


കൊച്ചി : ഉമ്മൻചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ നടത്തിയ കോൺഗ്രസ് അംഗത്തിനും തിരിച്ചടി. വടക്കഞ്ചേരി പഞ്ചായത്ത് അംഗം സുനിൽ ചുവട്ടുപാടത്തിന്റെ സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കി. ഇദ്ദേഹം വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്ന് കോടതി നിർദ്ദേശം നൽകി.
തിരുവനന്തപുരത്തെ 20 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കിയതിനൊപ്പമാണ് സുനിലിന്റെ സത്യപ്രതിജ്ഞയും ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി കണ്ടെത്തിയത്. ഉമ്മന്‍ചാണ്ടിയുടെ പേരില്‍ നടത്തിയ സത്യപ്രതിജ്ഞ ചട്ടലംഘനമാണെന്നും, നാലാഴ്ചയ്ക്കുള്ളിൽ വീണ്ടും സത്യപ്രതിജ്ഞ ചെയ്യാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
എല്‍ഡിഎഫ് അംഗം സി കണ്ണനാണ് സുനിലിനെതിരേ കോടതിയിൽ ഹര്‍ജി നല്‍കിയത്. ചട്ടലംഘനം നടത്തിയ സുനിലിനെ അംഗമായി തുടരാന്‍ അനുവദിക്കരുതെന്ന് കണ്ണൻ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സത്യപ്രതിജ്ഞ അസാധുവാക്കുകയാണ് കോടതി ചെയ്തത്. ഭരണഘടനാ വിരുദ്ധമായ നടപടികൾ സ്വീകരിച്ചതിനെ കോടതി രൂക്ഷമായി വിമർശിച്ചു.
വനം കൊള്ളക്കാരൻ വീരപ്പനെ ദൈവമായി കാണുന്നവർ ഉണ്ടാകാം, അതുകൊണ്ട് ആ പേരിൽ സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിക്കാമോ?” എന്ന് കോടതി ചോദിച്ചു. ഭരണഘടനാപരമായ സത്യപ്രതിജ്ഞാ ചട്ടങ്ങൾ ലംഘിക്കാൻ ആർക്കും അവകാശമില്ലെന്നും കോടതി ഓർമ്മിപ്പിച്ചു.