


കൊല്ലം : ആക്രിക്കടയില്‍ വിറ്റ പുസ്തകത്തില്‍ ആറു പവന് സ്വര്‍ണം. കള്ളനെ പേടിച്ചു പാഠപുസ്തകത്തില്‍ ‘ഭദ്രമായി’ ഒളിപ്പിച്ച സ്വര്‍ണാഭരണങ്ങളാണ് ആക്രിക്കടയിലെത്തിയത്. സ്വര്‍ണം നഷ്ടമായതു വീട്ടുകാര്‍ അറിഞ്ഞത് മൂന്നാം ദിവസമാണ്. ഉടന്‍ തന്നെ ആക്രിക്കടയിലെത്തി തൊഴിലാളികള്‍ക്കൊപ്പം നടത്തിയ തിരച്ചിലില്‍ നാലു ഗ്രാം ഒഴികെ ആഭരണങ്ങള്‍ കണ്ടെത്തി.
തിരച്ചിലിനിടെ രണ്ടു ഇതരസംസ്ഥാനത്തൊഴിലാളികള്‍ക്കു സൂര്യാതപമേല്‍ക്കുകയും ചെയ്തു. ചവറ തേവലക്കര പാലയ്ക്കല്‍ വടക്ക് മണ്ണാന്റെ വടക്കേതില്‍ (കൈതപ്പുഴ) ഉമ്മര്‍കുട്ടിയാണ് 21ന് വൈകീട്ട് കുന്നേല്‍ ജംഗ്ഷനില്‍ എ നിസാറിന്റെ എഎന്‍ ട്രേഡേഴ്സ് ആക്രിക്കടയില്‍ വീട്ടിലെ പഴയ സാധനങ്ങളും പുസ്തകവും ഉള്‍പ്പെടെ പെട്ടി ഓട്ടോയില്‍ എത്തിച്ചു വിറ്റത്. 23ന് രാവിലെ വീട്ടുകാര്‍ സ്വര്‍ണം അന്വേഷിച്ചപ്പോഴാണ് തൂക്കിവിറ്റ പുസ്തകത്തില്‍ ഒളിപ്പിച്ച ആഭരണപ്പെട്ടിയിലാണ് ഇതുള്ളതെന്നു മനസ്സിലായത്.
ഉടന്‍ കടയില്‍ അറിയിച്ചെങ്കിലും അപ്പോഴേക്കും പുസ്തകം ഉള്‍പ്പെടെ സാധനങ്ങള്‍ മറ്റ് ആക്രികള്‍ക്കൊപ്പം മാറ്റിയിരുന്നു. വീട്ടുകാരും 5 തൊഴിലാളികളും ആക്രിക്കൂമ്പാരത്തില്‍ വൈകീട്ടു വരെ നടത്തിയ തിരച്ചിലില്‍ പെട്ടിയില്‍നിന്നു പുറത്തുവീണ കമ്മല്‍, വള, മോതിരം എന്നിവ ലഭിച്ചു. 24നു തുടര്‍ന്ന തിരച്ചിലില്‍ പെട്ടിക്കുള്ളിലുള്ള നിലയില്‍ മാലയും കണ്ടെത്തി. എന്നാല്‍, 4 ഗ്രാം ആഭരണങ്ങള്‍ കണ്ടെത്താനായില്ല. വീണ്ടെടുത്ത സ്വര്‍ണം കടയുടമ നിസാര്‍ തെക്കുംഭാഗം പൊലീസ് സ്റ്റേഷനില്‍ വച്ച് ഉമ്മര്‍കുട്ടിയുടെ ഭാര്യ എം എസ് അനിതയ്ക്കു കൈമാറി.