


കൊച്ചി : തന്റെ കൈവശം അഞ്ച് ജോഡി ആനക്കൊമ്പുകളുണ്ടെന്ന വെളിപ്പെടുത്തലുമായി നടൻ മോഹൻലാൽ . വനംവകുപ്പ് പ്രഖ്യാപിച്ച ഒറ്റത്തവണ പരാതി തീർപ്പാക്കൽ (പൊതുമാപ്പ്) പദ്ധതി പ്രകാരമാണ് കൂടുതൽ ആനക്കൊമ്പുകൾ കൈവശമുള്ള വിവരം താരം വെളിപ്പെടുത്തിയത്. പുതിയതായി വെളിപ്പെടുത്തിയ മൂന്ന് ജോഡി ആനക്കൊമ്പുകളുടെ വിവരങ്ങളും രേഖകളും ഹാജരാക്കാൻ മലയാറ്റൂർ ഡിഎഫ്ഒ പി കാർത്തിക് താരത്തിന് നിർദ്ദേശം നൽകി. നേരത്തെ രണ്ട് ജോഡി ആനക്കൊമ്പുകൾ കൈവശം വെച്ചതുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് കൂടുതൽ വെളിപ്പെടുത്തലുമായി മോഹൻലാൽ രംഗത്തെത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
കേസുമായി ബന്ധപ്പെട്ട് മുൻപ് വലിയ നിയമനടപടികൾ നടന്നിരുന്നു. സംസ്ഥാന സർക്കാർ 2015-ലും 2016-ലും മോഹൻലാലിന് ആനക്കൊമ്പുകൾ കൈവശം വെക്കാൻ അനുമതി നൽകി ഉത്തരവിറക്കുകയും തുടർന്ന് വനംവകുപ്പ് ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തിരുന്നു. എന്നാൽ ഇതിലെ നിയമപരമായ പിഴവുകൾ ചൂണ്ടിക്കാട്ടി ഹൈക്കോടതി ഈ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് പൂർണ്ണമായി റദ്ദാക്കുകയായിരുന്നു. ഇതുസംബന്ധിച്ച നിയമപോരാട്ടം തുടരുന്നതിനിടയിലാണ് വനംവകുപ്പിന്റെ പുതിയ പൊതുമാപ്പ് പദ്ധതി പ്രയോജനപ്പെടുത്തി താരം കൂടുതൽ ആനക്കൊമ്പുകളുടെ വിവരങ്ങൾ വെളിപ്പെടുത്തിയത്.
തന്റെ പക്കലുള്ള ആനക്കൊമ്പുകളും ഇവയ്ക്ക് പുറമെ ആനക്കൊമ്പിൽ തീർത്ത 13 ശിൽപങ്ങളും സമ്മാനമായി ലഭിച്ചതാണെന്നാണ് വനംവകുപ്പിന് നടൻ നൽകിയ പ്രാഥമിക വിശദീകരണം. എന്നാൽ വന്യജീവി സംരക്ഷണ നിയമപ്രകാരം ആനക്കൊമ്പുകൾ പാരമ്പര്യമായി കൃത്യമായ രേഖകളുടെ അടിസ്ഥാനത്തിൽ കൈമാറി സൂക്ഷിക്കുകയല്ലാതെ, സമ്മാനമായി സ്വീകരിക്കുന്നത് ഗുരുതരമായ നിയമലംഘനമാണ്. അതിനാൽ തന്നെ താരത്തിന്റെ ഈ വിശദീകരണം നിയമപരമായി നിലനിൽക്കില്ലെന്നാണ് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്.