ത്രീവിരുദ്ധ പരാമർശങ്ങളുമാണ് നടന്നത്. സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള ഈ വിഡിയോയ്ക്കെതിരെ ഞാൻ നൽകിയ കോപ്പിറൈറ്റ് സ്ട്രൈക്കിലൂടെ അത് യൂട്യൂബിൽ നിന്ന് പൂർണ്ണമായും നീക്കം ചെയ്തിട്ടുണ്ട്.
ഇത്തരം കണ്ടന്റുകൾ സൃഷ്ടിക്കുകയോ പങ്കുവെക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവർക്ക് കോപ്പിറൈറ്റ് സ്ട്രൈക്ക്, അക്കൗണ്ട് ടേക്ക്ഡൗൺ, പ്ലാറ്റ്ഫോം ആക്ഷൻസ് എന്നിവയ്ക്കൊപ്പം അപകീർത്തിപ്പെടുത്തൽ, സ്ത്രീകളെ അപമാനിക്കുന്ന പരാമർശങ്ങൾ, സൈബർ ഉപദ്രവം, വ്യക്തിഹത്യ, സ്വകാര്യതാ ലംഘനം എന്നിവയുമായി ബന്ധപ്പെട്ട ഇന്ത്യൻ ശിക്ഷാനിയമത്തിലേയും ഐടി ആക്ടിലേയും ബാധകമായ വകുപ്പുകൾ പ്രകാരമുള്ള നിയമനടപടി നേരിടേണ്ടിവരാം. നിങ്ങൾ ഇത്തരത്തിലുള്ള വീഡിയോകൾ പങ്കുവെച്ചിട്ടുണ്ടെങ്കിൽ ദയവായി നീക്കം ചെയ്യുക’ എന്നായിരുന്നു ഹനാന്‍ഷായുടെ പ്രതികരണം.