


തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഡ്രൈവർക്ക് പൊലീസ് മർദ്ദനം ഏറ്റതായി പരാതി. എകെജി സെന്ററിലെ ജീവനക്കാരനായ അനൂപ് പി കെ ആണ് തനിക്ക് മർദ്ദനമേറ്റെന്ന് കാട്ടി സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയത്. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ വെച്ച് പൊലീസ് ഉദ്യോഗസ്ഥരിൽ നിന്ന് മർദ്ദനമേറ്റെന്നാണ് പരാതിയിൽ പറയുന്നത്.
മെയ് 30-ന് വൈകീട്ട് നാലു മണിയോടെ പിണറായി വിജയനെ റെയിൽവേ സ്റ്റേഷനിൽ ഇറക്കി വിട്ടു മടങ്ങുമ്പോഴാണ് പൊലീസിൽ നിന്നും ദുരനുഭവം നേരിട്ടതെന്ന് അനൂപ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. പൊലീസുകാരായ ശരത്, ജയൻ എന്നിവർക്കെതിരെയാണ് പരാതി. തിരുവനന്തപുരം – മംഗലാപുരം വന്ദേഭാരത് ട്രെയിനിൽ പോകുന്നതിനായി പിണറായി വിജയൻ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴാണ് സംഭവങ്ങളുടെ തുടക്കം. പൊലീസ് അകമ്പടിയോടെയാണ് പിണറായിയുടെ വാഹനം സ്റ്റേഷനിലെത്തിയത്.
പിണറായി വിജയൻ വാഹനത്തിൽ നിന്നിറങ്ങി സ്റ്റേഷനിലേക്ക് പോയപ്പോൾ, അനൂപ് വാഹനം മാറ്റി പാർക്ക് ചെയ്യാൻ ശ്രമിച്ചു. അതിനിടെ അവിടെയുണ്ടായിരുന്ന രണ്ട് പൊലീസ് ഉദ്യോഗസ്ഥർ “വണ്ടി എടുത്തുമാറ്റെടാ” എന്ന് ആക്രോശിച്ചുകൊണ്ട് അക്രമിക്കാൻ ശ്രമിച്ചുവെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. തന്നെ കഴുത്തിന് പിടിച്ചു തള്ളുകയും ശാരീരികമായും മാനസികമായും വളരെ ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നും അനൂപ് പറഞ്ഞു. കുറ്റക്കാർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.