

ബംഗളൂരു : കർണാടകയിൽ ഡികെ ശിവകുമാർ മന്ത്രിസഭ അധികാരമേറ്റ് ദിവസങ്ങൾ മാത്രം പിന്നിടുമ്പോൾ ഭരണകക്ഷിയായ കോൺഗ്രസിനുള്ളിൽ ആഭ്യന്തര ഭിന്നതകളും അസ്വാരസ്യങ്ങളും മറനീക്കി പുറത്തേക്ക്. അനുവദിച്ച വകുപ്പിൽ അതൃപ്തി പ്രകടമാക്കി മുതിർന്ന കോൺഗ്രസ് നേതാവ് രാമലിംഗ റെഡ്ഡി മന്ത്രിസ്ഥാനം രാജിവച്ചു. ബംഗളൂരു വികസന വകുപ്പ് നിഷേധിച്ചതിലുള്ള അതൃപ്തിയാണ് രാജിയിലേക്ക് അദ്ദേഹത്തെ നയിച്ചത്. ക്യാമറയ്ക്ക് മുന്നിൽ വെച്ച് തന്റെ രാജിക്കത്തിൽ ഒപ്പുവെച്ച ശേഷം അദ്ദേഹം മാധ്യമപ്രവർത്തകരെ കണ്ട് നിലപാട് വ്യക്തമാക്കുകയായിരുന്നു.
ബംഗളൂരു വികസന വകുപ്പ് തനിക്ക് നൽകാമെന്ന് കോൺഗ്രസ് നേതൃത്വം രണ്ടുതവണ ഔദ്യോഗികമായി ഉറപ്പുനൽകിയിരുന്നതായും, എന്നാൽ ഇപ്പോൾ അതിൽ നിന്നും അവർ മാറിയതിനാൽ താൻ പൂർണ്ണമായും നിരാശനാണെന്നും അതിനാലാണ് മന്ത്രിസ്ഥാനം രാജിവെയ്ക്കുന്നതെന്നും രാമലിംഗ റെഡ്ഡി മാധ്യമങ്ങളോട് പറഞ്ഞു. താൻ മുഖ്യമന്ത്രിയാകുമ്പോൾ ഈ വകുപ്പ് പൂർണ്ണമായി വിട്ടൊഴിയാമെന്നും അപ്പോൾ തനിക്ക് അത് ഏറ്റെടുക്കാമെന്നും ഡികെ ശിവകുമാർ തന്റെ വീട്ടിലെത്തി നേരിട്ട് പറഞ്ഞിരുന്നതായി റെഡ്ഡി വെളിപ്പെടുത്തി. സത്യപ്രതിജ്ഞാ ചടങ്ങിന് തൊട്ടുതലേദിവസവും താൻ ശിവകുമാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും, അപ്പോഴും ബംഗളൂരു വകുപ്പ് തനിക്ക് തന്നെ അനുവദിക്കുമെന്നാണ് ഉറപ്പ് നൽകിയിരുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.
അതേസമയം, താൻ ഇപ്പോഴും കോൺഗ്രസ് പാർട്ടിയിൽ തന്നെയാണെന്നും പാർട്ടിയിൽ നിന്നും രാജിവെച്ചിട്ടില്ലെന്നും അദ്ദേഹം പ്രത്യേകം വ്യക്തമാക്കി. കഴിഞ്ഞ 53 വർഷമായി താൻ കോൺഗ്രസ് പാർട്ടിയിൽ സജീവമായി തുടരുന്നയാളാണെന്നും പാർട്ടിയിൽ നിരവധി സുപ്രധാന ഉത്തരവാദിത്തങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മുൻ മുഖ്യമന്ത്രിമാരായ എം വീരപ്പ മൊയ്ലി, എസ്എം കൃഷ്ണ എന്നിവരുടെ മന്ത്രിസഭകളിൽ താൻ മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ടെന്നും, എന്നാൽ തന്റെ രാഷ്ട്രീയ ജീവിതത്തിൽ ഇന്നുവരെ ആരോടും ഒരു മന്ത്രിസ്ഥാനവും ആവശ്യപ്പെട്ടിട്ടില്ലെന്നും റെഡ്ഡി കൂട്ടിച്ചേർത്തു.
താൻ വ്യക്തിപരമായി ചെന്ന് മുഖ്യമന്ത്രിക്ക് രാജിക്കത്ത് നൽകില്ലെന്നും, പകരം ഒരു അനുയായി വഴി മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്ത് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു. എംഎൽഎ സ്ഥാനത്ത് തുടരുമെന്നും, ഡി.കെ. ശിവകുമാറിനോടോ മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയോടോ തനിക്ക് യാതൊരുവിധ വ്യക്തിപരമായ വിരോധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എട്ടുതവണ നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട രാമലിംഗ റെഡ്ഡിക്ക് ബംഗളൂരു വികസന വകുപ്പിന് പകരം മേജർ ആന്റ് മീഡിയം ഇറിഗേഷൻ (വൻകിട-ഇടത്തരം ജലസേചനം) വകുപ്പാണ് അനുവദിച്ചിരുന്നത്. ഇത് സ്വീകരിക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല.