

തിരുവനന്തപുരം : ചെങ്കല്‍ വ്ലാത്താങ്കരയില്‍ യുവതി വെട്ടേറ്റു മരിച്ച സംഭവത്തിനു പിന്നില്‍ സാമൂഹിക മാധ്യമങ്ങളുടെ അമിത ഉപയോഗവും കാരണമായെന്ന് പൊലീസ്. വ്ലാത്താങ്കര ഗോപിനാഥ മന്ദിരത്തില്‍ അല്‍മ (32) വെട്ടേറ്റു മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് വിഷ്ണുനാഥിന്റെ കുറ്റസമ്മത മൊഴിയിലാണ് ഇക്കാര്യമുള്ളത്. വിവാഹത്തിനുശേഷം അല്‍മ സോഷ്യല്‍ മീഡിയയില്‍ സജീവമായതോടെയാണ് പ്രശ്നങ്ങളുടെ തുടക്കമെന്ന് പൊലീസ് പറയുന്നു.
അല്‍മ എപ്പോഴും ഫോണില്‍ സമയം ചെലവഴിക്കുന്നതിനെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കം പതിവായിരുന്നു. ഇതിന്റെ പേരില്‍ വിഷ്ണുവിന് ഭാര്യയെ സംശയമുണ്ടായിരുന്നു. ഫോണ്‍ സൈബര്‍ പരിശോധനയ്ക്കായി അയച്ചതായും പൊലീസ് പറഞ്ഞു. ശനിയാഴ്ച രാത്രിയും ഞായറാഴ്ച രാവിലെയും ഫോണ്‍ ഉപയോഗത്തെ ചൊല്ലി ഇരുവരും തര്‍ക്കമുണ്ടായി. അതിനിടെ രാവിലെ ഒന്‍പതരോടെ ബെഡ് റൂമില്‍ വച്ച് വിഷ്ണു അല്‍മയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
പിഎസ്സി കോച്ചിങ് സെന്ററുകളിലെ ഇംഗ്ലിഷ് അധ്യാപകനായിരുന്നു വിഷ്ണുനാഥ്. വെള്ളറടയ്ക്കടുത്ത് അഞ്ചുമരങ്കാല സ്വദേശിനിയാണ് അല്‍മ. ഒന്‍പത് വര്‍ഷം മുന്‍പ് പ്രണയവിവാഹിതരായ ഇവര്‍ക്ക് കുഞ്ഞുങ്ങളില്ലായിരുന്നു. ഇതിന്റെ പേരിലും അസ്വാരസ്യമുണ്ടായിരുന്നു. ഭാര്യയെ കുത്തിയശേഷം വിഷ്ണുനാഥ് അഭിഭാഷകനായ സഹോദരന്റെ വീട്ടിലെത്തി വിവരം പറയുകയായിരുന്നു. സഹോദരന് അറിയിച്ചതനുസരിച്ച് പൊലീസ് വീട്ടിലെത്തിയപ്പോള്‍ അല്‍മ കിടപ്പുമുറിയില്‍ രക്തത്തില്‍ കുളിച്ച് കിടക്കുകയായിരുന്നു. പാറശാല പൊലീസ് അറസ്റ്റ് ചെയ്ത് നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കിയ വിഷ്ണുനാഥിനെ റിമാന്‍ഡ് ചെയ്തു.