

ഹൈദരാബാദ് : ഐപിഎല്‍ മത്സരം കാണാന്‍ മുഖ്യമന്ത്രിക്ക് നല്കിയ കോംപ്ലിമെന്ററി പാസ്സുകള്‍ നടിയുടെ കൈവശം എത്തിയതിനെച്ചൊല്ലി വിവാദം. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നല്കിയ കോംപ്ലിമെന്ററി പാസ്സുകളാണ് നടിയുടെ കയ്യിലെത്തിയത്. രണ്ട് കോംപ്ലിമെന്ററി ടിക്കറ്റുകളുടെ ചിത്രം നടിയും ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സറുമായ കുഷിത കല്ലാപുവാണ് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്.
പ്രീമിയം ടിക്കറ്റിന്റെ ചിത്രങ്ങള്‍ നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതോടെയാണ് സംഭവം വിവാദമായത്. 40,000 രൂപ വിലയുള്ള സണ്‍റൈസേഴ്സ് എലൈറ്റ് ലോഞ്ചിലെ രണ്ട് ടിക്കറ്റുകളുടെ ചിത്രമാണ് നടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഹൈദരാബാദിലെ ഉപ്പല്‍ സ്റ്റേഡിയത്തില്‍ ശനിയാഴ്ച നടന്ന സണ്‍റൈസേഴ്സ് ഹൈദരാബാദ്, ചെന്നൈ സൂപ്പര്‍ കിങ്സ് മത്സരത്തിന്റെ ടിക്കറ്റുകളാണ് നടിയുടെ കയ്യിലെത്തിയത്.
സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായതിനു പിന്നാലെ, മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ആരാണ് ഇവര്‍ക്ക് ടിക്കറ്റ് നല്‍കിയതെന്നും, എന്താണ് ഇതിന് പിന്നിലെ ഉദ്യേശമെന്നും സമൂഹമാധ്യമങ്ങളില്‍ ചോദ്യങ്ങളുയര്‍ന്നു. മുഖ്യമന്ത്രിക്കുള്ള വിഐപി ടിക്കറ്റ് മുഖ്യമന്ത്രിയുടെ ഓഫീസാണ് കൈകാര്യം ചെയ്യുന്നത്. ഈ ടിക്കറ്റ് ഉപയോഗിച്ച് നടി കളി കാണാന്‍ പോയോ എന്നതില്‍ വ്യക്തതയില്ല.
നടിയും മോഡലുമായ കുഷിത കല്ലാപു ചംഗുരെ ബംഗാരു രാജ, നീതോനെ നേനു, ബാബു – നമ്പര്‍ 1 ബുള്‍ഷിറ്റ് ഗൈ, മനോഹരം എന്നി തെലുങ്കു ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. വിവിധ ബ്രാന്‍ഡുകളുടെ പരസ്യത്തിലും പ്രത്യക്ഷപ്പെട്ട കുഷിത കല്ലാപുവിന് ഇന്‍സ്റ്റഗ്രാമില്‍ 1.1 മില്യണ്‍ ഫോളോവേഴ്സുണ്ട്. മുഖ്യമന്ത്രിക്ക് നല്കിയ വിഐപി പാസ്സ് എങ്ങനെയാണ് സ്വകാര്യ വ്യക്തിയുടെ കൈവശമെത്തിയതെന്നും, സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് സുതാര്യത വരുത്തണമെന്നും പ്രതിപക്ഷമായ ഭാരതീയ രാഷ്ട്രസമിതി ആവശ്യപ്പെട്ടു.