


തിരുവനന്തപുരം : കിഫ്ബിയിൽ മാറ്റങ്ങൾ വരുത്താൻ യുഡിഎഫ് സർക്കാർ ആലോചന.കിഫ്ബിയുടെ പ്രവർത്തന ഘടന ‘പുനഃപരിശോധിക്കും. വിരമിച്ച ഉദ്യോഗസ്ഥരുടെ പുനർനിയമനങ്ങൾ റദ്ദാക്കും. അമ്പതിലധികം പേരാണ് ഒരു ലക്ഷത്തിലധികം ശമ്പളം വാങ്ങുന്നത്. അത്യാവശ്യ ജീവനക്കാരെ മാത്രം നിലനിർത്തും. ജീവനക്കാരുടെ സംഭാവനയും കാര്യക്ഷമതയും പരിശോധിക്കും.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കിഫ്ബിയുമായി ബന്ധപ്പെട്ട് വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് കിഫ്ബിയെ പൂർണ്ണമായും സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കാനും സുതാര്യമാക്കാനുമുള്ള നടപടികൾ ആരംഭിച്ചത്.
കിഫ്ബിയിൽ ഒരു ലക്ഷത്തിലധികം രൂപ ശമ്പളം വാങ്ങുന്ന അമ്പതിലധികം ഉദ്യോഗസ്ഥരുണ്ട്.ഇവരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നത് സർക്കാരിന്റെ പരിഗണനയിലാണ്. നിലവിൽ കിഫ്ബി നേരിട്ട് നിയമിച്ച 400-ഓളം കരാർ ജീവനക്കാരുടെ നിയമനവും പുനഃപരിശോധിക്കും.
ജീവനക്കാരുടെ സംഭാവനയും പ്രവർത്തന കാര്യക്ഷമതയും പ്രത്യേകമായി പരിശോധിക്കും. 180 ജീവനക്കാരുള്ള ടെക്നിക്കൽ റിസോഴ്സ് സെന്ററിൽ നിന്നും അത്യാവശ്യമുള്ളവരെ മാത്രം നിലനിർത്തിയാൽ മതിയെന്നാണ് തീരുമാനം. കിഫ്ബിയുടെ കീഴിലുള്ള ‘കിഫ്കോൺ’ എന്ന കൺസൾട്ടൻസി ഏജൻസി വഴി ശമ്പളം കൈപ്പറ്റുന്നവരുടെ വിവരങ്ങളും പരിശോധനയ്ക്ക് വിധേയമാക്കും. വരും ദിവസങ്ങളിൽ ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവുകൾ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ.