


ചെന്നൈ : തമിഴ് രാഷ്ട്രീയത്തിൽ വലിയൊരു ചരിത്രപരമായ മാറ്റത്തിന് സാക്ഷ്യം വഹിച്ചുകൊണ്ട്, നീണ്ട 59 വർഷത്തെ ഇടവേളയ്ക്ക് ശേഷം കോൺഗ്രസ് തമിഴ്നാട്ടിലെ ഒരു ഭരണകൂടത്തിന്റെ ഭാഗമായി ഔദ്യോഗികമായി തിരിച്ചെത്തി. തമിഴക വെട്രി കഴകം (TVK) നേതാവ് സി. ജോസഫ് വിജയ് മുഖ്യമന്ത്രിയായി അധികാരമേറ്റ് രണ്ടാഴ്ച പിന്നിടുമ്പോഴാണ് രണ്ട് കോൺഗ്രസ് പ്രതിനിധികളടക്കം പുതിയ 23 മന്ത്രിമാരെ ഉൾപ്പെടുത്തി മന്ത്രിസഭ വിപുലീകരിച്ചത്. വ്യാഴാഴ്ച രാവിലെ 10-ന് ചെന്നൈ ലോക് ഭവനിൽ (രാജ്ഭവൻ) നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പുതിയ മന്ത്രിമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. 1967-ന് ശേഷം ആദ്യമായാണ് കോൺഗ്രസ് തമിഴ്നാട്ടിൽ ഭരണത്തിന്റെ ഭാഗമാകുന്നത്. ഇന്നത്തെ വിപുലീകരണത്തോടെ വിജയ് മന്ത്രിസഭയിലെ ആകെ അംഗങ്ങളുടെ എണ്ണം 33 ആയി ഉയർന്നു.
ചടങ്ങിന്റെ തുടക്കത്തിൽ ഉയർന്ന ‘വന്ദേമാതരം’ ആലാപനം തമിഴ്നാട്ടിൽ പുതിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിമരുന്നിട്ടു. തമിഴ് തായ് വാഴ്ത്ത് മൂന്നാമതായി ആലപിച്ചത്. വിജയ്യുടെ സത്യപ്രതിജ്ഞാ വേളയിലും ഇതേ ക്രമം ആവർത്തിച്ചപ്പോൾ തന്നെ പ്രധാന പ്രതിപക്ഷമായ ഡിഎംകെയും ഭരണപക്ഷത്തെ ചില പ്രമുഖ സഖ്യകക്ഷികളും ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അന്ന് ഗവർണറുടെ ഓഫീസിൽ നിന്നുള്ള പ്രത്യേക നിർദ്ദേശപ്രകാരമാണ് വന്ദേമാതരത്തിന് മുൻഗണന നൽകിയതെന്ന് വിജയ് സർക്കാർ വിശദീകരണം നൽകിയിരുന്നു. സംസ്ഥാന ഗീതത്തിന് അർഹമായ പ്രാധാന്യം നൽകണമെന്നും തമിഴ് വികാരം മാനിക്കണമെന്നും ഡിഎംകെ ആവശ്യപ്പെട്ടിട്ടും ഇന്ന് വീണ്ടും ചടങ്ങിൽ അത് ആവർത്തിക്കപ്പെട്ടത് വിജയ് സർക്കാരിന് വരും ദിവസങ്ങളിൽ തലവേദന സൃഷ്ടിച്ചേക്കാം.
ചെന്നൈ ലോക് ഭവനിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങുകൾക്കിടയിൽ നാടകീയ രംഗങ്ങൾക്കും സാക്ഷ്യം വഹിച്ചു. കോൺഗ്രസ് നിയമസഭാ കക്ഷി നേതാവും കിള്ളിയൂർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയുമായ എസ്. രാജേഷ് കുമാർ മന്ത്രിയായി സത്യവാചകം ചൊല്ലുന്നതിനിടയിലാണ് സംഭവം. ഔദ്യോഗികമായി തനിക്ക് നൽകിയ പേപ്പറിൽ നോക്കി സത്യവാചകം വായിക്കുന്നതിനിടയിൽ, രാജേഷ് കുമാർ പെട്ടെന്ന് കോൺഗ്രസ് നേതാക്കളായ കാമരാജ്, രാജീവ് ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരുടെ പേരുകൾ ഉറക്കെ പരാമർശിച്ചുകൊണ്ട് ജയ് വിളിക്കുകയായിരുന്നു.
ഇത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ തമിഴ്നാടിന്റെ അധിക ചുമതലയുള്ള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഇടപെടുകയും കോൺഗ്രസ് നേതാവിനെ തത്സമയം തിരുത്തുകയും ചെയ്തു. “അത് നിങ്ങളുടെ സത്യപ്രതിജ്ഞയുടെ ഭാഗമല്ല” എന്ന് ഗവർണർ പരസ്യമായി ഓർമ്മിപ്പിക്കുകയും, നൽകിയിട്ടുള്ള ലിഖിത പ്രസ്താവനയിൽ മാത്രം ഒതുങ്ങിനിന്ന് വായിക്കാൻ കർശനമായി ആവശ്യപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെ രാജ്ഭവൻ ഉദ്യോഗസ്ഥൻ വേദിയിലെത്തി രാജേഷ് കുമാറിന് മുന്നിലുള്ള ഔദ്യോഗിക സത്യവാചകം വിരൽചൂണ്ടി കാണിച്ചുകൊടുത്തു. തുടർന്ന് അദ്ദേഹം തിരുത്തലുകൾ ഉൾക്കൊണ്ട് എഴുതി നൽകിയ വരികൾ മാത്രം വായിച്ച് സത്യപ്രതിജ്ഞ പൂർത്തിയാക്കുകയായിരുന്നു.
രാജേഷ് കുമാറിനൊപ്പം കോൺഗ്രസ് പ്രതിപ്രതിനിധിയായി മേലൂർ എംഎൽഎ പി വിശ്വനാഥും ഇന്ന് വിജയ് മന്ത്രിസഭയുടെ ഭാഗമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുന്നണിയിലെ മറ്റൊരു പ്രമുഖ ഘടകകക്ഷിയായ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗും പുതിയ വിജയ് സർക്കാരിൽ പങ്കാളിയാകാൻ ഔദ്യോഗികമായി സമ്മതം മൂളിയിട്ടുണ്ട്. എന്നാൽ മന്ത്രിസ്ഥാനം അലങ്കരിക്കേണ്ട തങ്ങളുടെ പ്രതിപ്രതിനിധിയെ ലീഗ് നേതൃത്വം ഇതുവരെ അന്തിമമായി പ്രഖ്യാപിച്ചിട്ടില്ല. വരും ദിവസങ്ങളിൽ ലീഗ് മന്ത്രിയുടെ പ്രഖ്യാപനമുണ്ടാകും. അതേസമയം, പുതിയ ഭരണകൂടത്തിന്റെ ഭാഗമാകണമോ എന്ന വിഷയത്തിൽ മുന്നണിയിലെ മറ്റൊരു കക്ഷിയായ വിടുതലൈ ചിരുതൈഗൽ കച്ചി ഇപ്പോഴും ആഭ്യന്തര ചർച്ചകൾ തുടർന്നുപോരുകയാണ്.
ടിവികെ പ്രതിനിധികളായ ശ്രീനാഥ് (തൂത്തുക്കുടി), കമാലി എസ്. (അവിനാശി), സി. വിജയലക്ഷ്മി (കുമാരപാളയം), ആർ.വി. രഞ്ജിത് കുമാർ (കാഞ്ചീപുരം), വിനോദ് (കുംഭകോണം), രാജീവ് (തിരുവാടാനൈ), ബി. രാജ്കുമാർ (കടലൂർ), വി. ഗാന്ധിരാജ് (അരക്കോണം), മഥൻ രാജ പി. (ഒറ്റപ്പിടാരം), ജഗദീശ്വരി കെ. (രാജപാളയം), എം. വിജയ് ബാലാജി (ഈറോഡ് ഈസ്റ്റ്) എന്നിവർ ഉൾപ്പെടുന്നു. ഇവർക്ക് പുറമെ ലോകേഷ് തമിഴ്സെൽവൻ ഡി. (രാസിപുരം), വിജയ് തമിഴൻ പാർത്ഥിപൻ എ. (സേലം സൗത്ത്), രമേഷ് (ശ്രീരംഗം), കുമാർ ആർ. (വേളാച്ചേരി), തെന്നരശ് കെ. (ശ്രീപെരുമ്പുത്തൂർ), വി. സമ്പത്ത് കുമാർ (കോയമ്പത്തൂർ നോർത്ത്), മുഹമ്മദ് ഫർവാസ് ജെ. (അരന്താങ്ങി), ഡി. ശരത്കുമാർ (താംബരം), എൻ. മേരി വിൽസൺ (ഡോ. രാധാകൃഷ്ണൻ നഗർ), വിഘ്നേഷ് കെ. (കിണത്തുക്കടവ്) എന്നിവരും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.