


ന്യൂഡല്‍ഹി : മുഖ്യമന്ത്രി ചര്‍ച്ചയില്‍ തനിക്ക് താല്പര്യമില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി. ചര്‍ച്ച ചെയ്യുന്നവര്‍ ചെയ്യട്ടെയെന്നും ഇതിനെ എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാമെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു. മോദിക്കെതിരായ പരാമര്‍ശത്തില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയോട് വിശദീകരണം തേടിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി വിചിത്രമായ കാര്യമാണെന്നും കെ.സി മാധ്യമങ്ങളോട് പ്രതികരിച്ചു.
‘കോണ്‍ഗ്രസിനുള്ളിലെ മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ചുള്ള ചര്‍ച്ചകളില്‍ താല്പര്യമില്ല. അത്തരം ചര്‍ച്ചകള്‍ നടത്തുന്നവര്‍ നടത്തട്ടെ. പാര്‍ട്ടിയുടെ താല്പര്യം നേരത്തെ കൃത്യമായി പറഞ്ഞിട്ടുണ്ട്. വ്യവസ്ഥാപിതമായി അതെല്ലാം വ്യക്തമാക്കിയിട്ടുള്ളതാണ്’. കെ.സി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങളില്‍ സുതാര്യത കുറവാണെന്നും കോഴിക്കോട്ടെ സ്ട്രോങ് റൂമുമായി ബന്ധപ്പെട്ട പരാതിയില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘മോദിക്കെതിരെ പരാമര്‍ശം നടത്തിയെന്ന പേരില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയോട് തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം തേടിയത് വിചിത്രമായ സംഭവം. ഖാര്‍ഗെ തമിഴ്നാട്ടില്‍ വെച്ചുതന്നെ പരാമര്‍ശത്തില്‍ വിശദീകരണം നല്‍കിയതാണ്. 24 മണിക്കൂര്‍ മാത്രമാണ് മറുപടി നല്കാന് സമയം നല്‍കിയത്. പ്രധാനമന്ത്രിയുടെ അഭിസംബോധന നഗ്നമായ ലംഘനമായിരുന്നല്ലോ. അതില്‍ പ്രധാനമന്ത്രിക്ക് ക്ലീന്‍ ചിറ്റ് നല്കിയ കമ്മീഷന്, ഞങ്ങള്‍ നല്കിയ ഒരു പരാതിയിലും നടപടി സ്വീകരിക്കാന്‍ തയ്യാറായില്ല. കമ്മീഷണറെ ഇംപീച്ച് ചെയ്യാനുള്ള കാര്യങ്ങള്‍ പ്രതിപക്ഷം ആലോചിക്കും’. കെ.സി വേണുഗോപാല്‍ വ്യക്തമാക്കി.
ഇന്ത്യയ്ക്കെതിരായ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അധിക്ഷേപ പരാമര്‍ശത്തില്‍ നരേന്ദ്രമോദി പ്രതികരിക്കാത്തതിനെയും അദ്ദേഹം കുറ്റപ്പെടുത്തി. മോദി ട്രംപിന് മുന്പില് സറണ്ടര്‍ ചെയ്തിരിക്കുകയാണെന്നും ഇത് ഇന്ത്യയുടെ അന്തസ്സിന് വിദേശരാജ്യങ്ങളില്‍ മങ്ങലേല്‍പ്പിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.