


കൊച്ചി : എഫ്സിആര്‍എ ചട്ട ഭേദഗതിക്കും ബില്‍ വര്‍ഷകാല സമ്മേളനത്തില്‍ കൊണ്ടുവരുന്നതിനുമെതിരെ കത്തോലിക്കാ മെത്രാന് സമിതിയുടെ ആഹ്വാന പ്രകാരം ഇന്ന് പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തും. രാവിലെ കത്തോലിക്കാ സഭക്ക് കീഴിലുള്ള എല്ലാ പള്ളികളിലുമടക്കം പ്രാര്‍ത്ഥന നടക്കും.
രാജ്യവ്യാപകമായി നിയമങ്ങള്‍ കടുപ്പിക്കുന്നതിനെതിരെ ക്രൈസ്തവ സംഘടനകള്‍ തുടങ്ങുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് പ്രാര്‍ഥന. കേന്ദ്രസര്‍ക്കാര്‍ നടപടി രാജ്യത്തെ ക്രൈസ്തവരുടെ അടക്കം സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം വിലക്കുന്നതാണെന്നാണ് സിബിസിഐ നിലപാട്.
വിദേശസംഭാവനകള്‍ ഉപയോഗിച്ചുള്ള മതപരിവര്‍ത്തനശ്രമം കര്‍ശനമായി വിലക്കുന്നതാണ് സന്നദ്ധസംഘടനകള്‍ക്കുള്ള എഫ്സിആര്‍എ ചട്ടഭേദഗതി. വിദേശസംഭാവന സ്വീകരിക്കുന്നതിനുള്ള അര്‍ഹതാ മാനദണ്ഡങ്ങളില്‍ കാര്യമായ മാറ്റംവരുത്തിയിട്ടുണ്ട്. മതപരിവര്‍ത്തനശ്രമങ്ങള്‍ സംഘടനകളുടെ രജിസ്ട്രേഷന് യോഗ്യതകളുടെ മാനദണ്ഡപ്പട്ടികയില്‍നിന്ന് പൂര്‍ണമായി ഒഴിവാക്കി. മതവിദ്യാഭ്യാസം, ധാര്‍മികബോധവത്കരണം, സത്സംഗങ്ങള്‍, പ്രഭാഷണങ്ങള്‍, ധ്യാന ക്യാമ്പുകള്‍ എന്നിവ മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കി മാത്രമേ നടത്താവൂ എന്നാണ് ചട്ടഭേദഗതി.