


കണ്ണിൽ മരക്കൊമ്പ് തുളച്ചു കയറിയ വിദ്യാർത്ഥിയ്ക്ക് കാഴ്ച ശക്തി തിരിച്ചു നൽകി കൊച്ചി അമൃത ആശുപത്രി. പാലക്കാട് സ്വദേശിയായ വിദ്യാർത്ഥിയുടെ കണ്ണിൽ നിന്നാണ് രണ്ട് മണിക്കൂർ നീണ്ട ശസ്ത്രക്രിയക്കൊടുവിൽ 9 സെൻ്റീ മീറ്ററിലേറെ നീളം വരുന്ന കമ്പ് നീക്കം ചെയ്തത്.
പാലക്കാട് സ്വദേശിയായ പ്ലസ് ടൂ വിദ്യാർത്ഥിയുടെ ഇടത്തെ കണ്ണിൽ തുളച്ചു കയറിയത് 9.5 സെൻ്റീമീറ്റർ നീളവും 1.4 സെൻ്റിമീറ്റർ വ്യാസവും വരുന്ന മരക്കൊമ്പായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് കളിക്കുന്നതിനിടെ സുഹൃത്ത് എറിഞ്ഞ കമ്പ് അബദ്ധത്തിൽ വിദ്യാർത്ഥിയുടെ കണ്ണിൽ തുളച്ചു കയറുകയായിരുന്നു. ഇടത്തെ കണ്ണിൻ്റെ അറ്റം തുളച്ച മരക്കഷ്ണം ഉള്ളിലൂടെ കയറി മൂക്കിൻ്റെ പാലവും തുളച്ച് വലത്തെ കണ്ണിൻ്റെ ഇടത്തെ അറ്റം വരെ തുളച്ചു കയറിയ നിലയിലായിരുന്നു. പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തൃശുരിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലും വിദ്യാർത്ഥിയെ എത്തിച്ചെങ്കിലും കണ്ണിൽ തുളച്ചു കയറിയ മരകൊമ്പ് നീക്കം ചെയ്യാൻ സാധിച്ചില്ല. തുടർന്നാണ് ബന്ധുക്കൾ കൊച്ചി അമൃത ആശുപത്രിയിൽ വിദ്യാർത്ഥിയെ എത്തിച്ചത് . ഉടനെ വിദ്യാർത്ഥിയെ അടിയന്തര ശസ്ത്രക്രിയ നടത്തി മരക്കൊമ്പ് പുറത്തെടുക്കുകയായിരുന്നു. കൃഷ്ണമണിക്ക് തൊട്ടു താഴെ കൂടെ ആയിരുന്നു കമ്പ് തുളച്ചു കയറിയത് എന്നത് കൊണ്ട് തന്നെ അതീവ സൂക്ഷ്മമായിട്ടായിരുന്നു രണ്ടുമണിക്കൂറോളം നീണ്ട ശസ്ത്രക്രിയ.
കൊച്ചി അമൃത ആശുപത്രിയിലെ ഓഫ്ത്താൽമോളജി വിഭാഗം പ്രൊഫസറും ഒക്യുലോപ്ലാസ്റ്റി സർജനുമായ ഡോ. സുചിത്ര ഹരിദാസ്, ഇ.എൻ.ടി. വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോക്ടർ രേണുകാ ബാലു, പീഡിയാട്രിക് ഓഫ്ത്താൽമോളജി വിഭാഗത്തിലെ ഡോ. പ്രവീണ ശ്യാ൦, ഇ.എൻ.ടി വിഭാഗം സീനിയർ റസിഡൻറ് ഡോ. അരുൺ ബാലാജി, അനസ്തേഷ്യ വിഭാഗത്തിലെ ഡോ. രമ്യ, ഓഫ്ത്താൽമോളജി വിഭാഗത്തിലെ ഡോ. ഡയാന.എസ്. എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു ശസ്ത്രക്രിയ. ഇത്രയും നീളത്തിൽ കമ്പ് കണ്ണിനുള്ളിലൂടെ തുളച്ചു കയറിയ സംഭവം അപൂർവമാണെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ കൊച്ചി അമൃത ആശുപത്രിയിലെ ഒഫ്താൽമോളജി വിഭാഗം പ്രൊഫസർ ഡോ. സുചിത്ര, ഇ.എൻ.ടി. വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. രേണുകാബാലു എന്നിവർ പറഞ്ഞു.