


കണ്ണൂർ : ധർമ്മടത്ത് വീടു കുത്തി തുറന്ന് സ്വർണാഭരണങ്ങളും സിസിടിവി ഹാർഡ് ഡിസ്ക്കുമടക്കം മോഷ്ടിച്ച പ്രതികളെ പിടികൂടി പൊലീസ്. ചെറുവത്തൂർ സ്വദേശിയായ കെപി സിദ്ദിഖ് (47), മലപ്പുറം പുന്നക്കാട് സ്വദേശിയായ സുഹൈൽ പികെ (40) എന്നിവരെയാണ് കണ്ണൂരിൽ നിന്നും മലപ്പുറത്തു നിന്നുമായി പൊലീസ് പിടികൂടിയത്.
സിദ്ദിഖ് കേരളത്തിലും തമിഴ്നാട്ടിലും നിരവധി മോഷണക്കേസുകളിൽ പ്രതിയും ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ളയാളുമാണ്. സുഹൈൽ പാലക്കാട് ചിറ്റൂർ പോലീസ് സ്റ്റേഷനിലെ ഒരു കേസിൽ പ്രതിയാണ്. വീടുകളുടെ വാതിൽ തകർത്ത് അകത്തുകയറിയാണ് പ്രതികൾ മോഷണം നടത്തുന്നത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിൽ ധർമ്മടം പൊലീസും തലശ്ശേരി എസിപി സ്ക്വാഡ് അംഗങ്ങളും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
മോഷണം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞിരുന്നു. ഇവരുടെ മൊബൈൽ നമ്പർ ടവർ ലൊക്കെഷൻ തിരിച്ചറിയാൻ കഴിഞ്ഞത് അന്വേഷണത്തിന് കൂടുതൽ വേഗതയുണ്ടാക്കി. തലശ്ശേരി എഎസ്പി നന്ദഗോപൻ എം. ഐപിഎസ്, ധർമ്മടം പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ (ഇൻസ്പെക്ടർ ഓഫ് പോലീസ്) അഗേഷ് കെ. എന്നിവരുടെ നിർദ്ദേശപ്രകാരം ധർമ്മടം എസ്ഐ ഷജീം ജെ.യുടെ നേതൃത്വത്തിൽ സിപിഒമാരായ ശ്രീലാൽ, ഹിരൺ, രതീഷ്, സായൂജ് എന്നിവർ ചേർന്നാണ് പ്രതികളെ സാഹസികമായി പിടികൂടിയത്.