


ന്യൂഡൽഹി : ഹരിയാനയിലെ ഗുഡ്ഗാവില്‍ ഗുണ്ടാ സംഘവും പൊലീസും തമ്മിൽ ഉണ്ടായ കനത്ത ഏറ്റുമുട്ടലിൽ നാലു ഗുണ്ടകൾ കൊല്ലപ്പെട്ടു. മൂന്നു പൊലീസുകാർക്കും മറ്റൊരു ഗുണ്ടയ്ക്കും പരുക്കേറ്റു. ഇരു വിഭാഗവും തമ്മില്‍ 60 തവണയാണ് വെടിയുതിര്‍ത്തത്. ഗുഡ്ഗാവിലെ സുശാന്ത് ലോക് ഫേസ് രണ്ടില്‍ വ്യാഴാഴ്ച രാത്രി 9.30നാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
ആയുധധാരികളായ ആളുകളുമായി ഒരു സ്കോര്‍പിയോ വാഹനം സംശയാസ്പദമായി സാഹചര്യത്തില്‍ പ്രദേശത്ത് ഉണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് പൊലീസ് സംഘം എത്തിയത്. ഇതിനിടെ ഗുണ്ടാ സംഘം പ്രദേശത്തെ ഒരു ബിസിനസുകാരന്റെ വീടിനു നേര്‍ക്ക് വെടിവെപ്പ് ആരംഭിച്ചിരുന്നു. വിദേശത്തു നിന്ന് പ്രവര്‍ത്തിക്കുന്ന ദീപക് നന്ദല്‍ ഗുണ്ടാ സംഘത്തിലെ അംഗങ്ങളായിരുന്നു ഇവര്‍. ഈ സംഘം ബിസിനസുകാരനെ പണം ആവശ്യപ്പെട്ട് സ്ഥിരമായി ഭീഷണിപ്പെടുത്തിയിരുന്നു.
സ്ഥലത്തെത്തിയ പൊലീസ് വെടിവെപ്പ് നടത്തിക്കൊണ്ടിരുന്ന ഗുണ്ടാ സംഘത്തോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഗുണ്ടാ സംഘം പൊലീസിനു നേര്‍ക്ക് വെടിയുതിർത്ത ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതോടെ പൊലീസ് തിരിച്ച് വെടിവെച്ചതോടെ ഇരുവിഭാഗവും തമ്മില്‍ കനത്ത ഏറ്റുമുട്ടല്‍ നടക്കുകയായിരുന്നു. വെടിവെപ്പിന് ഒടുവില്‍ ഗുണ്ടാ സംഘത്തിലെ അഞ്ചു പേര്‍ക്ക് പരുക്കേറ്റു. ഇവരെ പൊലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും നാലു പേര് മരിച്ചതായി ഡോക്റ്റര്‍മാര്‍ സ്ഥിരീകരിച്ചു. അഞ്ചാമത്തെ ആള് ചികിത്സയില്‍ തുടരുകയാണ്. മൂന്നു പൊലീസുകാർക്കും പരുക്കേറ്റു. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തു നിന്ന് അഞ്ചു വിദേശ നിര്‍മിത തോക്കുകളും പൊലീസ് കണ്ടെടുത്തു. സംഭവത്തില്‍ ഗുഡ്ഗാവ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.