


കൊച്ചി : പെരുമ്പാവൂരിൽ ലഹരി വിൽപനക്കാരെന്ന് ആരോപിച്ച് മൂന്ന് യുവാക്കൾക്ക് നേരെ അതിക്രൂരമായ ആൾക്കൂട്ട വിചാരണ . യുവാക്കളെ നടുറോഡിൽ മുട്ടുകുത്തി നിർത്തി തല മുണ്ഡനം ചെയ്യുകയും, വസ്ത്രങ്ങൾ അഴിച്ചുമാറ്റി മുറിയിലടച്ച് ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. ബുധനാഴ്ച വൈകിട്ട് നാലരയോടെ പെരുമ്പാവൂർ കണ്ടന്തറയിലാണ് സംഭവം . മർദ്ദനമേറ്റ വാഴക്കുളം മഞ്ഞപ്പെട്ടി സ്വദേശികളായ മൂന്ന് യുവാക്കൾ പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
മഞ്ഞപ്പെട്ടി നീറികാണിക്കൽ ഗോകുൽ (18), കണ്ടന്തറ പുത്തൻപുരയ്ക്കൽ ആൽബി (20), മഞ്ഞപ്പെട്ടി കളപ്പോത്ത് അൽഫാസ് (20) എന്നിവരാണ് ആൾക്കൂട്ട അക്രമത്തിന് ഇരയായത്. പരാതിയുടെ അടിസ്ഥാനത്തിൽ കണ്ടാലറിയാവുന്ന ആറു പേർക്കെതിരെ പെരുമ്പാവൂർ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കണ്ടന്തറയിലെ ഒരു സോഡാ ഫാക്ടറിയിൽ ജോലി തിരക്കി വന്നതായിരുന്നു യുവാക്കൾ. ഫാക്ടറിയിലെ ഇതരസംസ്ഥാന തൊഴിലാളികൾ നാട്ടിൽ പോയ ഒഴിവിൽ, അവിടുത്തെ സൂപ്പർവൈസർ വിളിച്ചതുപ്രകാരമാണ് മൂവരും ബൈക്കിൽ ഇവിടെയെത്തിയത്. എന്നാൽ ഫാക്ടറിയുടെ മുന്നിലെത്തിയപ്പോൾ ഒരു സംഘം ആളുകൾ ഇവരെ തടഞ്ഞുനിർത്തുകയായിരുന്നു.
ബൈക്കിന്റെ താക്കോൽ ഊരിയെടുത്ത സംഘം ‘നിങ്ങൾ കഞ്ചാവ് വിൽപനക്കാരല്ലേ’ എന്ന് ചോദിച്ച് തർക്കമാരംഭിച്ചു. തങ്ങൾ ജോലി ആവശ്യത്തിന് വന്നതാണെന്ന് യുവാക്കൾ ആവർത്തിച്ചു പറഞ്ഞെങ്കിലും അക്രമികൾ അത് കേൾക്കാൻ തയ്യാറായില്ല. പൊലീസിനെയോ ബന്ധുക്കളെയോ വിളിക്കാൻ അനുവദിക്കാതെ ഇവരുടെ മൊബൈൽ ഫോണുകൾ സംഘം ബലമായി പിടിച്ചുവാങ്ങി.
ആ സമയത്ത് ഫാക്ടറിയുടമ സ്ഥലത്തുണ്ടായിരുന്നില്ല. തടഞ്ഞുനിർത്തിയ യുവാക്കളെ പരസ്യമായി നടുറോഡിൽ മുട്ടുകുത്തി ഇരുത്തി തലമുണ്ഡനം ചെയ്യുകയായിരുന്നു. ഇതിനുശേഷം ഫാക്ടറിയിലെ ഇതരസംസ്ഥാനക്കാരനായ സൂപ്പർവൈസറെ ഭീഷണിപ്പെടുത്തി അകറ്റിനിർത്തിയ ശേഷം, യുവാക്കളെ ഫാക്ടറിക്കുള്ളിലെ മുറിയിലടച്ചു. അവിടെവെച്ച് വസ്ത്രങ്ങൾ അഴിച്ചുമാറ്റി വീണ്ടും ക്രൂരമായി മർദ്ദിച്ച ശേഷം സ്ഥലത്തുനിന്ന് ഓടിച്ചുവിടുകയായിരുന്നുവെന്ന് യുവാക്കൾ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.