

തിരുവനന്തപുരം : കേരളത്തിലെ കുട്ടികള്‍ വിദ്യാഭ്യാസത്തിനായി പുറത്തുപോകുന്ന സാഹചര്യം ഒഴിവാക്കാന്‍ കേരള നോളജ് വാലി പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ പ്രധാന ലക്ഷ്യസ്ഥാനമാക്കാന്‍ വേണ്ടിയാണ് പദ്ധതി. അതുവഴി വിദ്യാഭ്യാസത്തിന് കുട്ടികള്‍ പുറത്ത് പോകുന്നത് ഒഴിവാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അത്യാധുനിക ഗവേഷണ പാര്‍ക്കുകള്‍, മികവിന്റെ കേന്ദ്രങ്ങള്‍ എന്നിവ ഒരു കുടക്കീഴിലില്‍ കൊണ്ടുവരുന്ന ലോകോത്തര ഉന്നത വിദ്യാഭ്യാസ കേന്ദ്രമായി മാറ്റുന്നതിന് കേരള നോളജ് വാലി സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന് പറഞ്ഞു. കന്നി ബജറ്റ് പ്രസംഗത്തിലായിരുന്നു പ്രഖ്യാപനം.
ദേശീയ അന്തര്‍ദേശീയ റാങ്കുകളില്‍ മുന്‍നിരയിലുള്ള സര്‍വകലാശാലകളെയും ലോകോത്തര പാരമ്പര്യ സര്‍വകലാശാലകളെയും ആകര്‍ഷിക്കുന്ന രീതിയില്‍ ആകും ഈ വിദ്യാഭ്യാസ കേന്ദ്രം രൂപകല്‍പ്പന ചെയ്യുക. അക്കാദമിക മികവും ശാസ്ത്ര വൈദഗ്ധ്യവുമുള്ള ഒരു ഉപദേശക സമിതിയുടെ മാര്‍ഗനിര്‍ദേശങ്ങളോടെ പ്രവര്‍ത്തിക്കുന്നതും ഇന്ത്യയിലെയും വിദേശത്തെയും മുന്‍നിര സ്ഥാപനങ്ങളുമായി സഹകരിച്ച് വ്യാവസായിക ബന്ധങ്ങള്‍ സൃഷ്ടിക്കുന്നതുമാകും ഈ കേന്ദ്രം. വിദ്യാര്‍ഥികള്‍ക്ക് തന്നെ കേരളത്തില്‍ ലോകോത്തര അവസരങ്ങള്‍ കണ്ടെത്താനും ഗവേഷണ നേട്ടങ്ങള്‍ സംരംഭങ്ങളാക്കാനും കേരളത്തെ ഏഷ്യയുടെ തന്നെ ഭൗതിക തലസ്ഥാനമാക്കാനും കഴിയുന്ന തരത്തിലാണ് ഈ പദ്ധതി നടപ്പാക്കുക. ഇതിനായി സ്വകാര്യ സര്‍വകലാശാല ബില്ലില്‍ യുദ്ധ കാലാടിസ്ഥാനത്തില്‍ കാലോചിതമായ മാറ്റം കൊണ്ടുവരും. ഇതിനായി 100 കോടി വകയിരുത്തിയതായും വി ഡി സതീശന് പറഞ്ഞു.