


തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കേന്ദ്രീകരിച്ച് സംസ്ഥാനത്തെ ആദ്യത്തെ വൻകിട തുറമുഖാധിഷ്ഠിത ലോജിസ്റ്റിക്സ്, സമുദ്ര അടിസ്ഥാന സൗകര്യ വികസന പദ്ധതിക്ക് തുടക്കം. സംസ്ഥാന സർക്കാരിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡും (VISL) മൂന്ന് വൻകിട കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (IOCL), കണ്ടെയ്നർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (CONCOR), സെൻട്രൽ വെയർഹൗസിംഗ് കോർപ്പറേഷൻ (CWC) എന്നിവയുമായി ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു. മുഖ്യമന്ത്രിയുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ, വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് (VISL) ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലാണ് ഔദ്യോഗിക ധാരണാപത്രങ്ങൾ ഒപ്പുവെച്ചത്. തുറമുഖ വകുപ്പ് മന്ത്രി വി.എൻ വാസവൻ, പോർട്സ് സെക്രട്ടറി ഡോ. എ. കൗസിഗൻ ഐ.എ.എസ്, വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് (VISL) എം.ഡി. ഡോ. ദിവ്യ എസ് അയ്യർ ഐ.എ.എസ് എന്നിവരും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നുള്ള മുതിർന്ന പ്രതിനിധികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിൽ നിന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ (ഇൻസ്റ്റിറ്റ്യൂഷണൽ ബിസിനസ്) കെ. ജോൺ പ്രസാദ്, കൺട്രി ഹെഡ്, ഇൻസ്റ്റിറ്റ്യൂഷണൽ ബിസിനസ്, ഐഒസിഎൽ ഹെഡ് ഓഫീസ്, മുംബൈ; ഗീതിക വർമ്മ, സി.ജി.എം & സ്റ്റേറ്റ് ഹെഡ്, കേരളം; ആനന്ദ് സമ്പത്ത്, ജി.എം, ഇൻസ്റ്റിറ്റ്യൂഷണൽ ബിസിനസ്, കേരള സ്റ്റേറ്റ് ഓഫീസ്; സഞ്ജീവ് പ്രിയദർശി എന്നിവർ പങ്കെടുത്തു. കണ്ടെയ്നർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ നിന്ന് സി.എം.ഡി സഞ്ജയ് സ്വരൂപ്; ഏരിയ ഹെഡ് (സതേൺ റീജിയൺ) ജി. ഗായത്രി; സീനിയർ ജി.എം & ക്ലസ്റ്റർ ഹെഡ് എ. വിജിവിൻ; മാനേജർ റിജോ പീറ്റർ എന്നിവർ സന്നിഹിതരായിരുന്നു. സെൻട്രൽ വെയർഹൗസിംഗ് കോർപ്പറേഷനിൽനിന്ന് മാനേജിംഗ് ഡയറക്ടർ സന്തോഷ് സിൻഹ; ജനറൽ മാനേജർ (ന്യൂ ബിസിനസ്) മനീഷ് ബി. ആർ.; റീജിയണൽ മാനേജർ സുന്ദരമൂർത്തി ജി. എസ്. ആർ.; സീനിയർ മാനേജർ (റീജിയണൽ ഓഫീസ്, കൊച്ചി) രാഹുൽ ധർമ്മരാജ ഡി.; മാനേജർ (റീജിയണൽ ഓഫീസ്, കൊച്ചി) ആനന്ദ് കെ. ടി. പി; വെയർഹൗസ് മാനേജർ (സി.ഡബ്ല്യു തിരുവനന്തപുരം) മുകേഷ് എസ്. എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയിലും ലോജിസ്റ്റിക്സ് ശേഷി വർദ്ധിപ്പിക്കുന്നതിലും നിർണ്ണായക പങ്ക് വഹിക്കുന്നതിനും, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവുമായി ബന്ധപ്പെട്ട തുറമുഖാധിഷ്ഠിത വ്യാവസായിക ആവാസവ്യവസ്ഥയെ (port-led industrial ecosystem) നയിക്കാൻ വി.ഐ.എസ്.എൽ-നെ (VISL) ചുമതലപ്പെടുത്തിക്കൊണ്ട് ഡയറക്ടർ ബോർഡും സർക്കാരും എടുത്ത തീരുമാനത്തിന്റെ തുടർച്ചയായാണ് ഈ ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചത്.കരാർ പ്രകാരം, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (IOCL) ഏകദേശം 700 കോടി രൂപയുടെ നിക്ഷേപത്തിൽ ഇന്ധന സുരക്ഷയ്ക്കായി തുറമുഖത്തിന് സമീപം വൻകിട ബങ്കറിങ് ഫെസിലിറ്റികൾ നിർമ്മിക്കും.
വിഴിഞ്ഞത്തെത്തുന്ന കപ്പലുകൾക്ക് ഇന്ധനം നിറയ്ക്കുന്നതിനും തുറമുഖ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനും ഈ സൗകര്യം സഹായിക്കും.
കണ്ടെയ്നർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (CONCOR) 600 കോടി രൂപയുടെ നിക്ഷേപത്തിൽ ഗതാഗത ശൃംഖല വികസിപ്പിക്കും. കണ്ടെയ്നർ കൈകാര്യം ചെയ്യുന്നതിനുള്ള സൗകര്യങ്ങളും കണ്ടെയ്നർ ഡിപ്പോകളും ചരക്ക് നീക്ക സംവിധാനങ്ങളും (ICD & CFS) ഇതിൽ ഉൾപ്പെടുന്നു. ഇവ ചരക്ക് കൈകാര്യം ചെയ്യുന്നതും തുറമുഖവും ഉൾനാടൻ പ്രദേശങ്ങളും തമ്മിലുള്ള ബന്ധവും മെച്ചപ്പെടുത്തും.സെൻട്രൽ വെയർഹൗസിംഗ് കോർപ്പറേഷൻ (CWC) ഏകദേശം 700 കോടി രൂപ മുതൽമുടക്കിൽ അത്യാധുനിക മൾട്ടി-മോഡൽ ലോജിസ്റ്റിക്സ് പാർക്കും വലിയ ഗോഡൗണുകളും നിർമ്മിക്കും. ഈ പാർക്കിൽ സ്റ്റോറേജ്, കാർഗോ ഹാൻഡിലിംഗ്, ലോജിസ്റ്റിക്സ് സപ്പോർട്ട് സേവനങ്ങൾ എന്നിവ ലഭ്യമാക്കും.വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ കാര്യക്ഷമമായ പ്രവർത്തനത്തിനും ഭാവി വളർച്ചയ്ക്കും ആവശ്യമായ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ ഒരുക്കുന്നതിൽ ഈ മുന്നേറ്റങ്ങൾ ഒരു സുപ്രധാന ചുവടുവെപ്പാണ്.