

ചണ്ഡീഗഡ് : മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ആം ആദ്മി പാർട്ടി (എഎപി) രാജ്യസഭാ എംപിയുമായ ഹർഭജൻ സിംഗിന് പഞ്ചാബ് സർക്കാർ നൽകിയിരുന്ന സുരക്ഷാ സംവിധാനങ്ങൾ പിൻവലിച്ചു. ഹർഭജൻ സിംഗ് എഎപി വിട്ട് ബിജെപിയിൽ ചേരുമെന്ന ശക്തമായ അഭ്യൂഹങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഭഗവന്ത് മാൻ സർക്കാരിന്റെ നടപടി.
ജലന്ധറിലെ ഹർഭജന്റെ വസതിയിൽ വിന്യസിച്ചിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെയും അനുവദിച്ചിരുന്ന സർക്കാർ വാഹനവും തിരിച്ചുവിളിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പഞ്ചാബ് പൊലീസ് പിന്മാറിയതോടെ, ഹർഭജൻ സിംഗിന്റെ സുരക്ഷാ ചുമതല കേന്ദ്ര സർക്കാർ സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സിന് (സിആര്‍പിഎഫ്) കൈമാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിലെ സാഹചര്യവും ഭീഷണികളും കണക്കിലെടുത്താണ് കേന്ദ്രത്തിന്റെ ഈ അടിയന്തര നടപടി. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഹർഭജൻ സിംഗും മറ്റ് ആറ് എഎപി എംപിമാരും പാർട്ടി വിട്ട് ബിജെപിയിൽ ചേരുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. രാഘവ് ഛദ്ദയുടെ നേതൃത്വത്തിലുള്ള സംഘം ബിജെപിയിലേക്ക് നീങ്ങുന്നതായാണ് സൂചന. രാഘവ് ഛദ്ദ ബിജെപി പാളയത്തിലെത്തുകയും ചെയ്തു. എന്നാല്‍ ഹർഭജൻ സിംഗ് ഔദ്യോഗികമായി ബിജെപി പ്രവേശം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, സുരക്ഷാ പിൻവലിക്കലും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും അദ്ദേഹം ഉടൻ തന്നെ കാവി പാളയത്തിലെത്തുമെന്ന സൂചനയാണ് നൽകുന്നത്.
ഹർഭജൻ സിംഗ് പാർട്ടിയെ വഞ്ചിച്ചുവെന്ന് ആരോപിച്ച് പഞ്ചാബിലെ വിവിധയിടങ്ങളിൽ എഎപി പ്രവർത്തകർ പ്രതിഷേധം നടത്തിയിരുന്നു. ജലന്ധറിലെ അദ്ദേഹത്തിന്റെ വീടിന് മുന്നിൽ തടിച്ചുകൂടിയ പ്രവർത്തകർ മതിലുകളിൽ ‘ഗദ്ദാർ’ (വഞ്ചകൻ) എന്ന് എഴുതിവെക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഹർഭജനെ കൂടാതെ മറ്റ് ചില എംപിമാരുടെ വീടുകൾക്ക് മുന്നിലും സമാനമായ രീതിയിൽ പ്രതിഷേധങ്ങൾ അരങ്ങേറിയിട്ടുണ്ട്.