


കൊച്ചി : നൂറിലേറെ സീറ്റുമായി യുഡിഎഫ് ഇത്തവണ അധികാരത്തിലേക്ക് തിരിച്ചു വരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരളത്തിലെ ജനം പ്രബുദ്ധരാണ്. അവരെല്ലാം കൃത്യമായി നിരീക്ഷിക്കുന്നവരാണെന്നും വി ഡി സതീശൻ പറഞ്ഞു. നേരത്തെ യുഡിഎഫിന് ഭൂരിപക്ഷം നൽകാൻ പ്രയാസപ്പെട്ടവരെല്ലാം ഇപ്പോൾ അഭിപ്രായം മാറ്റിയിട്ടുണ്ട്. ദേശീയ സർവേകളിലെല്ലാം യുഡിഎഫ് നല്ല നിലയിലേക്ക് ഉയർന്നു വന്നിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കേസരി ബാലകൃഷ്ണ മെമ്മോറിയൽ ഗവൺമെന്റ് കോളേജിലെ 135-ാം ബൂത്തിൽ കുടുംബസമേതമെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. യുഡിഎഫ് നൂറിലേറെ സീറ്റുമായി അധികാരത്തിൽ വരുമെന്നതിൽ സംശയമില്ല. ഞങ്ങളുടേത് കൃത്യമായ അസ്സസ്മെന്റാണ്. മൂന്ന് മാസത്തിനിടയിൽ നാല് പ്രാവശ്യം കേരളം മുഴുവൻ സഞ്ചരിച്ചയാളാണ്. ജനവികാരം കൃത്യമായി ബോധ്യപ്പെട്ടിട്ടുള്ളയാളാണ്. ദേശീയ സർവേകളിലെല്ലാം യുഡിഎഫിന് മികച്ച മുന്നേറ്റമാണ് പറയുന്നത്.
കേരളത്തിലെ തട്ടിക്കൂട്ട് സർവേകളെക്കുറിച്ച് പറയുന്നില്ല. ഇത്തരത്തിൽ രണ്ടുമൂന്നു സർവേകളുണ്ട്. അവരുടെയൊക്കെ വിശ്വാസ്യത അവരു തന്നെ കളഞ്ഞുകുളിച്ചിരിക്കുകയാണെന്ന് വിഡി സതീശൻ പറഞ്ഞു. കേരളത്തിലെ എല്ലാ ജനങ്ങളും ജനാധിപത്യ പ്രക്രിയയിൽ പങ്കെടുത്ത് ജനാധിപത്യത്തെ വിജയിപ്പിക്കാനുള്ള ശ്രമത്തിൽ പങ്കാളികളാകണമെന്ന് വിഡി സതീശൻ അഭ്യർത്ഥിച്ചു. വോട്ടു ചെയ്യാതെ ആരും മാറി നിൽക്കരുത്. ഇഷ്ടമുള്ളവർക്ക് വോട്ടു ചെയ്യാം. അത് ഓരോരുത്തുടേയും ജനാധിപത്യപരമായ മൗലികാവകാശമാണ്. ആ അവകാശം ആരും ഉപയോഗിക്കാതിരിക്കരുതെന്നും വിഡി സതീശൻ അഭ്യർത്ഥിച്ചു.
പറവൂരിലെ കേസരി ബാലകൃഷ്ണ മെമ്മോറിയൽ കോളജിലെ ബൂത്തിലെത്തി രാവിലെ തന്നെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ വോട്ടു രേഖപ്പെടുത്തി. ഭാര്യയ്ക്കും മകൾക്കുമൊപ്പമെത്തിയാണ് സതീശൻ വോട്ടു ചെയ്തത്. പതിനാറാം നിയമസഭയിലേക്കുള്ള 140 പ്രതിനിധികളെ തെരഞ്ഞെടുക്കാനാണ് കേരളം ഇന്ന് പോളിങ് ബൂത്തിലെത്തുന്നത്. 883 സ്ഥാനാർഥികളാണ് സംസ്ഥാനത്ത് ജനവിധി തേടുന്നത്. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.