

കൊച്ചി : പ്രേമം സിനിമയിലെ ആ പാട്ടു സീന്‍ ഓര്‍മയില്ലേ.. മുന്നിലേയ്ക്ക് മുടിയിട്ട് പാലത്തിലൂടെ നടക്കുന്ന മേരിയുടെ പിന്നാലെ നടക്കുന്ന ജോര്‍ജ്.. സിനിമ ഇറങ്ങിയപ്പോള്‍ പാട്ടിനൊപ്പം ആ പാലവും സ്ഥലവും ഹിറ്റായി. ഇപ്പോള്‍ ഈ പാലം ടൂറിസം കേന്ദ്രമാക്കാനൊരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. മന്ത്രി പി രാജീവാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്.
നാട്ടുകാര്‍ക്ക് വൈകുന്നേരങ്ങളില്‍ കുടുംബത്തോടൊപ്പം ചെലവഴിക്കാനുള്ള പാര്‍ക്കും പാലത്തിന് സമീപം ചെറിയ സംരഭങ്ങളാരംഭിച്ച് വരുമാന മാര്ഗമുണ്ടാക്കാനുള്ള സഹചര്യവും ഇതിലൂടെ ഉണ്ടാകുമെന്നും മന്ത്രി പറയുന്നു. പെരിയാര്‍വാലി അക്വാടെക് നവീകരണത്തിന് ബജറ്റ് ഫണ്ടില്‍ നിന്ന് ഒന്നരക്കോടി രൂപ അനുവദിച്ചുകൊണ്ടുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്. കളമശ്ശേരി എംഎല്‍എ പി രാജീവാണ് പദ്ധതിക്ക് മുന്‍കൈ എടുക്കുന്നത്. ഈ തുക ഉപയോഗിച്ച് പാലത്തിന്റെ കൈവരികള്‍, അറ്റകുറ്റപ്പണികള്‍ നടത്തി പെയിന്റടിച്ച് വൃത്തിയാക്കും. ടൈല്‍ വിരിച്ച് വഴിവിളക്കുകളും സ്ഥാപിക്കും. വ്യൂ പോയിന്റുകള്‍, സെല്‍ഫി പോയിന്റുകള്‍ എന്നിവ തയ്യാറാക്കും. പാലത്തിന് താഴെ പാര്‍ക്ക് ഒരുക്കും
ആലുവയില്‍ സ്ഥിതി ചെയ്യുന്ന ഈ പാലത്തിന്റെ പേര് നീര്പ്പാലമെന്നാണ്. സിനിമ ഹിറ്റായതോടെ ഈ പാലത്തില്‍ കമിതാക്കള്‍ ധാരാളമായി എത്തിത്തുടങ്ങി. ഇതോടെ പാലത്തിന് പ്രേമം പാലം എന്ന പേരും വന്നു. പിന്നീട് സാമൂഹിക വിരുദ്ധരുടേയും ലഹരിമരുന്ന് വില്‍പ്പനക്കാരുടേയും ശല്യം വര്‍ധിച്ചതിനാല്‍ ജലസേചന വകുപ്പ് പാലം അടച്ചു പൂട്ടുകയും ചെയ്തിരുന്നു.
ഭൂതത്താന്‍ കെട്ടില്‍ നിന്ന് ആലുവയില്‍ എത്തുന്ന പെരിയാര്‍വാലി കനാല്‍ വെള്ളം പറവൂരിലേയ്ക്ക് കൊണ്ടുപോകാന്‍ 45 വര്‍ഷം മുമ്പ് നിര്‍മിച്ചതാണ് ഈ നീര്‍പ്പാലം. കടുങ്ങല്ലൂര്‍ പഞ്ചായത്തിലെ ഉളിയന്നൂരില്‍ നിന്നാരംഭിച്ച് യുസി കോളജിന് സമീപം അവസാനിക്കുന്ന പാലത്തിന് 4 കിലോമീറ്റര്‍ നീളമുണ്ട്. പ്രേമം സിനിമ ഇറങ്ങുന്നതുവരെ നാട്ടുകാര്‍ക്ക് മാത്രമേ ഈ പാലത്തെക്കുറിച്ച് അറിവുണ്ടായിരുന്നുള്ളൂ. അതിന് ശേഷം പുറത്തു നിന്നുള്ളവരും വന്നു തുടങ്ങി. അതോടെ പ്രേമപ്പാലം എന്നായി പേര്.