


കൊല്‍ക്കത്ത : മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് നിയമസഭയില്‍ പിളര്‍പ്പിലേക്ക് നീങ്ങുന്നതായി സൂചന. പ്രതിപക്ഷ നേതാവിന്റെ തെരഞ്ഞെടുപ്പാണ് പാര്‍ട്ടിക്കുള്ളില്‍ പുതിയ തര്‍ക്കത്തിന് കാരണമായിട്ടുള്ളത്. വിമത വിഭാഗം എംഎല്‍എമാര്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ എംഎല്‍എ ഋതബ്രത ബാനര്‍ജിയെ പിന്തുണയ്ക്കുന്നതായാണ് റിപ്പോര്‍ട്ട്.
പാര്‍ട്ടി അധ്യക്ഷ മമത ബാനര്‍ജിയുടെ അടുത്ത അനുയായി ശോഭന്ദേബ് ചതോപാധ്യായയാണ് തൃണമൂല്‍ കോണ്‍ഗ്രസ് ഔദ്യോഗിക നേതൃത്വം പ്രതിപക്ഷ നേതാവായി നിശ്ചയിച്ചിട്ടുള്ളത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ച് ഋതബ്രത ബാനര്‍ജിയെയും മറ്റൊരു എംഎല്‍എ സന്ദീപന്‍ സാഹയെയും തിങ്കളാഴ്ച തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയിരുന്നു. ശോഭന്ദേബിനെ പ്രതിപക്ഷ നേതാവായി നാമനിര്‍ദേശം ചെയ്തുകൊണ്ടുള്ള കത്തില്‍ തങ്ങളുടെ ഒപ്പ് വ്യാജമാണെന്ന് ആരോപിച്ചതാണ് പാര്‍ട്ടി നേതൃത്വത്തെ ചൊടിപ്പിച്ചത്.
നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷമാണ്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിക്കെതിരായ അക്രമത്തിന് പിന്നാലെ, പാര്‍ട്ടി അധ്യക്ഷ മമത ബാനര്‍ജി വിളിച്ച യോഗത്തില്‍ ബഹുഭൂരിപക്ഷം എംഎല്‍എമാരും പങ്കെടുത്തില്ല. 80 എംഎല്‍എമാരില്‍ 20 പേര് മാത്രമാണ് യോഗത്തിനെത്തിയത്. 60 എംഎല്‍എമാര്‍ വിട്ടു നിന്നിരുന്നു.
വിമത നേതാവ് ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവാക്കാൻ തൃണമൂലിലെ ഒരു വിഭാഗം എംഎൽഎമാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ഔദ്യോഗിക പ്രതിപക്ഷ നേതാവ് സ്ഥാനാർത്ഥിയായ ശോഭൻദേബ് ചതോപാധ്യായക്കെതിരെയുള്ള വെല്ലുവിളിയാണെന്ന് മറുവിഭാഗം ആരോപിച്ചതോടെയാണ് പാർട്ടിയിൽ അസ്വാരസ്യങ്ങൾക്ക് തുടക്കമായത്. 2017ൽ സിപിഎമ്മിൽനിന്ന് പുറത്താക്കിയതോടെയാണ് ഋതബ്രത ബാനർജി തൃണമൂൽ കോൺഗ്രസിലെത്തുന്നത്. വ്യാജരേഖ ചമച്ചെന്ന കേസിൽ അഭിഷേക് ബാനർജിക്കെതിരെ പശ്ചിമ ബംഗാൾ സിഐഡി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.