


അയോധ്യ : അയോധ്യ രാമക്ഷേത്രത്തിലെ ഭണ്ഡാരക്കൊള്ളയില്‍ ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായി രാജിവെച്ചു. ട്രസ്റ്റ് അംഗം അനിൽ മിശ്രയും രാജിവെച്ചിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) പ്രാഥമിക കണ്ടെത്തലുകൾ പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ഇരുവരും രാജി സമർപ്പിച്ചത്. വിഎച്ച്പി ഉപാധ്യക്ഷന്‍ കൂടിയായ ചമ്പത് റായിയുടെ സഹായിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ക്ഷേത്രത്തിലെ കാണിക്കപ്പണം കൈകാര്യം ചെയ്യുന്നതിലും നിരീക്ഷിക്കുന്നതിലും ഗുരുതരമായ വീഴ്ചകൾ സംഭവിച്ചതായി എസ്ഐടി റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു.
ഏറെ കോലാഹലങ്ങള്‍ക്ക് ശേഷമാണ് കേസുമായി ബന്ധപ്പെട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത്. പിന്നാലെയാണ് പ്രതികളായ എട്ടുപേരെയും ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. രാമശങ്കർ യാദവ് എന്ന ടിന്നു യാദവ്, അനുകൽപ് മിശ്ര, ലവ്കുഷ് മിശ്ര, അവിനാഷ് ശുക്ല, മനീഷ് യാദവ്, രാമശങ്കർ മിശ്ര, സുഭാഷ് ചന്ദ്ര ശ്രീവാസ്തവ, കരുണേഷ് പാണ്ഡെ എന്നിവരാണ് അറസ്റ്റിലായത്.
ക്ഷേത്രത്തിൽ ഭക്തർ സമർപ്പിക്കുന്ന പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും എണ്ണുന്ന ചുമതലയുണ്ടായിരുന്ന ജീവനക്കാരാണ് ഇവർ. ഭാരതീയ ന്യായ സംഹിതയിലെ (ബിഎന്‍എസ്) വിശ്വാസവഞ്ചന, മോഷണം, ക്രിമിനൽ ഗൂഢാലോചന ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
അയോധ്യയിലെ കാണിക്ക പെട്ടികളില്‍ നിന്ന് ആസൂത്രിതമായി പണം തട്ടിയെടുക്കുന്ന വലിയൊരു സംഘം തന്നെ ഇതിന് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് സൂചന.